അധികമാരും ശ്രദ്ധിക്കാതെ പോകുന്ന വിഭാഗമാണ് കലാകാരന്മാർ: അവരെ കേൾക്കാൻ ഈ സർക്കാർ തയാറാകുന്നു: തരുൺ മൂർത്തി

തൃശൂർ : അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന കലാകാരൻമാർ എന്ന വിഭാഗത്തെ കേൾക്കാൻ ഈ സർക്കാർ തയാറാകുന്നുവെന്ന് സംവിധായകൻ തരുൺ മൂർത്തി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെ കലാ- സാംസ്‌കാരിക പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന പരിപാടി ‘പരസ്‌പരം’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരുൺ.
ജനങ്ങളുമായി അടുത്തിടപഴകുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുക എന്നത് വലിയ കാര്യമാണ്. പലപ്പോഴും ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന വിഭാഗമാണ് കലാകാരൻമാർ. ആ ഒരു വിഭാഗത്തിനെ കേൾക്കാൻ സർക്കാർ തയാറാകുന്നത് വലിയ കാര്യമാണെന്ന് തരുൺ മൂർത്തി പറഞ്ഞു. പങ്കെടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. ഇത്രയും കലാകാരൻമാർക്ക് മുഖ്യമന്ത്രിയുമായി അടുത്ത് ഇടപഴകാനും സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ പറയുവാനും കേൾക്കുവാനുമുള്ള സാഹചര്യം ഒരു സർക്കാർ ഒരുക്കുക എന്നുള്ളത് വലിയ കാര്യമാണ്. ഒരു കലാകാരൻ എന്ന നിലയിൽ ഈ പരിപാടിക്ക് പരസ്പരം എന്ന പേര് നൽകിയതുൾപ്പെടെ വളരെ വലിയ കാര്യമായാണ് കരുതുന്നതെന്നും തരുൺ മൂർത്തി പറഞ്ഞു.
നവകേരള സദസ്, മുഖാമുഖം പരിപാടികളുടെ തുടർച്ചയായി നടത്തിയ പരസ്‌പരം തൃശൂർ ലുലു കൺവൻഷൻ സെന്ററിലാണ് നടന്നത്. കേരളത്തെ ഒരു വികസിതസമൂഹമാക്കി വളർത്താനും പിന്തിരിപ്പൻ ആശയങ്ങളെ ചെറുത്ത്, മാനവികതയുടെ വിശാല താൽപ്പര്യങ്ങൾക്ക് ഇടമുള്ള പരിഷ്കൃതസമൂഹമായി തുടരാനും സാധ്യമാക്കുന്നതിനുള്ള മുന്നൊരുക്കമാണ് പരിപാടി. തിയറ്ററിൽ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം തുടരുമാണ് തരുൺ മൂർത്തിയുടേതായി അവസാനമായി പുറത്തിറങ്ങിയത്. പ്രേക്ഷക ശ്രദ്ധ നേടിയ ഓപ്പറേഷൻ ജാവ, ദേശീയ പുരസ്കാരം നേടിയ സൗദി വെള്ളക്ക എന്നിവയാണ് തരുണിന്റെ മറ്റ് ചിത്രങ്ങൾ.









0 comments