നിലമ്പൂർ വിധിയെഴുതും മറ്റൊരു തുടക്കത്തിനായി

Nilambur Byelection
വെബ് ഡെസ്ക്

Published on Jun 19, 2025, 12:00 AM | 2 min read


മൂന്നാഴ്‌ചമാത്രം നീണ്ട പ്രചാരണത്തിനൊടുവിൽ നിലമ്പൂർ ഇന്ന്‌ ബൂത്തിലേക്ക്‌ നീങ്ങുകയാണ്‌. രാഷ്‌ട്രീയ വഞ്ചനയെത്തുടർന്ന്‌ അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണെങ്കിലും വോട്ടെടുപ്പിന്റെ ഫലം രാഷ്‌ട്രീയ കേരളത്തിന്റെ ഭാവി സംബന്ധിച്ച്‌ വ്യക്തമായ ദിശാസൂചികയാകുമെന്നതിൽ തർക്കമില്ല. എന്നും മതനിരപേക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ചിട്ടുള്ള ജനതയാണ്‌ നിലമ്പൂരിലേത്‌. ചർച്ചകൾ വഴിതിരിക്കാൻ ആദ്യവസാനം ചില ശ്രമങ്ങളുണ്ടായെങ്കിലും മണ്ഡലത്തിൽ സജീവമായി നിന്നത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന രാഷ്‌ട്രീയംതന്നെയായിരുന്നു.


വികസനത്തിനും നവകേരളത്തിനും ഒപ്പം നിലമ്പൂർ നിൽക്കണോ എന്നതാണ്‌ വോട്ടർമാരുടെ മുന്നിൽവന്ന ആദ്യചോദ്യം. വർഗീയത രാജ്യത്തിന്‌ വലിയ വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്ത്‌ പത്ത്‌ വോട്ടിനുവേണ്ടി ജമാഅത്തെ ഇസ്ലാമി എന്ന മതരാഷ്‌ട്രവാദ സംഘടനയുമായി കൂട്ടുകൂടിയ യുഡിഎഫിന്റെ അവസരവാദ നിലപാടാണ്‌ മണ്ഡലം ചർച്ച ചെയ്‌ത മറ്റൊരു വിഷയം. (ഈ നിലപാടിനെ ന്യായീകരിക്കാൻ അവർ മതരാഷ്‌ട്രവാദികളല്ലെന്ന സർട്ടിഫിക്കറ്റ്‌ നൽകിയ പ്രതിപക്ഷ നേതാവിനെയും കേരളം കണ്ടു) മനുഷ്യജീവന്‌ പരിഗണന നൽകാത്ത കേന്ദ്ര വനസംരക്ഷണ നിയമവും സംസ്ഥാനത്തെ മലയോര കർഷകർ നേരിടുന്ന വന്യജീവിശല്യവുമാണ്‌ മൂന്നാമത്തേത്‌.


പെൻഷനും ലൈഫും അടക്കമുള്ള ക്ഷേമപദ്ധതികൾ, അതിനോട്‌ മുന്നണികൾക്കുള്ള നിലപാട്‌, തൊട്ടടുത്തുള്ള മുണ്ടക്കൈ ദുരന്തത്തിലെ ദുരിതബാധിതരോടും കേരളത്തിന്റെ വികസനത്തോടും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന വൈരനിര്യാതന നടപടികൾ, അതിനോട്‌ രാഷ്‌ട്രീയ പാർടികൾ സ്വീകരിച്ച സമീപനം എന്നിവയും സജീവ ചർച്ചയായിരുന്നു. സ്വാഭാവികമായി സ്ഥാനാർഥികളുടെ മികവും അവർ വിവിധ വിഷയങ്ങളിൽ കൈക്കൊണ്ട അഭിപ്രായങ്ങളും വോട്ടർമാരുടെ മുന്നിൽ വന്നു. ഇവയ്‌ക്കാണ്‌ ഉത്തരമെങ്കിൽ നിലമ്പൂർ നവകേരളത്തിനും മതനിരപേക്ഷതയ്‌ക്കും ഒപ്പമായിരിക്കുമെന്നുറപ്പ്‌. ആ വികാരംതന്നെയാണ്‌ മണ്ഡലത്തിലുടനീളം നിറഞ്ഞുനിൽക്കുന്നതെന്ന്‌ വിവിധ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.


അതുകൊണ്ടുതന്നെ ചർച്ചയും പ്രചാരണവും വഴിതിരിച്ചുവിടാൻ ശ്രമങ്ങളുണ്ടായി. പന്നിക്കെണിമുതൽ പെട്ടിവരെ വച്ചുള്ള രാഷ്‌ട്രീയ കളികളെല്ലാം നോക്കി. എന്നാൽ, നിമിഷങ്ങൾക്കകം അവയെല്ലാം ആവിയായി. ഒടുവിൽ മണിക്കൂറുകൾമാത്രം അവശേഷിക്കെ അറ്റകൈയെന്നോണം സിപിഐ എമ്മിന്‌ ആർഎസ്‌എസ്‌ ബന്ധമെന്ന്‌ സംസ്ഥാന സെക്രട്ടറി സമ്മതിച്ചെന്ന പച്ചക്കള്ളമാണ്‌ യുഡിഎഫ്‌ കേന്ദ്രങ്ങൾ പ്രചാരണായുധമാക്കുന്നത്‌. എം വി ഗോവിന്ദൻ അടിയന്തരാവസ്ഥയിലെ രാഷ്‌ട്രീയമുന്നേറ്റങ്ങൾ വിശദീകരിക്കുന്നതിലെ ഏതാനും ചില വാചകങ്ങൾ വക്രീകരിച്ചാണ്‌ ഈ പ്രചാരണം. ജമാഅത്തെ ഇസ്ലാമിയുടെ ദൃശ്യമാധ്യമമാണ്‌ ഇത്‌ ഏറ്റുപിടിച്ചതെന്നും ശ്രദ്ധേയം. യുഡിഎഫിന്റെ മതരാഷ്‌ട്രവാദികളുമായുള്ള കൂട്ടുകെട്ടിനെ ഇതുവഴി പ്രതിരോധിക്കാനും ന്യൂനപക്ഷങ്ങളിൽ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനും കഴിയുമോയെന്നാണ്‌ നോക്കുന്നത്‌. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന്‌ എം വി ഗോവിന്ദൻ വാർത്താസമ്മേളനം വിളിച്ച്‌ വ്യക്തമാക്കി.


