യേ ദോസ്തീ; ഷോലെയ്ക്ക് 50 വയസ്

ജയ്സൺ ടി ജോൺ
Published on Jul 27, 2025, 11:11 AM | 3 min read
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഇന്ത്യൻ ജനതയ്ക്ക് ഇത്തിരിവെട്ടം പകരാൻ വെള്ളിത്തിരയിൽ ചിതറിവീണ ചില കനൽത്തരികൾക്കും കഴിഞ്ഞു, പ്രേക്ഷകരും ചരിത്രവും ആ ദൃശ്യാനുഭവത്തെ "ഷോലെ' എന്നു വിളിച്ചു. നായകൻ ധർമേന്ദ്രയുടെ വാക്കുകളിൽ ലോകത്തെ എട്ടാം അത്ഭുതം. ആദ്യ പ്രദർശനത്തിന്റെ സുവർണജൂബിലി ആഘോഷിക്കാനൊരുങ്ങുമ്പോഴും ഇന്ത്യൻ സിനിമയിൽ "ഷോലെ' സ്ഥാനമുറപ്പിച്ച സിംഹാസനം ചോദ്യം ചെയ്യപ്പെടാതെ ശേഷിക്കുന്നു. അഞ്ചുവർഷം തുടർച്ചയായി നിറഞ്ഞ സദസ്സിൽ ദിവസേന മൂന്ന് ഷോ വീതം പ്രദർശിപ്പിച്ച ഏക ചലച്ചിത്രമെന്ന ലോക റെക്കോഡ് ഷോലെയ്‌ക്കാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ചലച്ചിത്രമെന്ന് ബിബിസി ഇന്ത്യ തെരഞ്ഞെടുത്ത സിനിമ, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പത്ത് ഇന്ത്യൻ സിനിമകളിൽ ഒന്നാം സ്ഥാനം. നേട്ടങ്ങളുടെ മങ്ങാത്ത തിളക്കത്തിലും ചിത്രവും സ്രഷ്ടാക്കളും നേരിട്ട രാഷ്ട്രീയവും സാമൂഹ്യവുമായ പീഡനവും പ്രതിസന്ധികളും ഈ സിനിമയെ സമാനതകളില്ലാത്ത അഭ്രകാവ്യമായി വാഴ്ത്താനും പര്യാപ്തമായി. ഫാസിസ്റ്റ് പ്രവണത കാട്ടുന്ന ഏകാധിപത്യ ഭരണത്തിനു കീഴിൽ ഒരു ഉദാത്ത സർഗസൃഷ്ടി നേരിടുന്ന എല്ലാ വെല്ലുവിളികളും ഈ ചിത്രത്തിനും അഭിമുഖീകരിക്കേണ്ടിവന്നു. അപരിചിതമായ കഥാപശ്ചാത്തലവും അതുവരെ ശീലിക്കാത്ത സിനിമാ സംസ്കാരവുംകൂടിയാണ് ചിത്രം കൈമാറിയത്.
യാഥാസ്ഥിതികരുടെ നെറ്റി ചുളിഞ്ഞു
സ്രോതസ്സുകൾ നിലച്ച് വിവർണമായ അന്നത്തെ മാധ്യമങ്ങൾക്കിടയിൽ "സ്വകാര്യ നീതി' എന്ന പുതിയ സന്ദേശവുമായി ജനത്തെ ആകർഷിക്കാനും സംവദിക്കാനും ചിത്രത്തിനു കഴിഞ്ഞു. കുടുംബത്തെ ഇല്ലാതാക്കിയ, തന്നെ അംഗപരിമിതനാക്കിത്തീർത്ത കൊടും ക്രിമിനലിനെ തളയ്ക്കാൻ നിയമസംവിധാനത്തിനു കഴിയാതെ വന്നപ്പോൾ പരിചയമുള്ള ക്രിമിനലുകളുടെ സഹായത്താൽ ആ വില്ലനെയും സംഘത്തെയും ഇല്ലായ്മ ചെയ്യുന്ന പൊലീസ് ഓഫീസറാണ് മുഖ്യകഥാപാത്രം. സലിംഖാനും ജാവേദ് അക്തറും ചേർന്ന് രചന പൂർത്തിയാക്കിയപ്പോൾത്തന്നെ, മാറ്റത്തിനു വഴങ്ങാത്ത യാഥാസ്ഥിതിക ലോബികൾ ചുളിഞ്ഞ നെറ്റിയുമായി തലയുയർത്തി.
