മതരാഷ്‌ട്രവാദികളെ പുണർന്ന് കോൺഗ്രസ്

വലിയ രാഷ്‌ട്രീയവഞ്ചനയെ തുടർന്നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടത്. മറ്റൊരു രാഷ്‌ട്രീയവഞ്ചന തെരഞ്ഞെടുപ്പിനെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചു. പത്ത് വോട്ടിനുവേണ്ടി മതരാഷ്‌ട്രവാദമുയർത്തുന്ന ഒരു പ്രസ്ഥാനവുമായി കോൺഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണി ഉണ്ടാക്കിയ ധാരണയും സഖ്യവാഗ്‌ദാനങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
യുഡിഎഫ് നേതൃത്വം മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി മൂന്നുവട്ടം ചർച്ച നടത്തിയെന്നും പിന്തുണ നൽകിയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ രാഷ്‌ട്രീയ മുഖമായ വെൽഫെയർ പാർടിക്ക് സീറ്റുകൾ നൽകാമെന്ന് വാഗ്‌ദാനം നൽകിയെന്നുമാണ് മാധ്യമവാർത്തകൾ. തദ്ദേശ തെരഞ്ഞെടുപ്പിലും സഖ്യകക്ഷിക്ക് തുല്യമായ പരിഗണന നൽകാമെന്ന് വാഗ്‌ദാനം നൽകിയിട്ടുണ്ടെന്നും വാർത്തകൾ വന്നു. ഉപതെരഞ്ഞെടുപ്പിലെ അവരുടെ പിന്തുണ പ്രതിപക്ഷ നേതാവടക്കമുള്ള യുഡിഎഫ് നേതൃത്വം സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്. തന്നെയുമല്ല, ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദികളല്ലെന്ന സർട്ടിഫിക്കറ്റും നൽകി.
മതരാഷ്‌ട്രവാദം ഉപേക്ഷിച്ചുവെന്നോ, അതിന്റെ ഉപജ്‌ഞാതാവായ മൗദൂദിയെ തള്ളിപ്പറയുന്നുവെന്നോ ജമാഅത്തെ ഇസ്ലാമി ഒരിടത്തും പറഞ്ഞിട്ടില്ല. അവരുടെ വാദംപോലും സ്വന്തംനാവിലൂടെ പറയേണ്ട ഗതികേടിലാണ് കോൺഗ്രസ്. എന്നാൽ, അവർ അടുത്തകാലത്ത് സ്വീകരിച്ച നടപടികൾ മതവർഗീയവാദം ഉപേക്ഷിച്ചിട്ടില്ലെന്നത് പകൽപോലെ വ്യക്തമാക്കുന്നു. വഖഫ് നിയമത്തിനെതിരെ കരിപ്പുർ വിമാനത്താവളത്തിലേക്ക് ജമാഅത്തെ പോഷകസംഘടനയായ സോളിഡാരിറ്റി നടത്തിയ മാർച്ചിൽ മുസ്ലിം ബ്രദർഹുഡ് നേതാവ് സെയ്‌ദ് ഖുത്വുബിന്റെ ചിത്രമാണ് ഉയർത്തിയത്. അഫ്‌ഗാനിസ്ഥാൻ താലിബാൻ പിടിച്ചപ്പോൾ ഇവർ ഉയർത്തിയ ആഹ്ലാദം കേരളം കണ്ടതാണ്. ‘വിസ്‌മയമായി താലിബാൻ’ എന്നായിരുന്നു അവരുടെ മാധ്യമത്തിന്റെ തലക്കെട്ട്.
ആർഎസ്‌എസ് നേതൃത്വവുമായി രണ്ടുതവണയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കൾ ചർച്ച നടത്തിയത്. ആർഎസ്‌എസുമായി സംവാദത്തിനും സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് അവർ നൽകിയ വിശദീകരണം. കശ്‌മീരിൽ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി ‘ഇന്ത്യ കൂട്ടായ്‌മ’യുടെ വോട്ടു ഭിന്നിപ്പിക്കാൻ ബിജെപിയുടെ ബി ടീമായി മത്സരിച്ചതും ഏറെ ചർച്ചയായതാണ്. തന്നെയുമല്ല ഈ സംഘടനയെക്കുറിച്ച് ഉമ്മൻ ചാണ്ടി സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തെ തന്നെ തള്ളിയാണ് കോൺഗ്രസിന്റെ ഈ ബാന്ധവനീക്കം. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന, ഇന്ത്യൻ ഭരണഘടനയെ അവഗണിക്കുകയും ദേശീയ താൽപ്പര്യത്തിനെതിരെ ചിന്തിക്കാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച 14 പുസ്‌തകം നിരോധിക്കുന്നതിനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചിരുന്നതാണ്.