ആർഎസ്‌എസുമായി സിപിഐ എമ്മിന്‌ പണ്ടും ഇപ്പോഴും ഒരു ബന്ധവുമില്ലെന്നും ഭാവിയിൽ ഉണ്ടാകില്ലെന്നും ആവർത്തിച്ചതോടെ മണിക്കൂറുകൾമാത്രം നീണ്ട ആ കള്ളപ്രചാരണത്തിന്റെ ആയുസ്സും അവസാനിച്ചു. ആർഎസ്‌എസിന്റെ വോട്ട്‌ ഇടതുപക്ഷത്തിന്‌ വേണ്ടെന്ന്‌ 1979ലെ തെരഞ്ഞെടുപ്പിൽ ഇ എം എസ്‌ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. വർഗീയവാദികളെ മനുഷ്യരായി പരിഗണിക്കുന്നില്ലെന്നും അവരുടെ വോട്ട്‌ വേണ്ടെന്നും നിലമ്പൂരിലെ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌ ആദ്യഘട്ടത്തിൽത്തന്നെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം വോട്ടർമാരുടെ മുന്നിൽ നിൽക്കെയാണ്‌ ചർച്ച യഥാർഥ പ്രശ്‌നങ്ങളിൽനിന്ന്‌ വഴിതിരിച്ചുവിടാനുള്ള ഈ വൃഥാശ്രമം. എൽഡിഎഫ്‌ പക്ഷേ ഈ ചൂണ്ടകളിൽ കൊത്തിയില്ല. എൽഡിഎഫ്‌ സർക്കാരിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കു മുന്നിൽ നിരത്തി, പ്രതിപക്ഷം അവയോട്‌ സ്വീകരിക്കുന്ന പ്രതിലോമ നിലപാടും വിശദീകരിച്ചായിരുന്നു ജനങ്ങളെ സമീപിച്ചത്‌.


ഒമ്പതു വർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾ തൊട്ടറിഞ്ഞവരാണ്‌ നിലമ്പൂരിലെ വോട്ടർമാർ. 1800 കോടിയുടെ വികസനമാണ്‌ മണ്ഡലത്തിൽ നടപ്പായത്‌. ആദിവാസികളടക്കം മാസം അറുപതിനായിരത്തോളം പേർ ക്ഷേമപെൻഷനിലൂടെ പട്ടിണിയില്ലാതെ ജീവിക്കുന്നു. സംസ്ഥാനത്തെതന്നെ മികച്ച പൊതുജനാരോഗ്യകേന്ദ്രമായ നിലമ്പൂർ ജില്ലാ ആശുപത്രി, മിനി സിവിൽ സ്‌റ്റേഷൻ, മലയോര ഹൈവേ, ഹൈടെക്കായ സ്‌കൂളുകൾ... മന്ത്രിയെ സംഭാവന ചെയ്‌തിട്ടും യുഡിഎഫ്‌ കാലത്ത്‌ ദർശിക്കാനാകാത്ത വികസനക്കുതിപ്പിനാണ്‌ നിലമ്പൂർ സാക്ഷിയായത്‌.


നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രവും ഉപതെരഞ്ഞെടുപ്പ്‌ ചരിത്രവും എൽഡിഎഫിന്‌ അനുകൂലമാണെന്നതും വോട്ടർമാരുടെ മുന്നിലുണ്ട്‌. 1965ൽ രൂപീകരണംമുതൽ ഏഴുതവണ ഇടതുപക്ഷത്തെ നിയമസഭയിലേക്കയച്ച മണ്ഡലമാണ്‌ നിലമ്പൂർ.


ശരിമയുടെ രാഷ്‌ട്രീയത്തിനാകും നിലമ്പൂരിന്റെ വിധിയെഴുത്തെന്ന്‌ വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ്‌ പ്രചാരണരംഗത്തുനിന്ന്‌ വരുന്നത്‌. ടൂറിസത്തിനടക്കം വൻ സാധ്യതകളുള്ള സ്ഥലമാണ്‌ നിലമ്പൂർ. ആ സാധ്യതകൾ പ്രയോജനപ്പെടുത്തി പദ്ധതികൾ ഏറ്റെടുത്ത്‌ പൂർത്തീകരിക്കാൻ സഭയുടെ കാലാവധി അനുവദിക്കുന്നില്ലെങ്കിലും പലതും തുടങ്ങിവയ്‌ക്കാൻ ആകുമെന്ന സ്വരാജിന്റെ വാക്കുകളിലെ ആത്മാർഥത ജനങ്ങളുടെ ഹൃദയങ്ങളിലുണ്ട്‌. ആ തുടക്കം എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാമൂഴത്തിന്‌ നാന്ദികുറിക്കലായി മാറും.



deshabhimani section

Related News

View More
0 comments
Sort by

Home