ഉത്തരവാദിത്വ 
ടൂറിസത്തിലൂടെ സ്ത്രീ ശാക്തീകരണം

she tourism kerala
വെബ് ഡെസ്ക്

Published on Jul 08, 2025, 12:00 AM | 2 min read


സ്ത്രീ ശാക്തീകരണത്തിൽ കേരളം കൈവരിച്ച വലിയ നേട്ടങ്ങളുടെ പട്ടികയിൽ ഒടുവിലത്തേതാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഷീ ടൂറിസം പദ്ധതി. വിനോദസഞ്ചാര മേഖലയിൽ 140 വനിതാ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി സ്ത്രീസൗഹൃദ വിനോദസഞ്ചാരത്തിന് കരുത്താകും. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സ്ത്രീകേന്ദ്രീകൃതവും സ്ത്രീപക്ഷവുമാക്കി മാറ്റിത്തീർക്കുന്നതിനുള്ള ഒരു പിടി നടപടികളും ഉത്തരവാദിത്വ ടൂറിസം മിഷനുകീഴിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ടൂറിസം മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീ സൗഹൃദ ടൂറിസം നയവും ജെൻഡർ ഓഡിറ്റും നടപ്പാക്കാനും തീരുമാനിച്ചിരിക്കുന്നു. ടൂറിസം രംഗത്ത് വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സ്ത്രീ സൗഹൃദ ടൂറിസ്റ്റ് കേന്ദ്രങ്ങൾ രൂപീകരിക്കുന്നതിനും വിനോദസഞ്ചാര വകുപ്പ് തുക അനുവദിച്ചിട്ടുമുണ്ട്.


സംസ്ഥാന ടൂറിസം വകുപ്പ് യുഎൻ വിമന്റെ സഹകരണത്തോടെ 2024 നവംബർ 30 മുതൽ ഡിസംബർ രണ്ടുവരെ മൂന്നാറിൽ സംഘടിപ്പിച്ച ലിംഗസമത്വവും ഉത്തരവാദിത്വ ടൂറിസവും സംബന്ധിച്ച ആഗോള വനിതാ സമ്മേളനത്തിന്റെ തുടർച്ചയായുള്ള ചുവടുവയ്പായാണ് ഷീ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. അതിനാൽത്തന്നെ അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ സ്ത്രീ സൗഹൃദ ടൂറിസം ശ്രദ്ധയാകർഷിക്കുന്നു എന്നുറപ്പിക്കാനാകും.

കേരളത്തിന്റെ വനിതാ സൗഹൃദ വിനോദസഞ്ചാര സംരംഭങ്ങളും ഉത്തരവാദിത്വ ടൂറിസം മാതൃകയും അന്താരാഷ്ട്രതലത്തിൽ അവതരിപ്പിക്കുകയെന്ന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞതിന്റെകൂടി ഫലമാണ് ഈ രംഗത്തുണ്ടാകുന്ന തുടർനേട്ടങ്ങൾ.


ഇന്ത്യയിൽ ആദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കിയ കേരളം അതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സ്ത്രീകൾക്ക് സുരക്ഷിതവും സുഖകരവുമായ വിനോദസഞ്ചാരത്തെ മുന്നോട്ടുവച്ചിരുന്നു. സ്ത്രീകൾക്ക് മാത്രമായി ഡിസ്കൗണ്ട് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചത് ആ ലക്ഷ്യം മുന്നിൽക്കണ്ടാണ്. ടൂറിസം മേഖലയിൽ സ്ത്രീകളുടെ സംരംഭകത്വവും പങ്കാളിത്തവും ഉറപ്പുവരുത്തി സ്ത്രീ ശാക്തീകരണം സാധ്യമാക്കുക എന്നതും സ്ത്രീ സൗഹൃദ ടൂറിസത്തിലൂടെ ലക്ഷ്യംവച്ചിരുന്നു. ഷീ ടൂറിസം പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളതും അതുതന്നെയാണ്. സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള നാഴികക്കല്ലായ വിനോദസഞ്ചാര മേഖലയ്ക്ക് ഊർജം പകരുന്നതാണ് സർക്കാർ പ്രഖ്യാപിച്ച നടപടികൾ. ഒപ്പം സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമായുള്ള പരിശ്രമങ്ങൾക്ക് ഉന്മേഷം പകരുന്നതും. 2008ൽ ആരംഭിച്ച് കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പുതിയ ദിശാബോധം പകർന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ സ്ത്രീകൾക്ക് ഗണ്യമായ പങ്കാളിത്തമാണുള്ളതെന്നത് സംസ്ഥാനം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കഴിഞ്ഞ വർഷംവരെ രജിസ്റ്റർ ചെയ്ത 25,188 ഉത്തരവാദിത്വ ടൂറിസം യൂണിറ്റുകളിൽ 17,632 എണ്ണം, (ഏതാണ്ട് എഴുപത് ശതമാനം) സ്ത്രീകൾ നയിക്കുന്നവയോ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ ആണ്. കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് ഗ്രാമീണ മേഖലയിലെ വനിതകൾക്ക് ടൂറിസം–-അനുബന്ധ വ്യവസായങ്ങളിൽ ഒരുക്കിയ തൊഴിലവസരങ്ങൾ സ്ത്രീ ശാക്തീകരണത്തിൽ വഹിച്ച പങ്ക് അതുല്യമാണ്. വനിതകൾ നയിക്കുന്ന കുമരകത്തെ ഹോം സ്റ്റേകളും ശംഖുംമുഖത്തെ ബോട്ടിങ്‌ സർവീസുകളും വയനാട്ടിലെ കരകൗശല, ഭക്ഷണ യൂണിറ്റുകളും മൂന്നാറിലെ വനിതാ ടൂറിസ്റ്റ് ഗൈഡുകളും ടീ പ്ലാന്റേഷൻ സംരംഭകരും ടൂറിസം മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണങ്ങളാണ്.


സ്ത്രീ ശാക്തീകരണത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നേറിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക സേവന മേഖലയിലും സംസ്ഥാനത്ത് സ്ത്രീകൾ ഏറെ മുന്നിലാണ്. സ്ത്രീകളുടെ സാക്ഷരത ദേശീയതലത്തിൽ 65.5 ശതമാനമാണെങ്കിൽ കേരളത്തിലത് 92 ശതമാനമാണ്. സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യമായ 72 വയസ്സ്‌ പുരുഷന്മാരുടേതിനേക്കാൾ ഉയർന്നതാണ്. 1998ൽ ആരംഭിച്ച് ഇന്ന് 43 ലക്ഷത്തിലധികം അംഗങ്ങളുള്ള കുടുംബശ്രീ ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതികളിലൊന്നാണ്. 2010ൽ സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സീറ്റുകളിൽ സ്ത്രീ സംവരണം ഏർപ്പെടുത്തിയപ്പോൾ കുടുംബശ്രീയിലൂടെ നേതൃ വൈദഗ്ധ്യം നേടിയ സ്ത്രീകൾ ഭരണരംഗത്ത് സജീവമായി.

നവോത്ഥാന മൂല്യങ്ങളുടെ അടിത്തറയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇടതുപക്ഷ ഗവൺമെന്റുകളും നയിച്ച സ്ത്രീ ശാക്തീകരണ മുന്നേറ്റത്തിലെ പുതിയ അധ്യായമായിരിക്കുകയാണ് രണ്ടാം പിണറായി സർക്കാരിന്റെ ഷീ ടൂറിസം പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Home