കൈയടി നേടി മികച്ച ഡോക്യുമെന്ററികൾ

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ആദ്യ ദിനത്തിൽ പ്രേക്ഷക പ്രീതി നേടി മേളയിലെ ഡോക്യുമെന്ററി വിഭാഗത്തിലെ വിവിധ ചിത്രങ്ങൾ. തികച്ചും പുതുമയാർന്നതും വൈവിധ്യമാർന്നതുമായ ഡോക്യുമെന്ററികളുടെ നിരയാണ് ഇത്തവണ വേദിയിലെത്തിയത്. കൈരളി, ശ്രീ, നിള തിയറ്ററുകളിലെ മൂന്ന് സ്ക്രീനുകളിലായി രാവിലെ 9.15നോടെ ആരംഭിച്ച പ്രദർശനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഡോക്യുമെന്ററികൾക്ക് പുറമെ വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരാർഹമായ ഹ്രസ്വചിത്രങ്ങളും കഥ-കഥേതര വിഭാഗത്തിലെ ചിത്രങ്ങളും മ്യൂസിക്, സൗൻഡ്‌സ്‌കേപ്സ് വിഭാഗത്തിലെ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
അന്താരാഷ്ട്രതലത്തിൽ ചർച്ചയായ ഇസ്രയേൽ-–പലസ്തീൻ സംഘർഷത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ‘ഇസ്‌റിയൽ ഈസ് റിയൽ നൗ', ട്രാൻസ്‍വ്യക്തിയുടെ ജീവിതയാത്രയെ വരച്ചുകാണിക്കുന്ന ‘മഞ്ജുനാഥ് ടു മഞ്ചമ്മ: ക്രോണിക്കിൾസ് ഓഫ് എ ട്രാൻസ്‌ജെൻഡർ', അരികുവൽക്കരിക്കപ്പെട്ട സ്ത്രീ കർഷകരുടെ നിശ്ശബ്ദ വിപ്ലവത്തിന്റെ കഥയായ 'വൺ സീഡ് അറ്റ് എ ടൈം', ആത്മസംഘർഷങ്ങൾക്കിടയിലും കലയോടുള്ള തന്റെ അഭിനിവേശം പിന്തുടരുന്ന സുഹാഷ്യയുടെ ‘അയാം ജസ്റ്റ് എ ഫിലിം സ്റ്റുഡന്റ്', കർണാടകയിൽ ജനാധിപത്യം പ്രവർത്തിക്കുന്നതെങ്ങനെയെന്ന ആഴത്തിലുള്ള നേർക്കാഴ്ചയൊരുക്കിയ ‘സംഗമ', ‘ഇൻ ദി ഷാഡോ ഓഫ് മിസ്റ്റർ അംബേദ്‌കർ' തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളുണ്ടായി. സമകാലിക മനുഷ്യജീവിതത്തിലെ അനുഭവങ്ങളെയും വ്യത്യസ്ത സാമൂഹികതലങ്ങളിലെ അവസ്ഥകളെയും ദൃശ്യവൽകരിക്കുകയായിരുന്നു മേളയിലെ ഓരോ ചിത്രങ്ങളും.









0 comments