പ്രതീക്ഷയുടെ പ്രകാശം

madurai party congress editorial
വെബ് ഡെസ്ക്

Published on Apr 02, 2025, 12:00 AM | 3 min read


മധുരാ നഗരത്തിന് ഇത് ശോണസാന്ദ്രമായ പുലരികൾ. എവിടെയും ചുവപ്പിന്റെ തുടിപ്പുകൾ. വെള്ളപ്പട്ടാളത്തിനെതിരെ, നാട്ടുമാടമ്പികൾക്കെതിരെ, ജാതി പ്രമാണിമാർക്കെതിരെ, വഞ്ചക ജന്മികൾക്കെതിരെ പോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ രചിച്ച മധുര. വർഗസമര ചരിത്രത്തിന്റെ ഹൃദയമിടിപ്പുകളും സവിശേഷമായ പോരാട്ടവീര്യവും ആവേശം പകരുന്ന തമിഴക മണ്ണ്. വിപ്ലവ വീഥികളെ ചുവപ്പിച്ച രണധീരർക്ക് വീരവണക്കം അർപ്പിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ എമ്മിന്റെ 24-ാം പാർടി കോൺഗ്രസ് ഇന്ന് ഇവിടെ ആരംഭിക്കുന്നു. വിപ്ലവത്തിന്റെ, പോരാട്ടങ്ങളുടെ കർമ നൈരന്തര്യം ഏറ്റുവാങ്ങിയ പോരാളികളാണ് ഇവിടെ ഒത്തുചേരുന്നത്. കനൽ പാറുന്ന സമരപാതകളിൽ അവിശ്രമ സഞ്ചാരം നടത്തുന്നവർ. ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ നേരവകാശികൾ. അതെ, ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഏടുകൾതന്നെയാണ് സിപിഐ എം പാർടി കോൺഗ്രസുകൾ. മധുരയിൽ ചേരുന്ന 24–-ാം പാർടി കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയത്തിന് കൃത്യവും വ്യക്തവുമായ ദിശാബോധം നൽകും.


1920 ഒക്ടോബർ 17ന് സോവിയറ്റ് യൂണിയനിലെ താഷ്കന്റിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നത്. പാർടി രൂപീകരിച്ച് തിരിച്ചുവരുന്ന വഴി സെക്രട്ടറി മുഹമ്മദ് ഷഫീഖ് അടക്കം നേതാക്കൾ അറസ്റ്റിലായി. പിന്നെ ബ്രിട്ടീഷ് സർക്കാരിന്റെ ഗൂഢാലോചനക്കേസുകൾ, അറസ്റ്റ്, നിരോധനങ്ങൾ. ഇവയൊക്കെ നേരിട്ടും ചെറുത്തും മുന്നേറിയ പാർടിയുടെ ഒന്നാം കോൺഗ്രസ് ചേരുന്നത്‌ 1943ൽ ബോംബെയിൽ. മധുരയിൽ ഇത് മൂന്നാംവട്ടമാണ് ചേരുന്നത്. 1964ൽ കൽക്കട്ടയിൽ ഏഴാം കോൺഗ്രസിലാണ് സിപിഐ എം രൂപീകരിക്കുന്നത്.


കേന്ദ്രകമ്മിറ്റി അംഗീകരിച്ച് പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം രണ്ടുമാസം മുന്നേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23–--ാം പാർടി കോൺഗ്രസിനു ശേഷമുള്ള ലോകത്തെയും ഇന്ത്യയിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ പ്രമേയം വിലയിരുത്തുന്നുണ്ട്‌. പാർടിയുടെ എല്ലാ തലത്തിലുമുള്ള ഘടകങ്ങൾ പ്രമേയം ഇതിനകം ചർച്ച ചെയ്തു. പൊതുജനങ്ങൾക്കും പ്രമേയം ലഭ്യമായിരുന്നു. ആർക്കും ഭേദഗതി നിർദേശിക്കാവുന്ന തരത്തിൽ മഹത്തായ ജനാധിപത്യ മാതൃകയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. പ്രമേയം ഇനി പാർടി കോൺഗ്രസിലെ പ്രതിനിധികൾ ചർച്ച ചെയ്ത് അംഗീകരിക്കും.


ലോകത്തും ഇന്ത്യയിലും ഭീതിയുടെ കലുഷിതമായ സാഹചര്യങ്ങളാണ്‌. അകത്തും പുറത്തും ആശങ്കകളും സംഘർഷങ്ങളും ആക്രമണങ്ങളും നിറഞ്ഞ ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ ലോക സാഹചര്യങ്ങളാകെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. ട്രംപിന്റെ നീക്കങ്ങളും നിലപാടുകളും വ്യാപാര കാര്യത്തിലടക്കമുള്ള നയങ്ങളും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലസ്തീൻ എന്ന കൊച്ചുനാട് ഭയത്താൽ വിറങ്ങലിച്ച് നിൽക്കുന്നതാണ് ലോകത്തെ വേദനിപ്പിക്കുന്ന മറ്റൊരു കാഴ്ച. ഗാസയിൽ ഏതു നിമിഷവും തലയ്ക്കുമീതെ ബോംബുകൾ വന്നുവീഴുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും ജീവനോടെ ചിന്നിച്ചിതറുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ ഓമന മുഖം നെടുകെ പിളരുന്നു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന അരുംകൊലകൾ അവസാനിപ്പിക്കാൻ ആർക്കും കഴിയുന്നില്ല. റഷ്യ–-- ഉക്രയ്ൻ യുദ്ധം വേറൊരു വിഷയം.


