മഴവിൽസഖ്യത്തിന്റെ 
വിജയം ; എൽഡിഎഫ്‌ അടിത്തറ ഭദ്രം

ldf Nilambur Byelection
വെബ് ഡെസ്ക്

Published on Jun 24, 2025, 12:00 AM | 2 min read


സിറ്റിങ്‌ എംഎൽഎ രാജിവച്ചതിനെ തുടർന്ന്‌ നിലമ്പൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത്‌ വിജയിച്ചു. കോൺഗ്രസ്‌ പ്രതിനിധിയായ ഷൗക്കത്തിന്‌ 77,737 വോട്ടും എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എമ്മിലെ എം സ്വരാജിന്‌ 66,660 വോട്ടും ലഭിച്ചു. അങ്ങേയറ്റം വാശിയും വീറും പ്രകടമായ പ്രചാരണത്തിനുശേഷമായിരുന്നു വോട്ടെടുപ്പ്‌. ഈ പ്രചാരണത്തിൽ സംസ്ഥാന സർക്കാരിനോ എൽഡിഎഫിനോ എതിരായ വികാരമൊന്നും പ്രകടമായിരുന്നില്ലെന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. തുടർച്ചയായി പ്രതിപക്ഷത്ത്‌ ഇരിക്കേണ്ടിവരുന്നതിൽ യുഡിഎഫിനുള്ള അസ്വസ്ഥതയും വേവലാതിയും ആശങ്കയുമൊക്കെയാണ്‌ അവരുടെ പ്രചാരണത്തിൽ ദൃശ്യമായിരുന്നത്‌. പരമ്പരാഗതമായി യുഡിഎഫിനോട്‌ കാര്യമായ ചായ്‌വ്‌ കാട്ടുന്ന മണ്ഡലത്തിൽ കഴിഞ്ഞ രണ്ട്‌ തവണയും എൽഡിഎഫ്‌ പിന്തുണച്ച സ്വതന്ത്രൻ പി വി അൻവറാണ്‌ വിജയിച്ചത്‌. അൻവർ അദ്ദേഹത്തിന്റേതായ കാരണങ്ങളാൽ എൽഡിഎഫിനോട്‌ രാഷ്‌ട്രീയ വഞ്ചന കാട്ടിയ സാഹചര്യത്തിലാണ്‌ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.


ഓരോ തെരഞ്ഞെടുപ്പ്‌ ഫലത്തിനും അതിന്റേതായ പ്രസക്തിയാണുള്ളത്‌. അൻവർ 2016ൽ 11,504 വോട്ടിന്റെയും 2021ൽ 2,700 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ്‌ ജയിച്ചത്‌. അതേസമയം ഏതാനും മാസങ്ങൾക്ക്‌ മുമ്പ്‌ നടന്ന വയനാട്‌ ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്ക്‌ നിലമ്പൂരിൽ 65,132 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇപ്പോൾ മണ്ഡലത്തിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 11,077 വോട്ടായി കുറഞ്ഞു. മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ ആവേശപൂർവം സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി തങ്ങളെ സഹായിച്ചിരുന്നല്ലോ എന്നാണ്‌ ഇതിനോട്‌ പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിക്ക്‌ യുഡിഎഫിൽ സ്ഥിരം അംഗത്വം നൽകുമോ എന്നുമാത്രമാണ്‌ അറിയാനുള്ളത്‌. മറുവശത്ത്‌, എൽഡിഎഫ്‌ വിജയം തടയാൻ ബിജെപിക്കാർ അവരുടെ വോട്ടുകൾ യുഡിഎഫിന്‌ മറിച്ച്‌ നൽകിയതായി എൻഡിഎ സ്ഥാനാർഥി തന്നെ വെളിപ്പെടുത്തി. കേരളത്തോട്‌ മോദിസർക്കാർ കാട്ടുന്ന അനീതിയെ ന്യായീകരിക്കുന്ന യുഡിഎഫിനോട്‌ ബിജെപിക്ക്‌ അടുപ്പം തോന്നുന്നത്‌ സ്വാഭാവികം. ഇത്തരത്തിൽ മഴവിൽസഖ്യമാണ്‌ എൽഡിഎഫിനെതിരെ രംഗത്തുണ്ടായിരുന്നത്‌. യുഡിഎഫിന്‌ അഭിമാനിക്കാൻ വക നൽകുന്ന വിജയമായി ഇതിനെ കാണാൻ കഴിയില്ല; വിജയത്തിന്‌ അവകാശികൾ പലരും വരും.


