പോരാട്ടത്തിന് കരുത്തേകുന്ന ഓർമ

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജനാധിപത്യക്കശാപ്പായിരുന്നു 1975 ജൂൺ 25ന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അവകാശങ്ങൾക്കായി വാദിച്ചവരെ കൽത്തുറുങ്കിലടച്ച് ഭീകരമായ പീഡനത്തിന് വിധേയമാക്കി. അതിന്റെ 50–ാം വാർഷികം ആചരിക്കുന്ന ദിനമാണ് ഇന്ന്.
ഭരണപ്രതിസന്ധി രൂപപ്പെടുമ്പോൾ ഭരണകൂടം ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകുമെന്ന ഓർമപ്പെടുത്തൽകൂടിയായിരുന്നു അത്. ഭൂപരിഷ്‌കരണം നടപ്പാക്കി ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാതെയുള്ള നയം രാജ്യത്തെ ജനജീവിതത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു. വിലക്കയറ്റം മൂന്നു ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർന്നു. രാജ്യത്ത് ജനരോഷത്തിന്റെ പരമ്പരകൾക്ക് ഇത് തുടക്കംകുറിച്ചു.
1974ൽ 16 ലക്ഷത്തോളം റെയിൽവേ തൊഴിലാളികൾ പണിമുടക്കി. സർവകലാശാലകളിൽ സമരപരമ്പര ഉയർന്നു. പണിമുടക്കുകൾ സർവസാധാരണമായി. വിവിധങ്ങളായ മർദന നടപടികളിലൂടെ സർക്കാർ അതിനെ നേരിട്ടു. രാഷ്ട്രീയരംഗത്തും ഇതിന്റെ പ്രതിഫലനമുണ്ടായി. 1975ൽ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. തുൾ മോഹൻ റാം എംപിക്ക് ഇറക്കുമതി ലൈസൻസ് ലഭിച്ചെന്ന ആരോപണത്തിന്റെ സിബിഐ അന്വേഷണ റിപ്പോർട്ട് പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായ മാരുതി കുംഭകോണവും സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാക്കി.
രാജ്യത്ത് ഈ സ്ഥിതിവിശേഷം നിലനിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് നിയോഗിച്ചെന്ന കേസിൽ ഇന്ദിരയുടെ ലോക്‌സഭാംഗത്വം അലഹബാദ് ഹൈക്കോടതി റദ്ദാക്കുന്നത്. ഒപ്പം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറ് വർഷത്തെ അയോഗ്യതയും വന്നു. അപ്പീലിൽ ലോക്‌സഭാംഗമായി ഇന്ദിരാഗാന്ധിക്ക് തുടരാമെങ്കിലും വോട്ടവകാശമുണ്ടായിരിക്കില്ലെന്ന താൽക്കാലിക വിധിയും വന്നു. പൂർണ ലോക്‌സഭാംഗത്വം ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷവും നിലപാടെടുത്തു.
വിവിധ തലങ്ങളിലായി ഉയർന്ന ഈ പ്രതിസന്ധികളെ മറികടക്കാൻ ക്യാബിനറ്റ് പോലും അറിയാതെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയഭിന്നതയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1972ലെ സിപിഐ എമ്മിന്റെ ഒമ്പതാം പാർടി കോൺഗ്രസ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് പോകുമെന്ന് വിലയിരുത്തിയത് അക്ഷരംപ്രതി ശരിയായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻതന്നെ സിപിഐ എമ്മിന്റെ നേതാക്കളെയടക്കം മിസ നിയമപ്രകാരം ജയിലിലടച്ചു. അന്ന് എംഎൽഎ ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഭീകരമർദനത്തിന് വിധേയമായി. ഇപ്പോഴത്തെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ ഉൾപ്പെടെ അക്കാലത്ത് ജയിലിലടച്ചു. അറസ്റ്റ്, പൊലീസ് റെയ്ഡുകൾ, സെൻസർഷിപ്, മർദനം തുടങ്ങിയവയെല്ലാം വ്യാപകമായി. 17 വർഷം ജയിലിൽ കിടന്ന അനുഭവം ഓർമപ്പെടുത്തി എ കെ ജി അടിയന്തരാവസ്ഥയ്ക്കെതിരെ പാർലമെന്റിൽ ആഞ്ഞടിച്ചു.