പോസ്റ്റ് പ്രൊഡക്‌ഷനുശേഷം സിനിമ സെൻസറിങ്ങിന് തയ്യാറായപ്പോഴേക്കും ഇന്ത്യയിൽ അടിയന്തരാവസ്ഥ. നിലവിലെ നിയമസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ നീതി ലഭിക്കാൻ ക്രിമിനലുകളെ ആശ്രയിക്കുന്ന കഥ എവിടെയൊക്കെയോ ചോദ്യമുനകളായി. അമിത വയലൻസ് എന്ന കാരണം പറഞ്ഞ് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു. മൂന്നു വർഷം സമയമെടുത്ത്, അന്ന് മൂന്ന് കോടി രൂപ മുടക്കി പൂർത്തീകരിച്ച ചിത്രം അനിശ്ചിതത്വത്തിലായി. വാർത്താവിനിമയ മന്ത്രിയായ വിദ്യാചരൺ ശുക്ലയുമായി അടുത്ത സൗഹൃദമുള്ള ഹിന്ദി നടൻ മനോജ്കുമാർ ഇതിനിടെ മധ്യസ്ഥനായെത്തി. ക്ലൈമാക്സിൽ മാറ്റം വരുത്തിയാൽ നിരോധനം പുനഃപരിശോധിക്കാമെന്ന ഘട്ടംവരെയായി.
വില്ലനെ കൊലപ്പെടുത്താതെ, അയാളെ പൊലീസിനെ ഏൽപ്പിക്കുന്ന കണ്ടുമടുത്ത രീതിയിൽ അവസാന സീൻ മാറ്റിയെഴുതാൻ നിർമാതാവ് ജി പി സിപ്പിയും മകനും സംവിധായകനുമായ രമേഷ് സിപ്പിയും സമ്മതം മൂളി. ചിത്രത്തിന്റെ ശീർഷക സംഗീതപ്രകാശന ചടങ്ങിൽ പ്രധാനമന്ത്രിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിയെ മുഖ്യാതിഥിയുമാക്കി. ക്ലൈമാക്സ് അലങ്കോലപ്പെടുത്തി ചലച്ചിത്രത്തെ ബോക്സ് ഓഫീസ് പരാജയമെന്ന സ്വാഭാവിക മരണത്തിനു വിട്ടുകൊടുക്കാൻ വാർത്താവിതരണ മന്ത്രാലയത്തിലെ കുബുദ്ധികൾ മെനഞ്ഞ തന്ത്രമാണിതെന്ന് അടക്കം പറച്ചിലുയർന്നു. നിശിത വിമർശമുയർത്തി ചിത്രത്തെ കൊട്ടകകളിൽനിന്ന് കെട്ടുകെട്ടിക്കാൻ സർക്കാർ വക വ്യാജ നിരൂപകരെയും ചട്ടം കെട്ടി.
ഒഴുക്കുതുടങ്ങിയ ഞായറാഴ്‌ച
അടിയന്തരാവസ്ഥ അമ്പതു ദിവസം പിന്നിട്ട ഘട്ടത്തിൽ, 1975ലെ സ്വാതന്ത്ര്യദിനത്തിൽ ഷോലെ പ്രദർശനത്തിനെത്തി. കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതെ റിലീസ് ദിനം. ഇതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി മുജീബ് ഉർറഹ്മാനും കുടുംബവും കൊലചെയ്യപ്പെട്ടെന്ന വാർത്ത അലയടിച്ചു. പിറ്റേന്ന് ശനിയാഴ്ചതന്നെ നെഗറ്റീവ് റിവ്യൂകൾ തലങ്ങും വിലങ്ങും പാഞ്ഞു. മൂന്നു കോടി രൂപ മുടക്കി വരുത്തിയ ഈ നഷ്ടം, ഇന്ത്യൻ സിനിമയുടെ അന്ത്യമെന്ന് പടച്ചുവിടാനും വിളിച്ചുകൂവാനും ആളുണ്ടായി. ഇതിനിടെ അധികാരികളുടെ ഭാഗത്തുനിന്ന് വീണ്ടും സമ്മർദം. സെക്കൻഡ് ഷോ രാത്രി 12നു മുമ്പ് അവസാനിപ്പിക്കണം. അങ്ങനെയെങ്കിൽ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് രാവിലെ ഒമ്പതിനെങ്കിലും ആദ്യപ്രദർശനം തുടങ്ങണം. നിർമാതാവും വിതരണക്കാരനുമായ ജി പി സിപ്പി അതിനും വഴങ്ങി. ഞായർ പകലിലും കാര്യങ്ങൾ അനുകൂലമായില്ല. എന്നാൽ, വൈകിട്ടോടെ പ്രദർശന കേന്ദ്രങ്ങൾ സജീവമായി. കേവലം വാമൊഴി പരസ്യം മാത്രമായിരുന്നില്ല. ചിത്രത്തിലെ ഡയലോഗുകളുടെ അകമ്പടിയോടെയായിരുന്നു പ്രേക്ഷകർ സ്വയമേറ്റെടുത്ത പ്രചാരണം.
