ആ 'തിര'യിലെ ഈ 'കരം'

vineeth
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Sep 28, 2025, 12:00 AM | 4 min read

2013 നവംബറിലാണ് വിനീത് ശ്രീനിവാസൻ ‘തിര’ എന്ന ആദ്യ ത്രില്ലർ സിനിമയെടുക്കുന്നത്. അത്‌ വിനീതിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായിരുന്നു. പിന്നീട് പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കുമൊക്കെ പ്രാധാന്യം നൽകുന്ന മൂന്ന് സിനിമകൾകൂടി. ഫീൽഗുഡ് പടങ്ങളുടെ തിരയിൽനിന്ന് ത്രില്ലറുകളുടെ കരത്തിലേക്കു മടങ്ങിയെത്താൻ വിനീതിനായി കാലം കാത്തുവച്ചത് 12 വർഷങ്ങൾ.


​‘ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ എന്നീ സിനിമകൾക്കുശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ‘കരം’. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് നിർമാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്കുശേഷമാണ് വിനീത് വീണ്ടും നിർമാതാവിന്റെ കുപ്പായമണിയുന്നത്. ​കരം സിനിമയുടെ വിശേഷങ്ങൾ വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ദേശാഭിമാനിയോട്‌ പങ്കുവയ്‌ക്കുന്നു.


vineeth


മനസ് തുറന്ന് വിശാഖ് സുബ്രഹ്മണ്യം


​പുതിയ സിനിമ, മാറ്റം


​​കരം ഒരു ത്രില്ലർ ചിത്രമാണ്. നോബിൾ ബാബു തോമസാണ് നായകനായെത്തുന്നത്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി വാരിയർ, ജോണി ആന്റണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപതുവർഷം തികയുന്ന സമയത്താണ് കരം പുറത്തിറങ്ങുന്നത്‌. ​2021ൽ ആണ് നോബിൾ കരത്തിന്റെ കഥയെഴുതുന്നത്. 2023ൽ നോബിൾ വിനീതിനെ കഥ കേൾപ്പിക്കാനായി വന്നു. കഥ കേട്ടപ്പോൾ വിനീത് ചോദിച്ചു, ‘ഇത് കഴിഞ്ഞ് നമുക്ക് ഒരുമിച്ച് മൂന്നാമത്തെ പടം ചെയ്താലോ?’. എനിക്കും അത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. നായകൻ നോബിൾ തന്നെ മതിയെന്ന് വിനീത് പറഞ്ഞു. എനിക്കും അതിൽ വിശ്വാസമുണ്ടായിരുന്നു. ​മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം നിവിൻ പോളിയുടെയും അജു വർഗീസിന്റെയും ആദ്യ ചിത്രമായിരുന്നു. തിരയിലൂടെ ധ്യാനിനെയും ഹൃദയത്തിലൂടെ പ്രണവിനെയും മലയാള സിനിമയിൽ അവതരിപ്പിച്ചു. പുതിയ ആളുകളെ വച്ച് മാത്രമേ വിനീത് സിനിമ ചെയ്തിട്ടുള്ളു.


