പ്രതിസന്ധി മറയ്‌ക്കാൻ പരാക്രമം

kpcc kerala and udf clash
വെബ് ഡെസ്ക്

Published on May 17, 2025, 12:01 AM | 2 min read

കേരളത്തിലെ കോൺഗ്രസ്‌ ചെന്നുപതിച്ച പ്രതിസന്ധിയുടെ ആഴം അളന്നു തിട്ടപ്പെടുത്തുക അസാധ്യം. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ അപമാനിതനായി പടിയിറങ്ങേണ്ടിവന്ന കെ സുധാകരൻ കേരളത്തിലെ നേതാക്കൾക്കും ഹൈക്കമാൻഡിനുമെതിരെ നിരന്തരം ഉന്നയിക്കുന്ന വിമർശങ്ങൾ കുറേ കാലത്തേക്ക്‌ കോൺഗ്രസിനെ പ്രതിരോധത്തിലാക്കും. സംസ്ഥാന –- ദേശീയ നേതൃത്വവുമായി നിരന്തരം കലഹിക്കുന്ന കെ മുരളീധരനെപ്പോലുള്ള നേതാക്കളും ഇതേവഴിയിലാണ്‌.


എന്നാൽ, ഈ അപകടാവസ്ഥയിൽനിന്ന്‌ രക്ഷപ്പെടാൻ കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ സിപിഐ എം പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള തീക്കളിക്കാണ്‌ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകുന്നത്‌. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ജയിക്കുമെന്ന്‌ ഉറപ്പില്ലെന്നും തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന്‌ മാറ്റിയത്‌ പാർടി നശിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ദുർമനസ്സിന്റെ ഇടപെടലാണെന്നും പ്രസിഡന്റിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെയും മാറ്റുന്നതാണ്‌ രീതിയെന്നും സുധാകരൻ പറഞ്ഞത് കോൺഗ്രസിൽ ഭൂകമ്പം സൃഷ്‌ടിക്കും. ഒരു ചർച്ചയും കൂടാതെയാണ്‌ തന്നെ മാറ്റിയതെന്നും സുധാകരൻ ആവർത്തിച്ചു പറയുന്നുണ്ട്‌.


കോൺഗ്രസിനെ സെമി കേഡർ സ്വഭാവത്തിലേക്ക്‌ ഉയർത്തും, ബൂത്തുതലത്തിൽ സംഘടനയെ ശക്തമാക്കും, എല്ലാത്തിലുമുപരി പിണറായി സർക്കാരിനെ താഴെയിറക്കും എന്നൊക്കെയാണ്‌ കെപിസിസി പ്രസിഡന്റായ ഉടനെ കെ സുധാകരൻ വീമ്പ്‌ പറഞ്ഞിരുന്നത്‌. ദൗത്യങ്ങളെല്ലാം പരാജയപ്പെട്ട്‌ ആ സ്ഥാനത്തുനിന്ന്‌ ആചാരോപചാരങ്ങളില്ലാതെ ഒഴിയേണ്ടി വന്നപ്പോൾ കിട്ടിയ എഐസിസി പ്രവർത്തക അംഗത്വം എന്ന പ്രോത്സാഹന സമ്മാനവുമായി സുധാകരൻ സ്വസ്ഥമായി കണ്ണൂരിലെ വീട്ടിൽ വിശ്രമിക്കുമെന്ന്‌ ആശ്വസിക്കുന്നവരല്ല, പാർടിയിലെ ദുർമനസ്സുള്ളവർ എന്ന്‌ സുധാകരൻ വിശേഷിപ്പിച്ചവർ. തന്നെ മാറ്റാൻ ചരടുവലിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരെയുള്ള മിസൈലുകളാണ്‌ സുധാകരന്റെ വാക്കുകൾ. എന്നാൽ, ഈ കടന്നാക്രമണങ്ങളെ അവഗണിച്ച്‌ സുധാകരനെ അപമാനിക്കുക എന്ന തന്ത്രമാണ്‌ എതിരാളികൾ സ്വീകരിക്കുന്നത്‌. തങ്ങൾ പ്രതികരിക്കേണ്ട തരത്തിലുള്ള യോഗ്യതയൊന്നും സുധാകരനില്ലെന്ന സമീപനമാണിത്‌.