സോഷ്യലിസ്റ്റുകളുമായും ജനാധിപത്യത്തിനായി പ്രവർത്തിക്കാൻ തയ്യാറായവരെയും കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷത്തിന്റെകൂടി മുൻകൈയിൽ ദേശീയ ഏകോപന സമിതി രൂപംകൊണ്ടു. ജയപ്രകാശ് നാരായണനെപ്പോലുള്ള സോഷ്യലിസ്റ്റുകൾ ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നു. ഈ ഘട്ടത്തിൽ സ്വാതന്ത്ര്യസമരകാലത്തെന്നപോലെ അടിയന്തരാവസ്ഥയുമായി സഹകരിക്കുമെന്ന് ആർഎസ്എസ് മേധാവി പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്ക് പിന്തുണ ലഭിക്കുന്നത് അങ്ങനെയാണ്.
ഇന്ത്യയിലെ പത്രങ്ങൾ പൊതുവിൽ അടിയന്തരാവസ്ഥയ്ക്ക് പാദസേവ ചെയ്യുകയായിരുന്നു. എന്നാൽ, ദേശാഭിമാനി സവിശേഷ രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തുവന്നു. അടിയന്തരാവസ്ഥയെക്കുറിച്ച് മുഖപ്രസംഗം എഴുതുന്നത് വിലക്കിയതിനാൽ ആ ഭാഗം ഒഴിച്ചിട്ടു. സെൻസർഷിപ്പിനാൽ വെട്ടിക്കളഞ്ഞ വാക്കുകളുടെയും വാചകങ്ങളുടെയും സ്ഥാനം അതേപടി പ്രസിദ്ധീകരിച്ച് പ്രതിഷേധത്തിന്റെ പുതിയ രൂപം പത്രം മുന്നോട്ടുവച്ചു.
വിവിധങ്ങളായ പ്രക്ഷോഭങ്ങൾ ഉയർന്ന ഘട്ടത്തിൽ 1977ൽ രാജ്യം തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു. അടിയന്തരാവസ്ഥയുടെ വക്താക്കൾ പരാജയപ്പെട്ടു. ഇന്ത്യയിലാദ്യമായി കോൺഗ്രസിതര മന്ത്രിസഭ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരമേറ്റു.
അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങൾ അക്കാലത്ത് കേരളത്തിൽ വേണ്ടത്ര പുറത്തുവന്നില്ല. ഈ സാഹചര്യത്തിൽ അതിക്രമങ്ങളെ മനസ്സിലാക്കുന്നതിനും ജനങ്ങളിൽനിന്ന് വിവരം ശേഖരിക്കാനും യുവജന– -വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വൈക്കം വിശ്വൻ നയിച്ച ഒരു ജാഥ നടന്നു. അക്കാലത്തെ പീഡനങ്ങളുടെ ഭീകരമുഖം അത് ജനങ്ങളിലെത്തിച്ചു. കിരാതപർവം എന്ന ലഘുലേഖ അതിന്റെ സാക്ഷ്യപത്രമായി ഇന്നും നിലകൊള്ളുന്നു. സമാധാനത്തിന്റെ മാലാഖമാരായി ചമഞ്ഞു നടക്കുന്ന കോൺഗ്രസിന്റെ മുഖമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്. ഉയർന്നുവന്ന ജനകീയ മുന്നേറ്റത്തെ ഉൾക്കൊള്ളാനും കൂടുതൽ വികസിപ്പിക്കുന്നതിനുമായി സംഘടനയെ സജ്ജമാക്കാൻ സാൽകിയ പ്ലീനം സിപിഐ എം സംഘടിപ്പിച്ചു.
നമ്മുടെ ജനാധിപത്യ സംവിധാനങ്ങളും മതനിരപേക്ഷ ജീവിതവും കോർപറേറ്റ് താൽപ്പര്യങ്ങളുടെ ഭാഗമായി കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. ആഗോളവൽക്കരണ നയങ്ങൾക്കെതിരായി ശക്തമായ പ്രക്ഷോഭങ്ങളും ഇപ്പോൾ നടന്നുവരികയാണ്. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനുൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതിന് അടിയന്തരാവസ്ഥയുടെ 50–-ാം വാർഷികാചരണം ഇടയാക്കുമെന്നതിൽ തർക്കമില്ല.









0 comments