സിനിമാ ഷൂട്ടിങ്ങിനിടയിൽ നടൻ ജോജു ജോർജിന് പരിക്ക്

മൂന്നാർ: സിനിമയുടെ ഷൂട്ടിങിനിടെയുണ്ടായ അപകടത്തിൽ നടൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരിക്കേറ്റു. വൈകിട്ട് മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ജോജു അടക്കം ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഷാജി കൈലാസ് ചിത്രം വരവിന്റെ ചിത്രീകരണത്തിനിടെ ജോജു ഓടിച്ചിരുന്ന ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.
ജോജു ജോർജിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ജോണറിലാണ് ഷാജി കൈലാസ് ‘വരവ്’ ഒരുക്കുന്നത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തിൽ എത്തുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ജോമി ജോസഫ് ആണ്.
അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ , കോട്ടയം രമേഷ്, ബാലാജി ശർമ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. എ കെ സാജനാണ് തിരക്കഥ. ഛായാഗ്രഹണം എസ് ശരവണൻ. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ സമീര സനീഷ്. ചീഫ് അസോ. ഡയറക്ടർ സ്യമന്തക് പ്രദീപ്. പ്രൊഡക്‌ഷൻ മാനേജേർസ് ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ. പ്രൊഡക്‌ഷൻ കൺട്രോളർ വിനോദ് മംഗലത്ത്.









0 comments