കോൺഗ്രസ്‌ ജയിക്കാൻ സാധ്യതയില്ലെന്ന്‌ പറയുന്ന സുധാകരനെത്തന്നെയാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നയിക്കാനുള്ള ചുമതല എഐസിസി നേതൃത്വം ഏൽപ്പിച്ചിരിക്കുന്നത്‌. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ കോൺഗ്രസിൽ സ്‌ഫോടനം സൃഷ്‌ടിക്കുന്ന രീതിയിൽനിന്നുള്ള മാറ്റം രാഷ്‌ട്രീയ കേരളം ഗൗരവമായി കാണേണ്ടതാണ്‌. സാധാരണനിലയിൽ തർക്കങ്ങളെക്കുറിച്ചുള്ള വാർത്തകൾ മയപ്പെടുത്തി നൽകുന്ന കോൺഗ്രസ്‌ അനുകൂല മാധ്യമങ്ങളുടെ ദൗത്യം കൂടുതൽ അനായാസമാക്കാൻ വേണ്ടിയാണ്‌ കണ്ണൂരിലെ മലപ്പട്ടമടക്കമുള്ള സ്ഥലങ്ങളിൽ ബോധപൂർവം കോൺഗ്രസ്‌ നേതാക്കൾതന്നെ പ്രകോപനം സൃഷ്‌ടിക്കുന്നത്‌. ഒമ്പതുവർഷമായി പ്രതിപക്ഷത്തിരിക്കുകയും സമീപഭാവിയിൽ ഭരണം കിട്ടുമെന്ന പ്രതീക്ഷയറ്റുപോകുകയും ചെയ്‌ത കോൺഗ്രസ്‌ നേതാക്കൾ സിപിഐ എമ്മിനു മേൽ കുതിരകയറിയിട്ട്‌ എന്ത് കാര്യം. ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ടതിന്‌ മറ്റു പാർടികളോട്‌ എന്തിന്‌ പരാക്രമം കാണിക്കണം. ധീരജ്‌ എന്ന എസ്‌എഫ്‌ഐ പ്രവർത്തകന്റെ നെഞ്ചിലാഴ്‌ത്തിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന പ്രകോപന മുദ്രാവാക്യം വിളിയുമായി സിപിഐ എമ്മിനെ ഭീഷണിപ്പെടുത്തുമ്പോൾ കൊലപാതക രാഷ്‌ട്രീയത്തിന്റെ പതാകവാഹകരാണ്‌ തങ്ങളെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ നേതൃത്വം.


ഗ്രൂപ്പുപോരുകൾ കോൺഗ്രസിൽ പുതിയൊരു കാര്യമല്ല. എക്കാലത്തും ഗ്രൂപ്പുകളുടെ ഒരു കോൺഫെഡറേഷനാണ്‌ കോൺഗ്രസെന്ന്‌ ആ പാർടിയുടെ നേതാക്കൾതന്നെ തെല്ല്‌ അഭിമാനത്തോടെ പറയാറുണ്ട്‌. കെ കരുണാകരൻ ഒരു വശത്തും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾ മറുവശത്തുമായി നടത്തിയ വർഷങ്ങൾ നീണ്ട ഗ്രൂപ്പുയുദ്ധങ്ങൾ ആ പാർടിയുടെ ജീർണിച്ച മുഖം കേരളത്തിന്‌ കാട്ടിത്തന്നു. വ്യക്തികേന്ദ്രിതമായ രാഷ്‌ട്രീയ പ്രവർത്തനം, അതിനായുള്ള ഗ്രൂപ്പുകളികൾ, പാർടിയിലെ അധികാരം പിടിക്കൽ, ജനപ്രതിനിധികളായാലും അല്ലെങ്കിലും അഴിമതി നടത്തി കോടികൾ പോക്കറ്റിലാക്കൽ എന്നതാണ്‌ പതിറ്റാണ്ടുകളായി കോൺഗ്രസ്‌ നേതാക്കൾ തുടരുന്ന രീതി. സംസ്ഥാന ഭരണം കിട്ടിയപ്പോഴൊക്കെയും അഴിമതിക്കേസിൽപ്പെടാത്ത കോൺഗ്രസ്‌ നേതാക്കൾ ചുരുക്കമായിരിക്കും.


നിരാശയും മോഹഭംഗവുമാണ്‌ കോൺഗ്രസിനെ അക്രമങ്ങളിലേക്ക്‌ നയിക്കുന്നത്‌. ഒരു ഭാഗത്ത്‌ സമഗ്രവികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കൊടിപാറിച്ച്‌ എൽഡിഎഫ്‌ സർക്കാർ കേരളത്തെ ഉയരങ്ങളിലേക്ക്‌ നയിക്കുമ്പോൾ ഗ്രൂപ്പുയുദ്ധങ്ങളിലും അത്‌ മറയ്‌ക്കാനുള്ള അക്രമങ്ങളിലും അഭിരമിക്കുകയാണ്‌ കോൺഗ്രസ്‌ നേതൃത്വം. ജനമനസ്സുകളിൽനിന്ന്‌ എന്നോ തൂത്തെറിയപ്പെട്ട കോൺഗ്രസ്‌ നേതാക്കൾ കാലത്തിന്റെ ചുവരെഴുത്ത്‌ മനസ്സിലാക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home