ഈ നാമനിർദേശം ഭരണഘടനാവിരുദ്ധ രാഷ്‌ട്രീയനീക്കം

rajyasabha mp c sadanandan unconstitutional
വെബ് ഡെസ്ക്

Published on Jul 15, 2025, 12:00 AM | 2 min read


ഭരണഘടനാ വ്യവസ്ഥകൾക്ക്‌ ആധാരമായ സങ്കൽപ്പങ്ങളെയും ആശയങ്ങളെയും അട്ടിമറിക്കുകയെന്നത്‌ ബിജെപി സർക്കാരിന്റെ പ്രവർത്തനശൈലിയാണ്‌ എന്നതിൽ ഇപ്പോൾ ആർക്കും തർക്കമില്ല. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നിലനിൽപ്പിന്‌ അടിസ്ഥാനമായ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടന പൊളിച്ചെഴുതണമെന്ന്‌ സംഘപരിവാർ നേതാക്കൾ പരസ്യമായി പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ഭരണഘടനയെ അംഗീകരിക്കാത്തവരാണ്‌ കേന്ദ്രഭരണം നിയന്ത്രിക്കുന്നതെന്ന ആക്ഷേപം വസ്‌തുതാപരമാണെന്ന്‌ അർഥം. എന്നാൽ, ഈ ഭരണഘടന നിലനിൽക്കുമ്പോൾ തന്നെ അതിന്റെ സാരാംശത്തെ വെല്ലുവിളിക്കുകയാണ്‌ മോദിസർക്കാർ. കണ്ണൂരിലെ ആർഎസ്‌എസ്‌ നേതാവ്‌ സി സദാനന്ദനെ ‘വിശിഷ്ട വ്യക്തിത്വ’മാക്കി രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തത്‌ ഒടുവിലത്തെ ഉദാഹരണം.


ഏതെങ്കിലും മേഖലയിൽ സവിശേഷ പരിജ്ഞാനമുള്ളവരോ സാഹിത്യം, ശാസ്‌ത്രം, കല, സാമൂഹ്യസേവനം എന്നീ രംഗങ്ങളിൽ മികവ്‌ പ്രകടിപ്പിച്ചവരോ ആയ 12 വ്യക്തികളെ രാജ്യസഭയിലേക്ക്‌ രാഷ്‌ട്രപതിക്ക്‌ നാമനിർദേശം ചെയ്യാമെന്ന്‌ ഭരണഘടനയുടെ 80–-ാം വകുപ്പിന്റെ (1)(എ), (3) അനുച്ഛേദങ്ങൾ അനുശാസിക്കുന്നുണ്ട്‌. പാർലമെന്റിന്റെ ഉപരിസഭയുടെ പ്രവർത്തനങ്ങളിൽ ക്രിയാത്മക പങ്ക്‌ വഹിക്കുക, നയരൂപീകരണ ചർച്ചകളെ സമ്പുഷ്ടമാക്കുക, വൈജ്ഞാനിക–സാംസ്‌കാരിക–സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്‌ പ്രചോദനം നൽകുക എന്നീ ലക്ഷ്യങ്ങളാണ്‌ ഈ നാമനിർദേശ സംവിധാനത്തിനുപിന്നിൽ ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്‌തത്‌. ഇക്കാര്യത്തിൽ ചെറിയതോതിൽ അപഭ്രംശങ്ങൾ വിവിധ കാലയളവുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഭരണഘടനാ വ്യവസ്ഥ ദുരുപയോഗിച്ച്‌ ഇത്രയും നഗ്‌നമായ രാഷ്‌ട്രീയക്കളി ആരംഭിച്ചത്‌ മോദിയുടെ നേതൃത്വത്തിൽ മൂന്നാംസർക്കാർ വന്നശേഷമാണ്‌.


