എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ: മോഹൻലാൽ

mohanlal
വെബ് ഡെസ്ക്

Published on Sep 23, 2025, 06:02 PM | 1 min read

ഒരു നടൻ എന്ന നിലയിൽ ഈ പുരസ്കാരം സിനിമയോടുള്ള എന്റെ പ്രതിബദ്ധതയെ ആഴത്തിലുള്ളതാക്കുന്നു. സത്യസന്ധമായും തീവ്രമായ ആ​ഗ്രഹത്തോടെയും ഈ യാത്ര തുടരും. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ- മോഹൻലാൽ


ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹൻലാൽ. പുരസ്കാരം സിനിമയിലെ മഹാരഥന്മാർക്കും മലയാളികൾക്കും മലയാള സിനിമയ്ക്കും സമർപ്പിക്കുന്നതായി മോഹൻലാൽ പറഞ്ഞു. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


"മലയാള സിനിമയുടെ പ്രതിനിധി എന്ന നിലയിൽ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിലും ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ അവാർഡ് എനിക്ക് മാത്രമുള്ളതല്ല, മലയാള സിനിമ കൂട്ടായ്മയ്ക്കുള്ളതാണ്. മലയാള സിനിമ വ്യവസായത്തിന്റെ പാരമ്പര്യത്തിനും ക്രിയാത്മകതയ്ക്കുമുള്ള സമർപ്പണമായാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.


പുരസ്കാര വിവരം കേന്ദ്രത്തിൽ നിന്ന് അറിയിച്ചപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു. എന്നാൽ അത് അം​ഗീകാരം ലഭിച്ചതുകൊണ്ട് മാത്രമല്ല, മലയാള സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരത്തിന് എന്നെ തിരഞ്ഞെടുത്തത് കൊണ്ടാണ്. മഹത്തായ ചിന്തകൾക്കൊണ്ടും കലകൊണ്ടും മലയാള സിനിമയെ കെട്ടിപ്പടുത്ത എല്ലാവർക്കും വേണ്ടി ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് എന്റെ നിയോ​ഗമായി കരുതുന്നു.


ഞാൻ എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഈ നിമിഷത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇത് സ്വപ്നതുല്യം മാത്രമല്ല, ഇത് വിസ്മയമാണ്. മലയാള സിനിമയിലെ മ​ഹാരഥൻമാരുടെ അനു​ഗ്രഹമായാണ് ഈ പുരസ്കാരത്തെ സ്വീകരിക്കുന്നത്. മലയാള സിനിമയ്ക്കും സ്നേഹവും കാഴ്ചപ്പാടുകളും കൊണ്ട് സിനിമയെ വളർത്തുന്ന വിവേകമുള്ള മലയാള സിനിമ പ്രേക്ഷകർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു"- മോഹൻലാൽ പറഞ്ഞു.


ചിതയിലാഴ്ന്ന് പോയതുമല്ലോ ചിരമനോഹരമായൊരു പൂവിത്- എന്ന വരികൾ ചൊല്ലി, സിനിമയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും വരും തലമുറയ്ക്ക് വഴികാട്ടുകയും ചെയ്ത മൺമറഞ്ഞ പ്രതിഭകൾക്കായി ഈ നിമിഷം സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അം​ഗീകാരത്തിനായി തന്നെ തിരഞ്ഞെടുത്ത പുരസ്കാര നിർണയ സമിതിക്കും സർക്കാരിനും മോഹൻലാൽ നന്ദി അറിയിച്ചു.


mohanlal font







deshabhimani section

Related News

View More
0 comments
Sort by

Home