അടുത്ത ബൾട്ടി തമിഴിൽ

അഖില ബാലകൃഷ്ണൻ
Published on Nov 02, 2025, 10:04 AM | 2 min read
ബൾട്ടി എന്നാൽ കബഡിയിൽ സമ്മർ സോൾട്ട്. എതിരാളിക്കുനേരെ ഉയർന്നുചാടി നിവർന്നുള്ള നിൽപ്പ്. മലയാളസിനിമയിൽ ഉണ്ണി ശിവലിംഗത്തിന്റെ വരവും അത്തരത്തിലൊരു ബൾട്ടിയടിയായിരുന്നു. വെല്ലുവിളികളെ തകർത്ത് ആദ്യ സിനിമതന്നെ സൂപ്പർഹിറ്റാക്കി. അച്ഛനോടൊപ്പം സിനിമാപോസ്റ്ററുകൾ പതിച്ചുനടന്ന പാലക്കാട്ടെ തിയറ്ററിൽ സ്വന്തം സിനിമയുടെ ഫസ്റ്റ് ഷോ കണ്ടു. ഇനി അടുത്ത ബൾട്ടി തമിഴിലാണ്. സൂപ്പർ താരവുമായി ചർച്ചകൾ അവസാനഘട്ടത്തിൽ നിൽക്കെ ഉണ്ണി ശിവലിംഗം സംസാരിക്കുന്നു.
മലയാളി തമിഴ് പയ്യൻ
‘മലയാളത്തിലൊരു തമിഴ് ഇടിപ്പടം’– ബൾട്ടി കണ്ടിറങ്ങിയ പ്രേക്ഷകർ അധികംപേരും പറഞ്ഞതിങ്ങനെയാണ്. പാലക്കാട് അതിർത്തിയിലെ കഥയാണ് സിനിമയിൽ. മലയാളവും തമിഴും ഇടകലർന്നുള്ള ജീവിതം എനിക്ക് അപരിചിതമല്ല. അച്ഛൻ തമിഴും അമ്മ ഒറ്റപ്പാലം സ്വദേശിയുമാണ്. ബന്ധുക്കളും കൂട്ടുകാരും അധികവും തമിഴാണ്. കബഡി കളിക്കുന്ന സുഹൃത്തുക്കളുമുണ്ട്. ബൾട്ടി എന്ന പേര് അങ്ങനെയാണ് സിനിമയ്ക്ക് വരുന്നത്. എനിക്ക് പരിചിതമായ ലോകത്തെ ആക്‌ഷൻ പടം, അതാണ് ബൾട്ടി. തമിഴ് സിനിമയോടുള്ള ആരാധനയും സ്വാധീനിച്ചിട്ടുണ്ട്.
പോസ്റ്ററിൽനിന്ന് സ്ക്രീനിലേക്ക്
ചെറുപ്പംമുതലേ തിയറ്ററിൽ സിനിമ കാണും. അച്ഛൻ തമിഴ് സിനിമകളുടെ വലിയ ആരാധകനാണ്. എല്ലാ ആഴ്‌ചയും കുടുംബത്തോടൊപ്പം ഗൗഡർ തിയറ്ററിൽ പോകുന്നത് ചെറുപ്പത്തിലെ മനോഹരമായ ഓർമകളിലൊന്നാണ്. എം ജി ആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകളുടെ വലിയ സിഡി ശേഖരം ഉണ്ടായിരുന്നു വീട്ടിൽ. പുതിയ റിലീസടുക്കുന്പോൾ സിനിമാപോസ്റ്ററുകൾ അച്ഛൻ വീട്ടിൽ കൊണ്ടുവരും. ആറു പീസുകളായുള്ള പോസ്റ്ററുകൾ ഞാനെടുത്ത് ചേർത്തുവയ്‌ക്കും. രാത്രി അച്ഛനോടൊപ്പം സൈക്കിളിലിരുന്ന് പോസ്റ്ററുകൾ ഒട്ടിക്കാൻ പോകും. ഒരിക്കൽപ്പോലും കരുതിയിരുന്നില്ല അച്ഛനോടൊപ്പം സ്വന്തം സിനിമ തിയറ്ററിൽ കാണുമെന്ന്.
