വിദ്യാഭ്യാസ ഫണ്ട് തടഞ്ഞ് കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളി

pm shri scheme
വെബ് ഡെസ്ക്

Published on May 05, 2025, 02:51 AM | 3 min read


വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ രൂപം നൽകിയ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തോടും അതിനനുസൃതമായി ആവിഷ്കരിച്ച പിഎം ശ്രീ (പ്രൈം മിനിസ്റ്റേഴ്സ് സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയോടും വിയോജിപ്പ് സ്വാഭാവികമാണ്. വിയോജിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശവുമുണ്ട്. എന്നാൽ, അതിന്റെ പേരിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് നൽകാതിരിക്കുന്ന കേന്ദ്ര നടപടി രാഷ്ട്രീയപ്രേരിതവും ഭരണഘടനാ വിരുദ്ധവുമാണ്. സമഗ്ര ശിക്ഷാ പദ്ധതിയുടെ വിഹിതമായി കേരളത്തിന് നൽകേണ്ട 1500.27 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പ് വയ്ക്കാമെന്ന് ഉറപ്പ് നൽകിയാലേ ഫണ്ട് കുടിശ്ശിക അനുവദിക്കൂ എന്ന നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സംഘപരിവാർ രാഷ്ട്രീയത്തിന് വിദ്യാഭ്യാസത്തെയും തീറെഴുതാൻ സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്.


ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് ഉൾപ്പെടെയുള്ള പണമാണ് കേന്ദ്രം തടഞ്ഞുവച്ചിട്ടുള്ളത്. സംസ്ഥാനത്തെ പൊതുമേഖലാ വിദ്യാഭ്യാസത്തെ മികവുറ്റതാക്കി നിലനിർത്തുന്ന ഒരുപിടി പദ്ധതികൾ ഇതുമൂലം വെല്ലുവിളി നേരിടുന്നു. സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം തുടങ്ങി പെൺകുട്ടികളുടെ ശാക്തീകരണം, റസിഡൻഷ്യൽ ഹോസ്റ്റലുകളുടെ പ്രവർത്തനം, അധ്യാപക പരിശീലനം, ജീവനക്കാരുടെ ശമ്പളം എന്നിങ്ങനെ പൊതുവിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകൾക്കായുള്ള നീക്കിയിരിപ്പാണ് ഇതോടെ മുടങ്ങിയത്. വിദ്യാർഥികൾക്ക് ഇതുമൂലം കഷ്ടനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ന്യൂഡൽഹിയിലെത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് ഇതുസംബന്ധിച്ച നിവേദനം നൽകുകയും ചെയ്തു.


വിദ്യാഭ്യാസത്തെ പൂർണമായും കേന്ദ്ര സർക്കാരിനു കീഴിൽ കൊണ്ടുവന്ന് സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂലമാംവിധം മാറ്റിത്തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2020ൽ ദേശീയ വിദ്യാഭ്യാസനയത്തിന് എൻഡിഎ സർക്കാർ രൂപം നൽകിയത്. അതിനാലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിനെ എതിർക്കുന്നത്. സമ്പന്നമായ സാംസ്കാരിക വൈവിധ്യം നിലനിൽക്കുന്ന ഇന്ത്യയിൽ ഓരോ പ്രദേശത്തും അതത് പ്രദേശത്തിന് അനുയോജ്യമായ വിദ്യാഭ്യാസ നയത്തിന് രൂപം നൽകേണ്ടതുണ്ട് എന്നതിനാലാണ് ഭരണഘടനാ ശിൽപ്പികൾ വിദ്യാഭ്യാസത്തെ സംസ്ഥാനങ്ങളുടെ ചുമതലയിലാക്കിയത്. 1976ൽ വിദ്യാഭ്യാസത്തെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത ചുമതലയിലേക്ക് (സമവർത്തിപ്പട്ടിക) മാറ്റിയെങ്കിലും വിദ്യാഭ്യാസ നയരൂപീകരണത്തിലും നടപ്പാക്കലിലും സംസ്ഥാനങ്ങളുടെ അധികാരം നിലനിന്നു. എന്നാൽ, എല്ലാ അധികാരങ്ങളും കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കും വിധമാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകിയത്. കാര്യമായ കൂടിയാലോചനകൾ കൂടാതെ ഏകപക്ഷീയമായി നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം ഒരു രാജ്യം, ഒരു വിദ്യാഭ്യാസ നയം, ഒരു പാഠ്യപദ്ധതി, ഒരു പാഠപുസ്തകം എന്നതാണെന്ന വിമർശം ഉയർന്നു. സംഘപരിവാറിന്റെ കാവി രാഷ്ട്രീയം വിദ്യാഭ്യാസത്തിലൂടെ പുതുതലമുറയിൽ വേരുപിടിപ്പിക്കുകയെന്ന ഒളി അജൻഡ അതിനു പിന്നിലുണ്ടെന്ന വിലയിരുത്തലുകൾ ശരിവയ്‌ക്കുന്നതായിരുന്നു പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും എൻസിഇആർടി കൊണ്ടുവന്ന പരിഷ്കരണങ്ങൾ.


ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ തകർത്ത് ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഏകരൂപ രാജ്യമാക്കി മാറ്റി സംഘപരിവാർ രാഷ്ട്രീയത്തിന് അധീശത്വം ഉറപ്പിക്കാനുള്ള നീക്കമായതിനാലാണ് കേരളം ദേശീയ വിദ്യാഭ്യാസനയത്തെ എതിർത്തത്. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത അതിലെ വ്യവസ്ഥകൾ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കി മാറ്റുന്നതുമാണ്. വിദ്യാഭ്യാസത്തെ ഭാവിയിൽ പൂർണമായിത്തന്നെ സ്വകാര്യമേഖലയ്ക്ക് കൈമാറാനും വർഗീയവൽക്കരിക്കാനും ഹിന്ദുത്വ അജൻഡയിൽ തയ്യാറാക്കിയ നയത്തിന്റെ ചുവടുപിടിച്ച് തയ്യാറാക്കിയ പിഎം ശ്രീ പദ്ധതിയെയും അക്കാരണങ്ങൾ കൊണ്ടുതന്നെ കേരളം എതിർത്തു. രാജ്യത്താകെ 14,500 സ്കൂളിൽ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിലെ 336 സ്കൂളുകളെ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദേശം. ഇതോടെ ഈ സ്കൂളുകളിൽ കേന്ദ്ര സിലബസ് നിലവിൽ വരും. സ്കൂളുകളുടെ അക്കാദമിക് നിയന്ത്രണം കേന്ദ്ര സർക്കാരിനാവുകയും ചെയ്യും.


ദേശീയ വിദ്യാഭ്യാസ നയവും പിഎം ശ്രീ പദ്ധതിയും കേരളം പൊതുവിദ്യാഭ്യാസരംഗത്ത് കൈവരിച്ച വിലമതിക്കാനാകാത്ത നേട്ടങ്ങളെ പിറകോട്ടടിപ്പിക്കുമെന്നതിനാൽ അവയെ എതിർക്കാതിരിക്കാനാകില്ല. എന്നാൽ, സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ ഫണ്ട് തടഞ്ഞുവയ്‌ക്കുമെന്ന ഭീഷണി മുഴക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. കേന്ദ്ര ഫണ്ട് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തിലെ വ്യവസ്ഥകളെ സംബന്ധിച്ച് പഠിക്കുന്നതിന് സംസ്ഥാനം കഴിഞ്ഞ വർഷം മാർച്ചിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഇതൊന്നും വകവയ്ക്കാതെ പൊതുവിദ്യാഭ്യാസത്തിനുള്ള ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണ് കേന്ദ്രം.


രാജ്യത്തിന്റെ സമസ്ത മേഖലകളെയും ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിയറ വയ്ക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാരും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറും. അതിനായി ഏതു മാർഗവും സ്വീകരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെയും അതിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും ഭാവി അപകടത്തിലാക്കാനും അവർ മടിക്കില്ല എന്നതാണ് ഫണ്ട് വിലക്കിലൂടെ വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home