ജുഡീഷ്യറിയെ കളങ്കപ്പെടുത്തുന്നവർ ജഡ്ജിമാരായി തുടരരുത്

editorial today
വെബ് ഡെസ്ക്

Published on Mar 25, 2025, 12:01 AM | 2 min read

നാധിപത്യത്തിന്റെ നെടുംതൂണാണ് നീതിന്യായ വ്യവസ്ഥ. അതിനുണ്ടാകുന്ന അപചയം ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കും. ലെജിസ്ലേച്ചറും ജുഡീഷ്യറിയും എക്സിക്യൂട്ടീവും മാധ്യമങ്ങളുമാണ് ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നാലു തൂണുകൾ എന്നാണ് സങ്കൽപ്പം. പൊതുജനങ്ങൾക്കുണ്ടാകുന്ന നീതി നിഷേധത്തിനെതിരെ നടപടി എടുത്ത് ജനാധിപത്യസമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്വമാണ് ജുഡീഷ്യറിക്കുള്ളത്. ലെജിസ്ലേച്ചറിന്റെയും എക്സിക്യൂട്ടീവിന്റെയും ദുഷ്‌പ്രവണതകളെ തിരുത്തുന്നതും നീതി നിഷേധിക്കപ്പെടുന്നവരുടെ അവസാനത്തെ ആശ്രയവുമാണ് ജുഡീഷ്യറി. ജനങ്ങൾക്ക് ഏറെ ബഹുമാനവും വിശ്വാസവുമുള്ള ഭരണഘടനാ സ്ഥാപനവുമാണ്. എന്നാൽ, അടുത്ത കാലത്ത് നീതിന്യായ വ്യവസ്ഥയ്‌ക്കാകെ കളങ്കം ഉണ്ടാക്കുന്ന പ്രതികരണങ്ങൾ അതിന്റെ തലപ്പത്തിരിക്കുന്നവരിൽനിന്നുണ്ടായിട്ടുണ്ട്.


കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സംഘപരിവാർ അധികാരത്തിൽ വന്നതോടെ യുക്തിരഹിതവും ഭരണഘടനയ്‌ക്ക് യോജിക്കാത്തതുമായ നിരവധി പ്രതികരണങ്ങളും വിധികളും ചില ജഡ്ജിമാരിൽനിന്നും കോടതികളിൽനിന്നും ഉണ്ടായിട്ടുണ്ട്. സംഘപരിവാറിന്റെ ഹിന്ദുത്വ ആശയങ്ങളിൽ പ്രചോദിതരായും സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടുമാണ് ഭരണഘടനയ്‌ക്കും ജനങ്ങൾക്കും എതിരായ ചില കാര്യങ്ങൾ ഉണ്ടാകുന്നത്. എന്നാൽ, ജുഡീഷ്യറിയുടെ വിശ്വാസത്തെ പാടെ തകർക്കുന്ന സംഭവമാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽനിന്ന് നോട്ടുകെട്ടുകളുടെ കൂമ്പാരം കണ്ടെത്തിയത്. 15 കോടിയിൽപ്പരം രൂപ പഴയ സാധനങ്ങൾ കൂട്ടിയിട്ട സ്റ്റോർറൂമിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. മാർച്ച് 14ന് ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടയിലാണ് നോട്ട് കെട്ടുകൾ കണ്ടെത്തിയത്.


500 രൂപയുടെ കെട്ടുകൾ കത്തിയ നിലയിലുള്ള ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർറൂമിൽ പണം സൂക്ഷിക്കില്ലെന്നുമുള്ള വർമയുടെ ന്യായീകരണം വിശ്വസനീയമല്ല. പുറത്തുനിന്ന്‌ ആർക്കും കടക്കാൻ പറ്റാത്തതാണ് ജഡ്‌ജിയുടെ ഔദ്യോഗിക വസതി. മാത്രമല്ല വിവാദമായ പല വിധികൾ മുമ്പ് പുറപ്പെടുവിച്ച ആളും അഴിമതിക്കേസിൽ സിബിഐ പ്രതിചേർത്തയാളുമാണ് ഇദ്ദേഹം. കോടികൾ കൊടുത്ത് ജനപ്രതിനിധികളെ വാങ്ങുകയും തങ്ങൾക്കനുകൂലമാക്കാൻ ആർക്കും യഥേഷ്ടം പണം കൊടുക്കുകയും ചെയ്യുന്ന ബിജെപി ഭരണത്തിൽ ന്യായധിപന്മാർമുതൽ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന്മാർവരെ അഴിമതിക്കാരാകുന്നതിൽ അത്ഭുതപ്പെടാനില്ല. യശ്വന്ത് വർമയുടെ കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ഡൽഹി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയും എടുത്ത നിലപാട് ശുഭസൂചകമാണ്. വർമയെ എല്ലാ ജുഡീഷ്യൽ ജോലികളിൽനിന്നും മാറ്റിയിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ അന്വേഷിക്കാനും നടപടി സ്വീകരിക്കാനും തയ്യാറായത് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടായിരിക്കണം.


യശ്വന്ത്‌ വർമയെ അലഹബാദ്‌ ഹൈക്കോടതിയിലേക്ക്‌ സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. തിങ്കളാഴ്‌ച ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്നയുടെ നേതൃത്വത്തിൽ ചേർന്ന കൊളീജിയം യോഗമാണ്‌ കേന്ദ്രസർക്കാരിന്‌ ശുപാർശ നൽകിയത്‌. വിഷയത്തിൽ 20, 24 തീയതികളിൽ കൊളീജിയം യോഗം ചേർന്നു. സ്ഥലംമാറ്റത്തെ എതിർത്ത അലഹബാദ്‌ ബാർ അസോസിയേഷന്റെ ജനറൽഹൗസ്‌ യോഗം അദ്ദേഹത്തെ ഇംപീച്ച്‌ ചെയ്‌ത്‌ പുറത്താക്കണമെന്ന്‌ പ്രമേയം പാസാക്കിയിട്ടുണ്ട്‌. ജുഡീഷ്യറിയെയാകെ മലീമസമാക്കുന്ന വർമയെപ്പോലുള്ള ഒരാളെ ഒരു നിമിഷംപോലും നിലനിർത്താൻ പാടില്ല. ജഡ്‌ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്കാണ് പാർലമെന്റിൽ പ്രതിപക്ഷം ഒരുങ്ങുന്നത്. സ്വയം ഒഴിവാകുന്നില്ലെങ്കിൽ ഇംപീച്ച്മെന്റ്‌ നടപടികളുമായി മുന്നോട്ട് പോയി ജഡ്‌ജിയെ നീക്കാൻ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് നിൽക്കണം. 1993ൽ ജസ്റ്റിസ് വി രാമസ്വാമിയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം അന്ന് ഭരണത്തിലിരുന്ന കോൺഗ്രസ് തള്ളിയതുപോലെ ഇതിലും സംഭവിച്ചാൽ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം പാടെ ഇല്ലാതാകും.



deshabhimani section

Related News

View More
0 comments
Sort by

Home