തനിവഴി
ഡിഗ്രി കാലത്താണ് സിനിമയാണ് വഴിയെന്ന് തിരിച്ചറിയുന്നത്. സിനിമ ഇഷ്ടമാണെങ്കിലും മകൻ സിനിമയുടെ പിന്നാലെ പോകുന്നതിൽ വീട്ടിൽ എതിർപ്പായിരുന്നു. ആദ്യം അമ്മയോട് പറഞ്ഞെങ്കിലും പഠിത്തത്തിൽ ശ്രദ്ധിക്കാനാണ് പറഞ്ഞത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലിക്ക് കയറിയെങ്കിലും സിനിമയായിരുന്നു മനസ്സിൽ. അന്ന് അവിടെ ഓഫീസിലെ വൈഫൈയിൽ യൂട്യൂബിൽ ഇന്റർവ്യൂകളുംമറ്റും കണ്ട് സിനിമ പഠിക്കാൻ തുടങ്ങി. പിന്നീട് രാജിവച്ച് തൃശൂർ സെന്റ് തോമസ് കോളേജിൽ വിഷ്വൽ പ്രൊഡക്‌ഷനിൽ ഡിപ്ലോമ ചെയ്തു. കാമറയുടെയുംമറ്റും അടിസ്ഥാനകാര്യങ്ങൾ പഠിച്ചു. അവിടെനിന്ന് കിട്ടിയ സുഹൃത്തുക്കൾ ഇന്ന് ബൾട്ടിക്കൊപ്പവുമുണ്ട്.
ഹോംവർക്ക്
പ്രത്യേകിച്ച് സിനിമാപാരമ്പര്യമൊന്നും ഇല്ലാത്തൊരാൾക്ക് ആദ്യ സിനിമയൊരു കടമ്പയാണ്. കുറെ സിനിമകൾ കണ്ട് നന്നായി ഹോംവർക്ക് ചെയ്തിട്ടുണ്ട്. കൂട്ടുകാരുമായി ചേർന്ന് സീറോ ബജറ്റിൽ മൾട്ടൽ എന്ന ഷോർട്ട്‌ഫിലിം ചെയ്തു. കുറെ ഷോർട്ട് ഫിലിമുകൾക്കുശേഷം നന്നായി ചെയ്തത് അതാണ്. ഭാവന സ്റ്റുഡിയോയ്ക്ക് അതിന്റെ കോപ്പി അയച്ചുകൊടുത്തു. അങ്ങനെ ‘തങ്കം’ സിനിമയിൽ സഹസംവിധായകനാകാൻ അവസരം കിട്ടി. സിനിമ പഠിക്കുന്നതിന് ഇവ ഒത്തിരി സഹായിച്ചിട്ടുണ്ട്.
പ്രസന്റേഷൻ
എത്രത്തോളം നന്നായി കഥ അവതരിപ്പിക്കുന്നു എന്നതനുസരിച്ചാകും ചാൻസ്. മൂന്നുമണിക്കൂർ മുഴുവൻ നറേഷനുമായാണ് ബൾട്ടിക്കുവേണ്ടി സന്തോഷ് ടി കുരുവിളയെ കാണുന്നത്. ഷെയ്‌ൻ നിഗം ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെ എഐയുടെ സഹായത്തോടെ സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. സന്തോഷ് ടി കുരുവിളയ്ക്ക് തിരക്കഥ ഇഷ്ടപ്പെട്ടതോടെ വേറെ ആരെയും കാണേണ്ടിവന്നില്ല. നായകനായി ആദ്യം സമീപിച്ചതും ഷെയ്‌നിനെയാണ്.
ടീം വർക്ക്
സ്വന്തം ഇഷ്ടത്തിന് ടീം ഒരുക്കാനായതാണ് ബൾട്ടി കൂടുതൽ എളുപ്പമാക്കിയത്. മ്യൂസിക്, കാമറ എല്ലാം തെരഞ്ഞെടുക്കാൻ പ്രൊഡക്‌ഷൻ ടീം പൂർണ സ്വാതന്ത്ര്യം തന്നു. അതുകൊണ്ടുതന്നെ ഒറ്റ ഷെഡ്യൂളിൽ 90 ദിവസംകൊണ്ട് തീർത്ത ഇന്ത്യയിലെതന്നെ ഏക സിനിമയായി ബൾട്ടി മാറി.
തമിഴിലേക്ക്
പുതിയ സിനിമ തമിഴിലാണ്. സ്ക്രിപ്റ്റിങ് പൂർത്തിയായി. ചർച്ചകൾ നടക്കുന്നുണ്ട്. ഒരു സൂപ്പർ താരത്തിനൊപ്പം ഷൂട്ടിങ് ഉടൻ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.









0 comments