അടിയന്തരാവസ്ഥയും ആർഎസ്‌എസിന്റെ ഇരട്ടത്താപ്പും

ഐതിഹ്യങ്ങളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും ചരിത്രം തിരുത്തിയെഴുതുക എന്നത് മോദി സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. സ്‌കൂൾ, കോളേജ് തല പാഠപുസ്‌തകങ്ങളും ചരിത്രവും മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. ഇതിന്റെ തുടർച്ചയാണ് ആർഎസ്‌എസ് അടിയന്തരാവസ്ഥയ്ക്കെതിരായി പോരാടി എന്ന വ്യാജചരിത്രം സൃഷ്ടിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്ന ആർഎസ്‌എസിനെ ദേശീയപ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയാക്കി ചരിത്രം തിരുത്തിയെഴുതുന്നതുപോലെയാണ് അടിയന്തരാവസ്ഥയ്‌ക്കെതിരായി നടന്ന പോരാട്ടത്തെയും തങ്ങളുടേതാക്കി മാറ്റുന്നത്. ഭരണഘടനയെ അട്ടിമറിക്കുകയും ജനാധിപത്യത്തെ ആക്രമിക്കുകയും ഫെഡറലിസം തകർക്കുകയും മൗലികാവകാശങ്ങൾ, മനുഷ്യസ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഇല്ലാതാക്കുകയും ചെയ്‌ത ഇരുളടഞ്ഞ അധ്യായമാണ് അടിയന്തരാവസ്ഥയെന്നാണ് മോദി സർക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനേക്കാൾ വലിയ ഇരുളടഞ്ഞ ദിനങ്ങളിലൂടെയാണ് ബിജെപി ഭരണത്തിൽ രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. 1975ൽ പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നെങ്കിൽ ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നുമാത്രം.
രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം മാത്രമല്ല, സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു. സർക്കാരിനെ എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കിയും വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചും വർഷങ്ങളോളം ജയിലിലിടുന്നു. മാധ്യമ സ്വാതന്ത്ര്യമെന്നത് മോദി സർക്കാരിനെ വാഴ്‌ത്തിപ്പാടാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. ‘നാവടക്കൂ പണിയെടുക്കൂ’ എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യമെങ്കിൽ ഇപ്പോൾ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്‌തും കരാർവ്യവസ്ഥയിലും മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും നൽകാതെ എല്ലാ മേഖലയിലും 12 മണിക്കൂറിലേറെ തൊഴിലെടുപ്പിക്കുന്നു. തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അടിസ്ഥാനാവകാശവും നിഷേധിക്കുന്നു. അടിയന്തരാവസ്ഥയുടെ ഭീതിദമായ കാലത്ത് നടപ്പാക്കിയ നിർബന്ധിത വന്ധ്യംകരണവും ചേരി നിർമാർജനമെന്ന പേരിലുള്ള അതിക്രമവും ഇന്ന് ബുൾഡോസർരാജായി മാറി. ഫെഡറൽ സംവിധാനത്തെയും കോടതി, തെരഞ്ഞെടുപ്പ് കമീഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയെല്ലാം നിശ്‌ചലമാക്കുന്നു. ഭരണഘടനാ പ്രതീകങ്ങൾക്കുപകരം ഹിന്ദുത്വ വർഗീയതയുടെ പ്രതീകങ്ങളെ സ്ഥാപിക്കുന്നു.
ആർഎസ്‌എസിന്റെ ചിഹ്നമായ കാവിക്കൊടിയേന്തിയ സ്‌ത്രീയെ ഗവർണർമാർ രാജ്‌ഭവനിലെ പൊതുപരിപാടികളിൽപ്പോലും സ്ഥാപിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഭരണഘടനാ മൂല്യങ്ങളോട് തങ്ങൾക്ക് ഒരു മമതയുമില്ലെന്നാണ് ആർഎസ്‌എസ് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്.
പാർലമെന്ററി രൂപങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, ഭീതിയിലൂടെ അവയുടെ സത്തയെ അട്ടിമറിച്ച് നവഫാസിസം നടപ്പാക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്.
രാജ്യവ്യാപകമായി ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനും ഇല്ലാതാക്കാനും കോൺഗ്രസ് അടിയന്തരാവസ്ഥക്കാലത്ത് ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്‌തതിന് സമാനമാണ് മോദി ഭരണകൂടത്തിന്റെ നടപടികളും. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട അടിച്ചമർത്തലിന് ഏറ്റവും കൂടുതൽ വിധേയമായത് സിപിഐ എമ്മാണ്. കൂട്ട അറസ്റ്റുകളിലൂടെയും അക്രമാസക്തമായ അടിച്ചമർത്തലിലൂടെയും സംഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. നൂറുകണക്കിന് സിപിഐ എം നേതാക്കളെയും കേഡർമാരെയും ജയിലിലടച്ചു എന്നത് ചരിത്രരേഖകളാണ്. മോദി ഭരണകൂടവും സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷത്തെയും അതിന്റെ ആശയങ്ങളെയുമാണ് മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്.
അടിയന്തരാവസ്ഥയിലെ നിരോധനത്തിൽനിന്ന് രക്ഷപ്പെടാൻ തന്റെ മുൻഗാമികളെപ്പോലെ സർസംഘ ചാലകായിരുന്ന മധുകർ ദത്താത്രയ ദേവറസ് മാപ്പപേക്ഷിച്ച് ഇന്ദിരാഗാന്ധിക്ക് നിരവധി കത്തുകളയച്ചിരുന്നു. 1975 ആഗസ്ത് 22-ന് എഴുതിയ കത്തിൽ, ഇന്ദിരാഗാന്ധി രാഷ്ട്രത്തോടു ചെയ്ത അഭിസംബോധനയെ ‘സമയബന്ധിതവും സന്തുലിതവും' എന്നാണ് പ്രശംസിച്ചത്. 1975 നവംബർ 10-ന് എഴുതിയ മറ്റൊരു കത്തിൽ അന്നത്തെ സർക്കാർവിരുദ്ധ പ്രസ്ഥാനങ്ങളുമായി ആർഎസ്‌എസിന് ഒരു ബന്ധമില്ലെന്ന് പ്രഖ്യാപിച്ചു. നിരോധനം പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്ന കത്തിൽ സർക്കാരിന്റെ വികസന പരിപാടികൾ മുന്നോട്ട് കൊണ്ടുപോകാൻ സഹകരണം വാഗ്ദാനം ചെയ്‌തു.
ഇതിന്റെ തുടർച്ചയായി ഭാരതീയ ജനസംഘത്തിന്റെ ഉത്തർപ്രദേശ് ഘടകം അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികമായ 1976 ജൂൺ 25-ന് സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു. ദേവറസ് ഇന്ദിരാഗാന്ധിയുടെ ഓഫീസുമായി പലതവണ നേരിട്ട് ആശയവിനിമയം നടത്തിയതായി അന്നത്തെ ഇന്റലിജൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി ചീഫായി സേവനമനുഷ്ഠിച്ച മുൻ മേധാവി ടി വി രാജേശ്വർ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസ് സ്വീകരിച്ച ഇരട്ടത്താപ്പിനെ സിപിഐ എം തുറന്നുകാട്ടുന്നത്. അതിന് മറുപടി പറയാൻ കഴിയാത്തതുകൊണ്ടാണ് ആർഎസ്‌എസ് ഗവർണർമാർ സിപിഐ എമ്മിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മാത്രമല്ല, രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ എല്ലാക്കാലത്തും മുന്നിലുണ്ടായിരുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്.









0 comments