ഇന്ത്യയെ പൂർണ ഹൈന്ദവ രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്‌എസ്. വിചാരധാരയിൽ എം എസ് ഗോൾവാൾക്കറും ഇക്കാര്യം വളരെ വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. എന്നാൽ, ആർഎസ്‌എസ് നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ഇടപെടുന്നില്ല. സംഘപരിവാർ സംഘടനകൾ വഴിയാണ് ലക്ഷ്യങ്ങൾ നേടുന്നത്. ബിജെപിയാണതിന്റെ രാഷ്‌ട്രീയമുഖം. ബിജെപിയാകട്ടെ അധികാരത്തിനായി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നു. ഇതിന്റെ നേർ എതിർപതിപ്പാണ് ജമാഅത്തെ ഇസ്ലാമി. ഇസ്ലാമിക മതരാഷ്‌ട്രമാണ് അതിന്റെ ലക്ഷ്യം. സ്ഥാപകനേതാവായ സയ്യിദ് അബുൽ അഅ്‌ല മൗദൂദി തന്റെ ‘ഇസ്ലാമിന്റെ രാഷ്‌ട്രീയ സിദ്ധാന്തം’ എന്ന പുസ്‌തകത്തിൽ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ജനാധിപത്യരാഷ്‌ട്രം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വർഗീയതയെന്ന് ബാബ്‌റി പള്ളിയുടെ തകർച്ചയടക്കമുള്ള കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ഭൂരിപക്ഷ വർഗീയത, മതനിരപേക്ഷതയ്‌ക്കും ഭരണഘടനയ്‌ക്കും ഉയർത്തിയ അപകടവും അതിനെതിരെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത നടത്തിയ ചെറുത്തുനിൽപ്പും നമുക്ക് മുന്നിലുണ്ട്. എന്നാൽ, അപകടം അവസാനിച്ചിട്ടില്ലെന്ന് ജ്‌ഞാൻവാപിയും സംഭലുംപോലെ ഒറ്റത്തെരഞ്ഞെടുപ്പിനും ഏകവ്യക്തി നിയമത്തിനും വേണ്ടിയുള്ള നീക്കങ്ങൾ അടിവരയിടുന്നു. ബിജെപിക്കെതിരായ പോരാട്ടത്തിൽ നാളെകളിൽ ഈ ബന്ധം ദേശീയതലത്തിൽ കോൺഗ്രസിന് വിനയാകുമെന്ന് അറിയാതെയല്ല പത്ത് വോട്ടിനുവേണ്ടിയുള്ള ഈ അവിശുദ്ധനീക്കം. പഞ്ചാബിൽ അകാലിദളിനെതിരെ ഭിന്ദ്രൻവാലയെ കോൺഗ്രസ് പ്രോത്സാഹിപ്പിച്ചപ്പോൾ വലിയ വില നൽകേണ്ടി വന്നത് രാജ്യമാണ്.
മതവർഗീയതയ്‌ക്ക് രാഷ്‌ട്രീയത്തിൽ ഇടം നൽകുന്നതിലൂടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്കാണ് കോൺഗ്രസ് കത്തിവയ്‌ക്കുന്നത്. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദികളല്ലെന്ന് സർട്ടിഫിക്കറ്റ് നൽകിയ യുഡിഎഫ് നേതൃത്വം ഇതുസംബന്ധിച്ചും ജനങ്ങളോട് മറുപടി പറയേണ്ടിവരും. എന്നാൽ, അത് പ്രതീക്ഷിക്കുക വയ്യ. നിലമ്പൂരിലെ വോട്ടർമാർ കോൺഗ്രസിനെ പാഠംപഠിപ്പിക്കുകതന്നെ ചെയ്യും.









0 comments