സംശുദ്ധ രാഷ്‌ട്രീയത്തിൽ ഉറച്ചുനിന്ന്‌ തികച്ചും മതനിരപേക്ഷമായ പ്രചാരണരീതിയാണ്‌ എൽഡിഎഫ്‌ പിന്തുടർന്നത്‌. ജയിച്ചാലും തോറ്റാലും വർഗീയവാദികളുടെ വോട്ട്‌ വേണ്ടെന്ന്‌ എൽഡിഎഫ്‌ പ്രഖ്യാപിച്ചു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന വിഷയങ്ങൾ മുന്നോട്ടുവച്ചു; യുഡിഎഫ്‌ സൃഷ്ടിക്കാൻ ശ്രമിച്ച വിവാദങ്ങൾക്കു പിന്നാലെ എൽഡിഎഫ്‌ പോയില്ല. പക്വവും സൂക്ഷ്‌മവുമായ രാഷ്‌ട്രീയനിലപാടും വികസനകാഴ്‌ചപ്പാടും അവതരിപ്പിച്ച എൽഡിഎഫിന്‌ പതറേണ്ട സാഹചര്യമൊന്നും മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. ഫലം നൽകുന്നതും എൽഡിഎഫിന്റെ രാഷ്‌ട്രീയ അടിത്തറ ഭദ്രമാണെന്ന സന്ദേശമാണ്‌. ജയപരാജയങ്ങൾക്ക് അനുസൃതമായി മാറ്റിമറിക്കാൻ കഴിയുന്നതല്ല പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന നിലപാടുകൾ. അതേസമയം, നയസമീപനങ്ങൾ നടപ്പാക്കുന്നതിൽ പ്രായോഗികതലത്തിൽ വീഴ്‌ചകളുണ്ടെങ്കിൽ അവ പരിശോധിക്കുമെന്ന്‌ എൽഡിഎഫ്‌ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌.


വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെയോ നിയമസഭാ തെരഞ്ഞെടുപ്പിനെയോ ആഴത്തിൽ സ്വാധീനിക്കുന്നതൊന്നുമല്ല നിലമ്പൂർ ഫലം. ഇടതുജനാധിപത്യ മുന്നണിക്ക്‌ തുടർഭരണം ഉറപ്പാക്കാൻ അനുകൂലപശ്ചാത്തലം സംസ്ഥാനത്ത്‌ ഉടനീളം നിലനിൽക്കുന്നുമുണ്ട്. എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടങ്ങളോ ക്ഷേമപദ്ധതികളോ റദ്ദാകുന്നില്ല. വർഗീയകലാപങ്ങളില്ലാത്ത സംസ്ഥാനം എന്ന ഖ്യാതി ഇല്ലാതാകുന്നില്ല. മഹാമാരിയെയും പ്രകൃതിദുരന്തങ്ങളെയും ഒത്തൊരുമയോടെ അതിജീവിക്കുന്നതിന്‌ നേതൃത്വം നൽകിയ സർക്കാരിന്റെ മികവ്‌ അനിഷേധ്യമായി കൺമുന്നിൽ നിൽക്കുകയാണ്‌. അതേസമയം, മൂന്നര ദശകമായി രാജ്യത്ത്‌ നടപ്പാക്കുന്ന നവഉദാരവൽക്കരണനയങ്ങൾ കേരളീയ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം പ്രതിരോധിക്കാൻ സാംസ്‌കാരികവും സാമൂഹ്യവും രാഷ്‌ട്രീയവുമായ ജാഗ്രത കൂടുതൽ ശക്തമായി തുടരണം. നിരന്തരം വ്യാജപ്രചാരണങ്ങൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സത്യാനന്തരകാല രാഷ്‌ട്രീയപ്രവർത്തനശൈലി കേരളത്തിൽ വിജയം നേടുന്നത്‌ അനുവദിച്ചുകൊടുക്കരുത്‌.



deshabhimani section

Related News

View More
0 comments
Sort by

Home