കഴിഞ്ഞ കാലങ്ങളിൽ നാമനിർദേശം ചെയ്യപ്പെട്ടവരുടെ പട്ടിക പരിശോധിച്ചാൽ ഇക്കാര്യം വേഗത്തിൽ ബോധ്യമാകും. ഭരണഘടനാ നിർമാണസഭയിൽ അംഗമായിരുന്ന അല്ലാഡി കൃഷ്‌ണസ്വാമി അയ്യർ 1952ൽ നാമനിർദേശം ചെയ്യപ്പെട്ടതുമുതൽ ഇന്നേവരെ 149 പേർ ഇത്തരത്തിൽ രാജ്യസഭയിൽ അംഗങ്ങളായിട്ടുണ്ട്‌. ശാസ്‌ത്രജ്ഞരായിരുന്ന എം എസ്‌ സ്വാമിനാഥൻ, കെ കസ്‌തൂരിരംഗൻ, രാജാ രാമണ്ണ, സത്യേന്ദ്രനാഥ്‌ ബോസ്‌, ബദരീനാഥ്‌ പ്രസാദ്‌, സാലിം അലി, കലാ–-സാഹിത്യപ്രതിഭകളായിരുന്ന ലതാ മങ്കേഷ്‌കർ, ജി ശങ്കരക്കുറുപ്പ്‌, നർഗീസ്‌, ആർ കെ നാരായൺ, വൈജയന്തിമാല, മൃണാൾസെൻ, ശ്യാംബെനഗൽ, എം എഫ്‌ ഹുസൈൻ, ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എന്നിവരും നിയമപണ്ഡിതരും ചരിത്രകാരന്മാരും വിദ്യാഭ്യാസ വിചക്ഷണരും ഈ പട്ടികയിൽ ഉൾപ്പെട്ടവരാണ്‌. 2014നുശേഷം നാമനിർദേശ മാനദണ്ഡങ്ങളിൽ വെള്ളംചേർത്തുവെങ്കിലും 2022ൽ ജമ്മു–കശ്‌മീരിലെ ബിജെപി നേതാവ്‌ ഗുലാം അലി ഖട്ടാനയെ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തത്‌ കൂടുതൽ വിനാശകരമായ നീക്കങ്ങളുടെ തുടക്കം മാത്രമായിരുന്നെന്ന്‌ ഇപ്പോൾ വ്യക്തമാകുന്നു.


ആർഎസ്‌എസ്‌–ബിജെപി പ്രവർത്തകനെന്ന മേൽവിലാസത്തിന്റെ മാത്രം ബലത്തിലാണ്‌ സി സദാനന്ദനെ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തിരിക്കുന്നത്‌; അദ്ദേഹമാകട്ടെ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ആളും. ഈ നാമനിർദേശത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. രാഷ്‌ട്രീയ അസഹിഷ്‌ണുതയ്‌ക്ക്‌ തെളിവായി ഈ എതിർപ്പിനെ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്‌. മോദിസർക്കാരിന്റെ കാലത്തുതന്നെ സുരേഷ്‌ ഗോപിയെയും പി ടി ഉഷയെയും രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തപ്പോൾ വിയോജിപ്പുണ്ടായില്ല; കാരണം അവർ കലാ–കായികമേഖലകളിൽ കുറെയൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു. ഇപ്പോഴാകട്ടെ, ആർഎസ്‌എസിന്റെ അക്രമരാഷ്‌ട്രീയത്തിന്‌ അംഗീകാരം നൽകാൻ ഭരണഘടനാ വ്യവസ്ഥയെ ദുരുപയോഗം ചെയ്‌തിരിക്കുകയാണ്‌. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിൽക്കുന്നു. ആർഎസ്‌എസ്‌ നേതൃത്വത്തിൽ കേരളത്തിൽ നടന്ന രക്തപങ്കിലമായ ആക്രമണങ്ങളുടെ ചരിത്രം മറച്ചുപിടിക്കാനാണ്‌ ഇവർ തയ്യാറായത്‌. സംഘപരിവാറിന്റെ നിഷ്‌ഠുര ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരും അംഗഭംഗം വന്ന്‌ ജീവച്ഛവമായവരും നൂറുകണക്കിനു പേരാണ്‌. ബാലികയായിരിക്കെ ആർഎസ്‌എസ്‌ ബോംബാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂരിലെ അസ്‌ന നമ്മുടെ കൺമുന്നിലുണ്ട്‌. ആർഎസ്‌എസിന്റെ സങ്കുചിത–-പിന്തിരിപ്പൻ അജൻഡകളെ വിമർശിക്കാൻ ധൈര്യം കാട്ടാത്ത മാധ്യമങ്ങൾ ബിജെപിയുടെ ഹീനമായ രാഷ്‌ട്രീയപദ്ധതിയെ വാഴ്‌ത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home