​ലൊക്കേഷൻ ഹണ്ട്


​2024 മെയ്‌ മുതൽ ലൊക്കേഷൻ തേടി യാത്ര ആരംഭിച്ചു. വിദേശത്ത്‌ നാലഞ്ച് തവണ യാത്ര ചെയ്തു. പിന്നീടാണ് ജോർജിയയിൽ ഷൂട്ട്‌ ചെയ്യാൻ തീരുമാനിക്കുന്നത്. അസർബൈജാന്റെ അതിർത്തികളിൽ ചില സീനുകൾ ചിത്രീകരിച്ചു. ഭൂപ്രദേശം മാറിയാൽ സിനിമയെ അത് ബാധിക്കുമെന്നതിനാൽ 95 ശതമാനവും വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസം വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിലും ഒരു ദിവസം കൊച്ചിയിലുമായാണ് ചിത്രീകരണം നടന്നത്. സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾക്കാണ് ഏറ്റവും അധികം സമയം വേണ്ടിവന്നത്. ഒരു വർഷമെടുത്താണ് സിനിമയുടെ ആദ്യ ജോലികൾ പൂർത്തിയാക്കിയത്. എപ്പോഴും ഓട്ടപ്പാച്ചിലായിരുന്നു. വിദേശ രാജ്യങ്ങളിൽ ആയതുകൊണ്ട് വലിയ ബജറ്റ് വേണ്ടിവന്നു. അവിടുത്തെ നിയമങ്ങൾക്കും രീതികൾക്കും അനുസരിച്ച് ചാർട്ട് ചെയ്തതുപോലെ തന്നെ ചിത്രീകരണം പൂർത്തിയാക്കുക എന്നതായിരുന്നു വെല്ലുവിളി. ലൊക്കേഷനുകളിലേക്കുള്ള യാത്രയും ഓരോ സീനുകളിലേക്കുള്ള പ്ലാനിങ്ങും എല്ലാം തന്നെ വലിയ ടാസ്ക് ആയിരുന്നു. അത് ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതിൽ വലിയ സന്തോഷമുണ്ട്.


​ക്വാളിറ്റി സിനിമ


​സിനിമയിൽ അധികം പരിചിത മുഖങ്ങൾ ഇല്ലാത്തതുകൊണ്ട് തീർച്ചയായും സിനിമയിലാണ് നിക്ഷേപം നടത്തേണ്ടതെന്നു വിനീതിന്‌ നിർബന്ധമായിരുന്നു. ഗ്രാഫിക്സ് ഒഴിവാക്കി യഥാർഥ ലോക്കേഷനുകളിൽ പോയി ഷൂട്ട്‌ ചെയ്യണം എന്ന് തീരുമാനിച്ചതും അതുകൊണ്ടാണ്. മലയാളത്തിലെ പ്രഗത്ഭരായ അണിയറ പ്രവർത്തകരെ ആദ്യം തന്നെ സിനിമയുടെ ഭാഗമാക്കി. അധികം കഥാപാത്രങ്ങളും വിദേശീയരാണ്. അവരിൽ ഒരു പരിചിതമുഖം വേണം എന്ന ചിന്തയിലാണ് ആശാൻ സിനിമയിലേക്ക് എത്തുന്നത്. അത്രയും പരിചിതമായ ഒരു വിദേശ താരം മുന്നിലില്ലായിരുന്നു. നോബിളിന്റെ സഹോദരനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചായ ഇവാൻ വുകോമനോവിച്ചിന്റെ പേര് നിർദേശിക്കുന്നത്. വിനീത് അദ്ദേഹത്തെ ബന്ധപ്പെടുകയും സ്ക്രീൻ ടെസ്റ്റ്‌ നടത്തുകയും ചെയ്തു. ആദ്യത്തെ ടെസ്റ്റിൽ തന്നെ ആ കഥാപാത്രം അദ്ദേഹമായിരിക്കുമെന്ന് ഉറപ്പിച്ചു. സെറ്റിലും വളരെ പോസിറ്റീവായ ഒരു മനുഷ്യനാണ്. എന്ത് കാര്യം ചെയ്യാനും തയ്യാറായ ഒരാളാണ് ‘ആശാൻ'.


​അഞ്ച് വർഷം, മൂന്ന് സിനിമ


ഒരു ത്രില്ലർ സിനിമ ആയതുകൊണ്ട് സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും അത്രമേൽ പ്രാധാന്യമുണ്ട്. ജോമോനും ഷാൻ റഹ്മാനും വിനീതും ‘ജേക്കബിന്റെ സ്വർഗരാജ്യം' എന്ന ചിത്രത്തിനു ശേഷമാണ്‌ വീണ്ടും ഒന്നിക്കുന്നത്. അഞ്ചുവർഷമായി ഞാൻ വിനീതിനൊപ്പമുണ്ട്. ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ സിനിമകൾ ഒരുമിച്ച് ചെയ്യാൻ കഴിഞ്ഞു. ലവ് ആക്ഷൻ ഡ്രാമയിലാണ് അവസാനമായി ഞാനും ഷാൻ റഹ്മാനും ജോമോൻ ടി ജോണും ഒന്നിച്ചു ജോലി ചെയ്യുന്നത്. എല്ലാരും ഒരുമിച്ച് വരുന്ന സിനിമ കരം തന്നെ. ഞാനും വിനീതും ചേർന്നു ചെയ്യുന്ന ഏറ്റവും വലിയ ബജറ്റിൽ ഉള്ള സിനിമയായിരിക്കും കരം.


