തരംഗമായി 'ലോക'; പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ, അമുലിന്റെ പരസ്യത്തിലും 'ലോക' ട്രെൻഡ്

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് മലയാള ചിത്രം 'ലോക- ചാപ്റ്റർ വൺ ചന്ദ്ര'. സൂപ്പർ നായികയായി കല്യാണി വേഷമിട്ട ചിത്രത്തെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളും രംഗത്തെത്തി. പ്രിയങ്ക ചോപ്രയും ആലിയ ഭട്ടുമാണ് സൂപ്പർ നായിക ചിത്രത്തിന് പ്രശംസയുമായെത്തിയത്. നടി സാമന്തയും ലോകയെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർ ഹീറോ എന്നാണ് ലോകയെ പ്രിയങ്ക ചോപ്ര വിശേഷിപ്പിച്ചത്. സെപ്തംബർ നാലിന് ലോകയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തിരുന്നു. ചിത്രം തന്റെ വാച്ച്‍ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നും ലോക ടീമിന് അഭിനന്ദനങ്ങളെന്നും പ്രിയങ്ക സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോക സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹം കാണുമ്പോൾ സന്തോഷമുണ്ടെന്നുമാണ് ആലിയ ഭട്ട് കുറിച്ചത്.
ആദ്യ വനിത സൂപ്പര്‍ ഹീറോയെ സ്ക്രീനില്‍ കണ്ടപ്പോള്‍ രോമാഞ്ചമുണ്ടായി എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ദൃശ്യങ്ങളും, ശബ്ദവും, ആക്ഷനും. ഓരോ ഫ്രെയിമും ജീവനുള്ളതായി തോന്നി, ലോക എന്നെ പൂർണ്ണമായും ആകർഷിച്ചു. മനസില്‍ തങ്ങിനിന്നത് ആദ്യ വനിതാ സൂപ്പർഹീറോയെ സ്‌ക്രീനിൽ കണ്ടതാണ്- സാമന്ത കുറിച്ചു.

പ്രശസ്ത ഇന്ത്യൻ പാൽ ഉൽപാദക കമ്പനിയായ അമുലും ലോക തരംഗത്തിനൊപ്പം ചേർന്നു. ലോകയിലെ കല്യാണി പ്രിയദർശന്റെ കഥാപാത്രത്തിന്റെ കാരിക്കേച്ചർ ഉൾപ്പെട്ട പരസ്യമാണ് അമുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കേരളത്തിൽ 250 സ്‌ക്രീനിൽ റിലീസ് ചെയ്ത 'ലോക- ചാപ്റ്റർ വൺ: ചന്ദ്ര' ഇപ്പോൾ 503 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ഏഴ് ദിവസംകൊണ്ട് 101 കോടിയാണ് ചിത്രം നേടിയത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചാണ് മുന്നേറുന്നത്.

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം നിർമിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ട്രെൻഡിങ് ആയി മെഗാ വിജയത്തിലേക്കാണ് കുതിക്കുന്നത്.
ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പൻ കാമിയോ റോളുകളും സൂപ്പർ ഹിറ്റാണ്. കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് വിതരണം ചെയ്തത്.
ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റർ- ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്- റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്.









0 comments