നിർത്താതെ ഓടിയ അഞ്ചാണ്ട്
തിങ്കളാഴ്‌ച തുടങ്ങിയ ജനപ്രവാഹം പിന്നെ വരിനിന്നത് ചരിത്രത്തിലേക്ക്. അഭിനേതാക്കളായ സഞ്ജീവ് കുമാർ, ധർമേന്ദ്ര, ഹേമ മാലിനി, അമിതാഭ് ബച്ചൻ, പുതുമുഖം അംജദ് ഖാൻ തുടങ്ങിയവർ ഹിന്ദി സിനിമയിൽ തങ്ങളുടെ സ്ഥാനങ്ങൾ അരക്കിട്ടുറപ്പിച്ചു. പ്രതിനായക സങ്കൽപ്പങ്ങൾ തകർത്ത വില്ലനെ ജനം നെഞ്ചിലേറ്റി. സമൂഹമാധ്യമങ്ങൾ എന്തെന്നുപോലും അറിയാത്ത കാലത്ത് “ജോ ഡർ ഗയാ, സംഝോ മർ ഗയാ’’ തുടങ്ങിയ സംഭാഷണ ശകലങ്ങൾ സ്കൂൾ കുട്ടികൾപോലും ഏറ്റുപറഞ്ഞു. ബോംബെയിലെ മിനർവ തിയറ്ററിൽ ദിവസേന മൂന്ന് പ്രദർശനങ്ങളിലായി ചിത്രം നിറഞ്ഞാടിയത് തുടർച്ചയായ അഞ്ചുവർഷമാണ്. രാജ്യത്തെ അറുപതിലധികം കേന്ദ്രങ്ങളിൽ ഒരു വർഷത്തിലധികം ഹൗസ് ഫുള്ളായി പ്രദർശിപ്പിച്ചു. ആഗോളതലത്തിൽ 163 കോടി രൂപയാണ് മൊത്തം കലക്‌ഷൻ. സെവൻ സമുറായ്, വൺസ് അപോൺ എ ടൈം ഇൻ ദ വെസ്റ്റ് തുടങ്ങിയ വിദേശ ചലച്ചിത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യൻ സിനിമയിലും പരീക്ഷണത്തിന് സിപ്പി ഫിലിംസ് തയ്യാറായത്. നാലുവരി മാത്രമുള്ള "ലോഗ് ലൈനുമായാണ്' തിരക്കഥാകൃത്തുക്കളായ സലിംഖാൻ, ജാവേദ് അക്തർ ദ്വയം ജിപി സിപ്പിയെ കണ്ടത്. പാശ്ചാത്യ കൗബോയ് ചിത്രങ്ങളുടെ പശ്ചാത്തലം ഇന്ത്യൻ മണ്ണിൽ പുനരവതരിപ്പിക്കാൻ ഈ കഥാതന്തു പ്രയോജനപ്പെടുമെന്ന് ബോധ്യമായതോടെ, ഇഴയടുപ്പമുള്ള തിരക്കഥയും ഈടുറ്റ സംഭാഷണങ്ങളും പിറന്നു.
ചിത്രം തകർത്തോടുമ്പോഴും അധികാര കേന്ദ്രങ്ങളിൽനിന്നുള്ള പ്രതിസന്ധികൾ വിട്ടുമാറിയിരുന്നില്ല. യൂത്ത് കോൺഗ്രസിന്റെ ചടങ്ങിനുവേണ്ടി സൗജന്യമായി പാടാൻ വിസമ്മതിച്ച അനുഗൃഹീത ഗായകൻ കിഷോർ കുമാറിന്റെ പാട്ടുകൾ ഇന്ദിര സർക്കാർ രാജ്യത്ത് നിരോധിച്ചത് ചിത്രത്തിനും തിരിച്ചടിയായി. "യേ ദോസ്തി' ഉൾപ്പെടെയുള്ള സർവകാല ഹിറ്റുകൾ കേൾക്കാൻ ശ്രോതാക്കൾക്ക് സിലോൺ റേഡിയോയെ ആശ്രയിക്കേണ്ടിവന്നു. ഹോളിവുഡിലെ ഇറ്റാലിയൻ സംവിധായകർ ഒരുക്കുന്ന “സ്പഗറ്റി’’ ശൈലിയുടെ പകർപ്പായിരുന്നു ഷോലെ എന്ന് വിമർശിച്ചവരുണ്ട്. കഴിഞ്ഞ ജൂണിൽ സാക്ഷാൽ ഇറ്റലിയിലെ ബോളോഞ്ഞയിൽ 4000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള പിയാസ് മാഗിയോർ ചത്വരത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ഹൈഡനീഷ്യൻ പ്രദർശനം കാണാനെത്തിയതോ അയ്യായിരത്തോളം പ്രേക്ഷകരും.









0 comments