vineeth sreenivasan


ഞാൻ ആ​ഗ്രഹിച്ച മാറ്റം; ​വിനീത് ശ്രീനിവാസൻ സംസാരിക്കുന്നു


​ഫീൽ ​ഗുഡിൽനിന്ന്‌ ത്രില്ലറിലേക്ക്


​അത് ഞാൻ ആഗ്രഹിച്ച മാറ്റമായിരുന്നു. കുറെ നാളായി എന്റെ പക്കൽനിന്നും ഫീൽ ഗുഡ് സിനിമകൾ മാത്രമാണ് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. വർഷങ്ങൾക്കുശേഷം ചെയ്തു കഴിഞ്ഞപ്പോൾ തന്നെ അങ്ങനെ ഒരു ജോണർ മാറ്റം ആവശ്യമെന്നു തോന്നി. ആ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനിലാണ് കരത്തിന്റെ കഥ കേൾക്കുന്നതും തീരുമാനമെടുക്കുന്നതും.


​സംവിധായകൻ, നിർമാതാവ്


​കഥ കേട്ടപ്പോൾ തന്നെ അത് വലിയ ബജറ്റിലുള്ള ഒരു ചിത്രമായിരിക്കും എന്ന് അറിയാമായിരുന്നു. സിനിമയിൽ മുഖപരിചയമുള്ള അധികം ആളുകൾ ഇല്ലാതിരുന്നതിനാൽ സിനിമയിലായിരിക്കണം മുഴുവൻ നിക്ഷേപവും. അതുകൊണ്ട് ഒരാളിൽ മാത്രം അത്രയും വലിയ സാമ്പത്തിക ഭാരം ചുമത്താൻ കഴിയില്ല. അങ്ങനെ ആലോചിച്ചപ്പോൾ വിശാഖിനൊപ്പം ആ റിസ്ക് ഞാനും പങ്കുവച്ചു. ചില റിസ്കുകൾ എടുത്താൽ മാത്രമെ നല്ല സിനിമകളുണ്ടാകൂ.


​നായകൻ നോബിൾ


​രണ്ടുവർഷങ്ങൾകൊണ്ട് നോബിൾ ഒരുപാട്‌ തിരുത്തുകൾ വരുത്തി പൂർത്തിയാക്കിയതാണ് കരം സിനിമയുടെ തിരക്കഥ. അതുകൊണ്ടു തന്നെ കരത്തിലെ എല്ലാ കഥാപാത്രങ്ങളും നോബിളിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. കഥ പറഞ്ഞപ്പോൾ നോബിൾ തന്നെ മതി സിനിമയിലെ നായകൻ എന്ന് തീരുമാനിക്കുകയായിരുന്നു. സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി അറിയാവുന്നതും ഒരു തിരക്കഥാകൃത്തിനാണ്. നായക കഥാപാത്രത്തെ തയ്യാറാക്കുന്നതിനായി നോബിൾ ഫൈറ്റിങ് ട്രെയിനിങ് എടുത്തിരുന്നു. ചിത്രത്തിലെ ഒരു സംഘട്ടന രം​ഗം ചിട്ടപ്പെടുത്തിയതും നോബിൾ തന്നെയാണ്.


