ചരിത്രം കുറിച്ച പ്രദർശന വിജയം; 'ഷോലെ'യുടെ 50 വർഷങ്ങൾ

ആര്യാ കൃഷ്ണൻ
Published on Aug 15, 2025, 01:21 PM | 3 min read
1975 ആഗസ്ത് 15. സ്വാതന്ത്ര്യ ദിനത്തിൽ രണ്ട് സുഹൃത്തുക്കളുടെ കഥയുമായി ഒരു ചിത്രം പുറത്തിറങ്ങി. ആദ്യദിവസങ്ങളിൽ സിനിമ കാണാൻ ആളുകളില്ല. സമ്പൂർണപരാജയം എന്ന് വിലയിരുത്തിയ ചിത്രം തിയറ്ററിൽ നിന്ന് പിൻവലിക്കാമെന്നു വരെ ചർച്ചകളുയർന്നു. എന്നാൽ മൂന്നാമത്തെ ആഴ്ച മുതൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. സിനിമ കാണാനായി ജനങ്ങൾ തിയറ്ററുകളിൽ ഇടിച്ചുകയറിത്തുടങ്ങി. പ്രദർശിപ്പിച്ച തിയറ്ററുകളിലെല്ലാം നിറഞ്ഞ സദസ്.
പറഞ്ഞുകേട്ട് വീണ്ടും വീണ്ടും സിനിമ കാണാനായി ജനങ്ങൾ ഒഴുകിത്തുടങ്ങി. അങ്ങനെ പരാജയമെന്ന് വിലയിരുത്തിയ ചിത്രം ബോംബെയിലെ തിയറ്ററിൽ തുടർച്ചയായ 5 വർഷം പ്രദർശിപ്പിച്ചു. സമാനതകളില്ലാത്ത ചരിത്രമാണ് 'ഷോലെ' എന്ന ഹിന്ദി ചിത്രത്തിനുള്ളത്. പുറത്തിറങ്ങി 50 വർഷം പിന്നിടുമ്പോഴും ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകളും ആദ്യം സൃഷ്ടിച്ച സിനിമയായി നിലനിൽക്കുകയാണ് ഷോലെ.
ഇന്ത്യൻ സിനിമ ചരിത്രത്തിലെ ക്ലാസിക് എന്നും ആദ്യ പാൻ ഇന്ത്യൻ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഷോലെയ്ക്ക് ഇന്ന് 50 വയസ് തികയുകയാണ്. നിർമാതാവിന്റെയും സംവിധായകന്റെയും അഭിനേതാക്കളുടെയുമെല്ലാം തലവര മാറ്റി മറിച്ച ചിത്രമായിരുന്നു ഷോലെ. 'യേ ദോസ്തി ഹം നഹീ തോടേംഗേ' എന്ന പാട്ട് പാടി ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാർ വളരെപ്പെട്ടെന്നാണ് സൂപ്പർതാര പദവിയിലേക്കുയർന്നത്. ഇന്ത്യൻ സിനിമയിലെ അതികായരായ അമിതാബ് ബച്ചന്റെയും ധർമേന്ദ്രയുടെയും കരിയറിലെ നിർണായകമെന്നു തന്നെ പറയാവുന്ന ചിത്രമായിരുന്നു ഷോലെ. ഇവർക്കു പുറമെ സഞ്ജീവ് കുമാറും ഹേമ മാലിനിയും പുതുമുഖം അംജദ് ഖാനുമെല്ലാം ഹിന്ദി സിനിമയിൽ തങ്ങളുടെ സ്ഥാനം ഷോലെയിലൂടെ ഊട്ടിയുറപ്പിച്ചു.

