നിർമാതാവിനെ ചെരുപ്പൂരി തല്ലി നടി– വീഡിയോ

മുംബൈ: സിനിമയുടെ സ്‌പെഷ്യൽ ഷോയ്‌ക്കിടെ നിർമാതാവിനെ ചെരുപ്പൂരി അടിച്ച് നടി. ‘സോ ലോങ്ങ് വാലി’ എന്ന സിനിമയുടെ ഷോയ്‌ക്കിടെയാണ് നടി രുചി ഗുജ്ജാർ ചിത്രത്തിന്റെ നിർമാതാവിനെ ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
25 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് നടി നിർമാതാവായ കരൺ സിങ് ചൗഹാനെ ചെരുപ്പ് ഉപയോഗിച്ച് തല്ലിയത്. വീഡിയോയിൽ രുചി ദേഷ്യം പിടിച്ച് ബഹളം വയ്‌ക്കുന്നതും ശേഷം ചെരുപ്പൂരി നിർമാതാവിനെ തല്ലുന്നതും കാണാം.
നിർമാതാക്കൾക്കെതിരെ പ്രതിഷേധിക്കുന്നതിന് വേണ്ടി നടി ആളുകളെയും കൂട്ടി തീയറ്ററിൽ വരികയായിരുന്നു. നിർമാതക്കളുടെ ചിത്രം കഴുതപ്പുറത്ത് ഇരിക്കുന്നത് പോലെ എഡിറ്റ് ചെയ്ത പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധത്തിനിടെയാണ് നിർമാതാക്കളും രുചിയും തമ്മിൽ വാക്കേറ്റമുണ്ടാവുന്നത്.
ഒരുമിച്ച് സീരിയൽ നിർമിക്കാം എന്ന് പറഞ്ഞ് ചൗഹാൻ തന്നിൽ നിന്ന് പണം പല തവണയായി വാങ്ങി എന്നാണ് രുചി ഗജ്ജാറിന്റെ വാദം. പണം തിരികെ ചോദിച്ചപ്പോൾ ചൗഹാൻ പല കള്ളങ്ങൾ പറഞ്ഞതായും രുചി പറയുന്നു. രുചി നൽകിയ പണം ഉപയോഗിച്ചാണ് കരൺ സിങ് ചൗഹാൻ ‘സോ ലോങ്ങ് വാലി’ എന്ന ചിത്രം നിർമിച്ചതെന്നും ആഷേപമുണ്ട്. അതുകൊണ്ടുകൂടിയാണ് രുചി സോ ലോങ് വാലിയുടെ സ്‌പെഷ്യൽ ഷോയ്‌ക്കിടെ പ്രതിഷേധവുമായി എത്തിയത്.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ പുറത്ത് കരൺ സിങ് ചൗഹാനെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം 318(4), 352, 351(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.








0 comments