​ഷൂട്ടിങ് അനുഭവം


​വിദേശ രാജ്യത്ത് ഷൂട്ട്‌ ചെയ്തതുകൊണ്ട് തന്നെ വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ അത്ര സ്വതന്ത്രമായി ചെയ്യാൻ കഴിയുമായിരുന്നില്ല. അവിടുത്തെ സംവിധാനങ്ങളോട് പൊരുത്തപ്പെട്ട് അവർ നിർദേശിക്കുന്ന സമയക്രമത്തിനുള്ളിൽ ഷൂട്ട് ചെയ്ത് തീർക്കണമായിരുന്നു. എല്ലാം വളരെ കൃത്യതയോടെ വേണം ചെയ്യാൻ. ഒന്നും ആവർത്തിക്കാനുള്ള സമയമില്ല. വളരെ ക്ഷമയോടെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുക എന്നതും വലിയ ഉത്തരവാദിത്വമായിരുന്നു.


​അണിയറ സുഹൃത്തുക്കൾ


​സിനിമയ്ക്ക് നല്ല ടെക്‌നീഷ്യന്മാരെ വേണം എന്ന് നിർബന്ധമായിരുന്നു. കരത്തിൽ സം​ഗീതം നിർവഹിച്ചത് ഷാൻ റഹ്മാനാണ്. ഛായാ​ഗ്രഹണം ജോമോൻ ടി ജോണും, എഡിറ്റിങ് രഞ്ജൻ എബ്രഹാമും കോസ്റ്റ്യൂംസ് മാഷർ ഹംസയുമാണ്.


​കേരളത്തിന്റെ ആശാൻ


​കരത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോൾ വന്ന ഒരു സംസാരത്തിൽനിന്നാണ് അങ്ങനെ ഒരു തീരുമാനത്തിലേക്കെത്തിയത്. പഴയ ചില മലയാള സിനിമകളിലും ഇത് പരീക്ഷിച്ചിട്ടുണ്ട്. ആരാണ് നമുക്ക് അറിയാവുന്ന ഒരു ‘സായിപ്പ്' പടത്തിൽ അഭിനയിക്കാൻ ഉള്ളതെന്ന് ചർച്ചചെയ്തപ്പോൾ നോബിൾ ബാബുവിന്റെ സഹോദരൻ ഇവാൻ വുകുമനോവിച്ചിന്റെ പേര് നിർദേശിക്കുകയായിരുന്നു. അങ്ങനെ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചപ്പോൾ ‘ആശാനും' സമ്മതം. മലയാളത്തിലുള്ള സിനിമയായതുകൊണ്ട് ആശാന് ഇരട്ടി അവേശമായിരുന്നു. സ്ക്രീൻ ടെസ്റ്റിലും പെർഫെക്ട്. പിന്നീട് കരത്തിനൊപ്പം ആശാനും കൂടി.


​കരുത്ത് സം​ഗീതം


​അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്. അനു എലിസബത്താണ് ​ഗാനരചന. തട്ടത്തിൻ മറയത്ത്, തിര എന്നീ സിനിമകളിൽ ഒപ്പം പ്രവർത്തിച്ചിരുന്നു. വരികൾ എഴുതുമ്പോൾ അനുവിനോട് ഒന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളു. അത് തിരയിൽ നിർത്തിയിടത്തുനിന്നും കരം തുടങ്ങണം എന്നായിരുന്നു. ‘തീരാതെ നീളുന്നേ തോരാതെ ഏറുന്നേ' എന്ന വരികൾ ചെറിയ മാറ്റങ്ങളോടെ കരത്തിലും ഉൾപ്പെടുത്തണം എന്ന് തീരുമാനിച്ചു. സിനിമയിൽ ഷാനിന്റെ മ്യൂസിക്കിനും വളരെ പ്രധാന്യമുണ്ട്.


​പുതിയ പ്രോജക്ടുകൾ


​ഒരുവർഷമെങ്കിലും സംവിധാനത്തിൽനിന്ന് ബ്രേക്ക് എടുക്കണം. രണ്ട് സിനിമകൾ അടുത്തടുത്ത് സംവിധാനം ചെയ്തതുകൊണ്ട് കുടുംബത്തോടൊപ്പം അധികം സമയം ചെലവഴിക്കാൻ കഴിഞ്ഞില്ല. പുതിയ ചില ആശയങ്ങൾ മനസ്സിലുണ്ട്. അവയും എഴുതിത്തുടങ്ങണം.



deshabhimani section

Related News

View More
0 comments
Sort by

Home