ചിത്രത്തിലെ ഡയലോഗുകൾ പറഞ്ഞുകൊണ്ടാണ് ജനങ്ങൾ സിനിമയ്ക്ക് പ്രശസ്തി നേടിക്കൊടുത്തത്. സോഷ്യൽ മീഡിയ എന്തെന്നുപോലുമറിയാത്ത കാലഘട്ടത്തിൽ ചിത്രത്തിലെ നായകൻമാരുടെയും പ്രതിനായകന്റെയും സംഭാഷണങ്ങൾ ജനം ഏറ്റുപറഞ്ഞു.
ഹിന്ദി സിനിമയിലെ വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു ഷോലെ. സെവൻ സമുറായ്, വൺസ് അപോൺ എ ടൈം ഇൻ ദ് വെസ്റ്റ് തുടങ്ങിയ വിദേശ ചലച്ചിത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഷോലെ നിർമിച്ചതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. സലിം ഖാൻ- ജാവേദ് അക്തർ കൂട്ടുകെട്ടിലൊരുങ്ങിയ തിരക്കഥ സംവിധാനം ചെയ്തത് രമേഷ് സിപ്പിയാണ്. രമേഷ് സിപ്പിയുടെ പിതാവ് ജി പി സിപ്പിയുടെ സിപ്പി ഫിലിംസായിരുന്നു നിർമാണം. ദ്വാർക ദിവേച കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റർ എം എസ് ഷിൻഡേയായിരുന്നു. ആർ ഡി ബർമന്റെ സംഗീതവും ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി. 204 മിനിറ്റുണ്ടായിരുന്ന ഒറിജിനൽ വേർഷൻ 198 മിനിറ്റാക്കിയാണ് തിയറ്ററുകളിലെത്തിയത്.
3 കോടി രൂപ ബഡ്ജറ്റിലാണ് ഷോലെ ഒരുക്കിയതെന്നാണ് റിപ്പോർട്ട്. 30 കോടിയോളം ബോക്സോഫീസിൽ നിന്ന് ചിത്രം നേടിയെന്നാണ് കണക്കുകൾ. ധർമേന്ദ്രയുടെ വീരുവും ആംഗ്രി യങ് മാൻ അമിതാബ് ബച്ചന്റെ ജയ്‍യും സഞ്ജീവ് കുമാറിന്റെ താക്കൂറും ഹേമമാലിനിയുടെ ബസന്തിയും ജയാ ബാദുരിയുടെ രാധയുമൊക്കെ ഇന്ത്യൻ സിനിമയിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളായി. അംജദ് ഖാൻ എന്ന പുതുമുഖം അവതരിപ്പിച്ച ഗബ്ബർ സിങ് പ്രതിനായക സങ്കൽപ്പങ്ങളെ തകർത്ത കഥാപാത്രസൃഷ്ടിയായിരുന്നു.

കഥാപരമായി മികച്ചതോ സന്ദേശം നൽകുന്നതോ ആയ സിനിമയല്ല ഷോലെ. കൃത്യമായി പറഞ്ഞാൽ ഒരു മാസ് മസാല ചിത്രം. പിന്നീടുണ്ടായ പല മാസ് ചിത്രങ്ങൾക്കും റഫറൻസ് ബുക്കായതും ഷോലെയാണ്. ഗബ്ബർ സിങ് എന്ന കൊള്ളക്കാരനെ പിടികൂടാനായി രണ്ട് ചെറുപ്പക്കാരെ അയയ്ക്കുന്ന പൊലീസുകാരനും അവർക്കിടയിലേക്ക് കടന്നുവരുന്ന പ്രണയവും മറ്റ് സംഭവങ്ങളും ചേർത്ത് നിർമിച്ച ചിത്രമാണ് ഷോലെ. രാംഗഡ് എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഷോലെ. ബംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗരയാണ് രാംഗഡിന്റെ ലൊക്കേഷനായത്.
എണ്ണം പറഞ്ഞ സൗഹൃദഗാനങ്ങളിലൊന്നായ 'യേ ദോസ്തീ' ചിത്രീകരിച്ചത് രാമനഗരയിലെ ഹൈവേയിലാണ്. ജനങ്ങൾ ഇന്നും ഏറ്റുപാടുന്ന ഗാനമാണിത്. മൾട്ടിസ്റ്റാർ ചിത്രങ്ങളെന്നത് അത്ര പരിചിതമല്ലാതെയിരുന്ന കാലത്താണ് അന്നത്തെ സൂപ്പർതാരങ്ങളെ അണിയിച്ചൊരുക്കി ഷോലെ നിർമിച്ചതെന്നും ശ്രദ്ധേയമാണ്.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്. 25 കോടി ടിക്കറ്റുകളാണ് വിറ്റത്. ബോംബെയിലെ മിനർവ തിയറ്ററിൽ തുടർച്ചയായി അഞ്ച് വർഷം (285 ആഴ്ച) ആണ് ചിത്രം പ്രദർശിപ്പിച്ചത്. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ചിത്രമെന്ന ഷോലെയുടെ റെക്കോർഡ് 2001ൽ തകർത്തത് 1995ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ദിൽവാലേ ദുൽഹനിയ ലേ ജായേംഗേയാണ്.
ത്രസിക്കുന്ന യുവത്വത്തിന്റെ ഹരമായിരുന്നു ഷോലെ. എന്നാൽ യുവത മാത്രമല്ല, കുടുംബപ്രേക്ഷകരടക്കം ചിത്രത്തെ ഏറ്റെടുത്തു. ഇന്നും പലരുടെയും ഇഷ്ട ചിത്രമാണ് ഷോലെ. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2002-ലെ സർവേയിൽ എക്കാലത്തെയും മികച്ച 10 ഇന്ത്യൻ സിനിമകളിൽ ഷോലെ ഒന്നാമതെത്തി. 2005-ൽ, 50-ാമത് ഫിലിംഫെയർ അവാർഡുകളുടെ വിധികർത്താക്കൾ ഇതിനെ 50 വർഷത്തെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. തീക്കനൽ എന്നാണ് ഷോലെ എന്ന വാക്കിന്റെ ഒരർഥം. ഇറങ്ങി അരനൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യൻ സിനിമ ചരിത്രത്തിൽ അണയാത്ത കനലായി ഷോലെ ഇന്നും നിലനിൽക്കുന്നു.









0 comments