ഭൂമിശാസ്ത്രപരമായ അതിർത്തിക്കും മനുഷ്യനിർമിത മതിലിനുമപ്പുറം മനുഷ്യരെ ചേർത്ത് വയ്ക്കുന്ന മാജിക്കാണ് സിനിമ: ടൊവിനോ

കൊച്ചി : ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കും മനുഷ്യനിർമിതമായ മതിലുകൾക്കുമപ്പുറം മനുഷ്യരെ തമ്മിൽ ചേർത്തുവയ്ക്കുന്ന മാജിക്കാണ് സിനിമയെന്ന് നടൻ ടൊവിനോ തോമസ്. ഒരു വേർതിരിവുമില്ലാതെ മനുഷ്യൻ മനുഷ്യനെ ചേർത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വർഷം നേരുന്നതായും ടൊവിനോ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തായ്‍വാനിലെ തായ്പേയിൽ 2018, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകൾ പ്രദർശിപ്പിച്ചതിനെപ്പറ്റി കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു ടൊവിനോ.
ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിൽ അജയന്റെ രണ്ടാം മോഷണം പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തായ്‍വാനിലെത്തിയത്. ഇതിനിടെ ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ എന്ന സ്ഥാപനം 2018 സിനിമ തായ്പേയിൽ പ്രദർശിപ്പിക്കുകയായിരുന്നു. സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവൻ മ്യാൻമർ ഭൂകമ്പ ബാധിതർക്ക് നൽകാൻ സംഘാടകർ തീരുമാനിച്ചതായും ടൊവിനോ കുറിപ്പിൽ പറഞ്ഞു.
ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ, ആസിഫ് അലി, ലാൽ, നരേൻ എന്നിവർ അഭിനയിച്ച ചിത്രമാണ് 2018. ജിതിൻ ലാലിന്റെ സംവിധാനത്തിൽ ടൊവിനോ മൂന്നു വേഷങ്ങളിലെത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.
ടൊവിനോയുടെ ഫേസ്ബുക്ക് കുറിപ്പ്
തായ്‌വാനിലെ തായ്പേയിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. പോയ വർഷം നിങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ARM ഇവിടെ നടക്കുന്ന ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിൽ ഇന്ന് മുതൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്.അതോടൊപ്പം ഒരുപാട് അഭിമാനവും സന്തോഷവും കൗതുകവുമുള്ള മറ്റൊരു ചടങ്ങ് കൂടി ഇന്നിവിടെ നടന്നു. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാൻ ഇവിടെ വരുന്നുണ്ടെന്നറിഞ്ഞ്, ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ എന്ന സ്ഥാപനം 2018എന്ന സിനിമയുടെ ഒരു സ്ക്രീനിംഗും തുടർന്ന് ഒരു ഓപ്പൺ ഫോറവും ഇന്ന് ഇവിടെ തായ് പേയ് ഫിലിം ഹൗസിൽ സംഘടിപ്പിക്കുകയുണ്ടായി. നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചു.
ഈ സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാർ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങളിലേയ്ക്ക് സംഭാവനയായി നൽകാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകൾക്കപ്പുറം, ആക്സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവർത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും.
സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും, ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കും മനുഷ്യനിർമിതമായ മതിലുകൾക്കുമപ്പുറം മനുഷ്യരെ തമ്മിൽ ചേർത്ത് വയ്ക്കാൻ ആ മായജാലത്തിനു കഴിയുമെന്നും, നമ്മൾ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിൻ റിയാക്ഷൻ പോലെ നന്മകളിൽ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണ്. ഒരു വേർതിരിവുമില്ലാതെ മനുഷ്യൻ മനുഷ്യനെ ചേർത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വർഷം നേർന്ന് കൊണ്ട്, എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ









0 comments