സമുദ്രസമ്പത്ത് സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു

സമുദ്രമേഖലയിലെ ആണവധാതുഖനനവും പര്യവേക്ഷണവും സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള, അതീവഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന കേന്ദ്ര നീക്കത്തെ ചെറുത്തു തോൽപ്പിക്കേണ്ടിയിരിക്കുന്നു. കേന്ദ്രസർക്കാർ ഈ വർഷം കൊണ്ടുവന്ന ഓഫ് ഷോർ ഏരിയാസ് ആറ്റമിക് ആക്‌ട് സമുദ്രമേഖലയിൽനിന്ന് യുറേനിയവും തോറിയവുംപോലുള്ള ആണവധാതുക്കളുടെ ഖനനത്തിന് സ്വകാര്യമേഖലയ്ക്ക് അനുമതി നൽകുന്നതാണ്. സ്വകാര്യ കരാറുകാരും വിദേശ ഏജൻസികളും ആഴക്കടൽ ധാതുഖനന മേഖലയിലേക്ക് ഇതോടെ കടന്നുവരും. അനിയന്ത്രിതമായ ഖനനവും പര്യവേക്ഷണവും കടലിന്റെ ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും മത്സ്യസമ്പത്തിനെയും നശിപ്പിക്കും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കും. മീനുകളുടെ ഭക്ഷ്യശൃംഖലയെ ഇല്ലാതാക്കും. ധാതുമണലിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ കിട്ടാതാകും. തൊഴിലവസരങ്ങൾ ഇല്ലാതാകും. പരിസ്ഥിതിക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഹാനികരമായ ഈ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചത് തികച്ചും ലാഘവബുദ്ധിയോടെയാണ്.
ഇന്ത്യയുടെ തനത് സാമ്പത്തിക മേഖലയിൽ ( Exclusive Economic Zone EEZ) ആണവധാതുക്കളുടെ പര്യവേക്ഷണവും ഖനനവും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് 2002 ൽ കൊണ്ടുവന്ന ഓഫ് ഷോർ ഏരിയാസ് മിനറൽ ആക്ടിന് കീഴിൽ 2025 ൽ ചട്ടം കൊണ്ടുവന്നതിന്റെ ലക്ഷ്യം ഊർജ സ്വാശ്രയത്വമാണെന്നാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്. എന്നാൽ അതിന് സമുദ്രം സ്വകാര്യ മേഖലയ്ക്ക് തീറെഴുതണമോ എന്ന ചോദ്യത്തിന് ഉത്തരമില്ല. പരമ്പരാഗതമായി ആണവ ധാതുക്കളുടെ ഖനനവും പര്യവേക്ഷണവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ നിർദേശിക്കുന്ന ഏജൻസികളുമാണ് നിർവഹിക്കുന്നത്. ഏറെ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന, സമുദ്രത്തിലെ ആണവ ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനു പിന്നിൽ പക്ഷേ നിക്ഷിപ്ത താൽപ്പര്യങ്ങളല്ലാതെ മറ്റൊന്നും കാണുന്നില്ല. തീരമണലിൽ തോറിയം പോലുള്ള ആണവധാതുക്കൾ ധാരാളമുള്ള കേരളം, ഒഡിഷ, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കാതെ ഖനനം സ്വകാര്യമേഖലയ്ക്ക് വിടാൻ നീക്കം നടത്തുന്നത് പ്രത്യക്ഷത്തിൽ പറയുന്ന ലക്ഷ്യത്തെക്കുറിച്ച് സംശയം ഉണർത്തുന്നു.
കടൽ മണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നടപടികൾ കടുത്ത എതിർപ്പിനിടയിലും ലേല ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് കടലിലെ ആണവധാതുക്കളുടെ ഖനനവും സ്വകാര്യമേഖലയെ ഏൽപ്പിക്കാൻ നീക്കം ശക്തമായിരിക്കുന്നത്. മത്സ്യത്തൊഴിലാളികളിൽനിന്നും പാരിസ്ഥിതിക പ്രവർത്തകരിൽനിന്നും കടുത്ത എതിർപ്പുയർന്നിട്ടും കടൽ മണൽ ഖനന തീരുമാനത്തിൽനിന്നും പിന്നാക്കം പോകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. മണൽ ഖനനം ചെയ്യാൻ കരാർ എടുക്കുന്ന കമ്പനികൾ പാരിസ്ഥിതിക ആഘാതപഠനം നടത്തി കേന്ദ്ര പരിസ്ഥിതി, ഫിഷറീസ് മന്ത്രാലയങ്ങളിൽനിന്ന് വ്യവസ്ഥകൾക്ക് വിധേയമായി പെർമിറ്റ് നേടണമെന്നും അതോടെ എല്ലാ ആശങ്കകൾക്കും പരിഹാരമാകുമെന്നുമാണ് കേന്ദ്ര ഖനിമന്ത്രി കിഷൻ റെഡ്ഡി പാർലമെന്റിൽ അറിയിച്ചത്. എന്നാൽ കടൽ മണൽഖനനം ഉയർത്തുന്ന വലിയ വെല്ലുവിളികൾക്ക് ഇത് മറുപടിയാകുമെന്ന് പ്രതീക്ഷിക്കാനാകില്ല.
മൂലധന സമ്പദ്‌വ്യവസ്ഥ പ്രകൃതിവിഭവങ്ങളെ വിവേകശൂന്യമായി കൊള്ളയടിച്ചതിന്റെ ദുരന്തം പാരിസ്ഥിതിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനമായി ലോകം അനുഭവിക്കുന്നു. എന്നിട്ടും കൊള്ളലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന സ്വകാര്യ കമ്പനികൾക്ക് പ്രകൃതി വിഭവങ്ങൾ അടിയറ വയ്ക്കാൻ മത്സരിക്കുകയാണ് നവ ഉദാരസാമ്പത്തിക നയങ്ങളുടെ വക്താക്കളായ വലതുപക്ഷ സർക്കാരുകൾ . അവയിൽ മുൻനിരയിലാണ് ബിജെപി ഭരിക്കുന്ന ഇന്ത്യാഗവൺമെന്റ്. കരയിലും കടലിലുമായി പ്രകൃതി കരുതി വച്ചിരിക്കുന്ന അമൂല്യ വിഭവങ്ങളെ ലാഭക്കൊതിക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. പരിസ്ഥിതിയെ തകർക്കുന്നതും പരമ്പരാഗത തൊഴിലുകൾ ഇല്ലാതാക്കുന്നതുമായ ഈ നീക്കം ഏതുവിധേനയും എതിർത്തു തോൽപ്പിക്കപ്പെടേണ്ടതാണ്.
സമുദ്രമേഖലയിലെ ആണവധാതു ഖനനവും പര്യവേക്ഷണവും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന് കൊണ്ടുവന്ന പുതിയ ചട്ടം പിൻവലിക്കണമെന്ന് വ്യവസായമന്ത്രി പി രാജീവ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം കേന്ദ്രത്തിൽ സമ്മർദം ചെലുത്തും വിധം ബഹുജന പ്രക്ഷോഭവും ഉയർന്നു വരേണ്ടിയിരിക്കുന്നു. ജനതാൽപ്പര്യം ഏതാനും മൂലധന ശക്തികൾക്ക് മുന്നിൽ അടിയറവച്ചിരിക്കുന്ന എൻഡിഎ സർക്കാരിന് ബഹുജനരോഷം മാത്രമാണ് പാഠമാകുക.









0 comments