ഇതിനൊക്കെയിടയിലും പ്രതീക്ഷയുടെ പ്രകാശരശ്മികൾ എവിടെയൊക്കെയോ തിളങ്ങുന്നുണ്ട്. നിലയ്ക്കാത്ത പോരാട്ടങ്ങളുടെ ആരവങ്ങൾ, പരിവർത്തനത്തിന്റെ കേളികൊട്ടുകൾ. എല്ലാ കാലത്തും ഏതിരുട്ടിലും പ്രതീക്ഷയുടെ ചെറുവെളിച്ചമെങ്കിലും പല തരികളായി പരന്ന്, പടർന്ന് എത്തുമെന്ന് ആശിക്കാം. ശ്രീലങ്കയും ലാറ്റിനമേരിക്കയും കൊച്ചുകേരളവുമെല്ലാം പടർത്തുന്നത് ആ പ്രകാശമാണ്. മാനവ വിമോചന പ്രത്യയശാസ്ത്രമെന്ന നിലയിൽ കമ്യൂണിസംതന്നെയാണ് ആ പ്രത്യാശ. അതുകൊണ്ടുതന്നെ മധുരയിൽ സിപിഐ എം പാർടി കോൺഗ്രസിന്റെ ഓരോ പ്രഖ്യാപനത്തിനും രാജ്യമാകെ കാതോർക്കുന്നു.


ഇന്ത്യയിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ശക്തികൾക്കെതിരെ ആവുന്നത്ര ശക്തിയിൽ ജനങ്ങൾ പോരാടി എന്നത് വസ്തുത. അതുകൊണ്ടാണ് ബിജെപിക്ക് തിരിച്ചടി കിട്ടിയതും തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരുന്നതും. എങ്കിലും, അവർ തീവ്രഹിന്ദുത്വ അജൻഡകൾ ഒന്നൊന്നായി പുറത്തെടുക്കുകയാണ്. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനും മനുസ്മൃതിയിലേക്ക് മടക്കിക്കൊണ്ടുപോകാനുമാണ് ശ്രമം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീകരതയിലൂടെയാണ് ഓരോ ദിനവും രാജ്യം കടന്നുപോകുന്നത്. പ്രതിപക്ഷ കക്ഷികളെ അടിച്ചമർത്തുന്ന, അമിതാധികാരം പ്രയോഗിക്കുന്ന നവഫാസിസ്റ്റ്‌ സ്വഭാവമാണ്‌ മോദിഭരണത്തിന്റേത്‌. ചിത്രത്തിന്റെ ഒരുവശം ഇതാണെങ്കിൽ നവഉദാരവാദ സാമ്പത്തിക നയത്തിന്റെ ബഹുമുഖ ആക്രമണമാണ് മറുവശം. ദാരിദ്ര്യവും ചൂഷണവും തൊഴിലില്ലായ്മയും അതിഭീകരമായ അസമത്വവും പെരുകുന്നു. ഈ ഹിന്ദുത്വ-–- നവഉദാരവാദ നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാനും നിലപാടുകൾ സ്വീകരിക്കാനും ഇടതുപക്ഷത്തിനേ കഴിയൂ. ഹിന്ദുത്വ വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദുർബലമാണ്. പ്രാദേശിക പാർടികളും ഇടതുപക്ഷവുമാണ് ബിജെപിയെ ശക്തിയായി നേരിടുന്നത്. ഇടതുപക്ഷത്തിന്റെ പ്രതിരോധവും ശബ്ദവുമാണ് രാജ്യത്തിന്റെ പ്രതീക്ഷ. കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന ബദൽനിലപാടുകൾ രാജ്യമാകെ ശ്രദ്ധിക്കുന്നു. ഈയൊരു സാഹചര്യത്തിൽ മതനിരപേക്ഷ - ജനാധിപത്യ ശക്തികളെ ഒരുമിച്ച് അണിനിരത്താൻ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഐ എമ്മിന്റെ സ്വതന്ത്രശേഷി വർധിക്കണം. കരട് രാഷ്ട്രീയ പ്രമേയം ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. ഈ ദിശയിൽ, വരുംകാലത്തേക്കുള്ള രാഷ്ട്രീയവും അടവുപരവുമായ നിലപാടുകൾ പാർടി കോൺഗ്രസ് തീരുമാനിക്കും. ഇന്ത്യൻ രാഷ്‌ട്രീയത്തിന് ശരിയായ ദിശാബോധം പകരുന്ന നിലപാടായിരിക്കും അത്.



deshabhimani section

Related News

View More
0 comments
Sort by

Home