വ്യവസായ കുതിപ്പിൽ കേരളം മുന്നോട്ട്

ഒരുകാലത്ത് ഇന്ത്യയുടെ വ്യവസായ ഭൂപടങ്ങളിലൊന്നും സ്ഥാനമില്ലാതിരുന്ന കേരളം ഇന്ന് നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ രാജ്യത്ത് ഇരുപത്തെട്ടാം സ്ഥാനത്തായിരുന്നു കേരളം. അവിടെനിന്ന് പതിനഞ്ചിലേക്കും കഴിഞ്ഞവർഷം ഒന്നാംറാങ്കിലേക്കും മുന്നേറി. അപ്രാപ്യമെന്ന് കരുതിയ നേട്ടങ്ങളാണ് തുടർച്ചയായി രണ്ടാംവർഷവും കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിൽ ‘ടോപ്പ് അച്ചീവർ’ എന്ന അഭിമാന പദവി സംസ്ഥാനം കൈവരിച്ചത്. ഏറ്റവും ഉയർന്ന ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തിലാണ് ഒന്നാംറാങ്ക് നിലനിർത്തിയത്. നാലു ബിസിനസ് വിഭാഗങ്ങളിലും ഒമ്പത് മേഖലകളിലും ഒന്നാമതെത്തിയാണ് ഇൗ നേട്ടത്തിന് അർഹമായത്. നിർദേശിച്ച 434 പരിഷ്‌കാരങ്ങളിൽ 430 ഉം നടപ്പാക്കിയാണ് കുതിപ്പ്. വ്യവസായ വികസനത്തിൽ ഒന്നാംസ്ഥാനത്തേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നിൽ എൽഡിഎഫ് സർക്കാരിന്റെ നിശ്‌ചയദാർഢ്യവും ശക്തമായ ഇടപെടലുകളുമാണ്.
നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയതോടൊപ്പം കൂടുതൽ വ്യവസായനിക്ഷേപം ആകർഷിക്കുന്നതിനായി സർക്കാർ പുതിയ വ്യവസായനയം പ്രഖ്യാപിച്ചു. ചുവപ്പുനാടകളില്ലാതെ, നടപടിക്രമങ്ങൾ എളുപ്പമാക്കി വ്യവസായങ്ങൾക്ക് ലൈസൻസ് ഉൾപ്പെടെയുള്ള എല്ലാ അനുമതികളും നൽകാൻ കെ-സ്വിഫ്റ്റ് സംവിധാനം ഒരുക്കി. 50 കോടി രൂപ വരെയുള്ള സംരംഭങ്ങൾക്ക് അഞ്ചു മിനിറ്റിനുള്ളിൽ ലൈസൻസ് നൽകുന്ന നൂതനസംവിധാനമാണിത്. 50 കോടിക്ക് മുകളിലുള്ളവയ്ക്ക് ഏഴു ദിവസത്തിനുള്ളിൽ ലൈസൻസ് ലഭിക്കാനും സൗകര്യമൊരുക്കി. പരാതികൾ 30 ദിവസത്തിനകം തീർപ്പാക്കുന്നതിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് പിഴ ഈടാക്കുന്ന സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കി. എല്ലാ തരത്തിലും വ്യവസായികൾക്ക് സഹായകമാകുന്ന നിലപാട് സ്വീകരിച്ചു. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതല്ലെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും തുടർച്ചയായി ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം പുരസ്‌കാരം ലഭിച്ചപ്പോൾ അതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ നിരന്തരം പ്രചാരണം നടത്തി. മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായടിപ്പിക്കുന്നതാണ് രണ്ടാംവർഷവും ലഭിച്ച ഒന്നാംസ്ഥാനം.
ലോകം ഏറ്റവും ആധുനികമായ വ്യവസായങ്ങളിലേക്ക് മാറുമ്പോൾ കമ്പനികൾ ആവശ്യപ്പെടുന്നത് അതിനനുസരിച്ചുള്ള നൈപുണ്യമുള്ള ചെറുപ്പക്കാരെയാണ്. നൈപുണ്യശേഷിയുള്ളവരെ യഥേഷ്ടം ലഭ്യമാക്കാൻ കഴിയുംവിധം യുവജനങ്ങളുടെ നൈപുണ്യശേഷി വികസിപ്പിക്കാനുള്ള നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. നൈപുണ്യശേഷി വികസിപ്പിക്കുന്നതിനാവശ്യമായ പരിശീലനസ്ഥാപനങ്ങൾ തുടങ്ങി.
ഐടിഐ, പോളിടെക്‌നിക്, എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങളിൽ പ്രത്യേകപരിശീലനങ്ങൾ നൽകുന്നു. ആദ്യമായി സ്വകാര്യ വ്യവസായ പാർക്കുകളും ക്യാമ്പസ് വ്യവസായ പാർക്കുകളും തുടങ്ങി. ഇരുപത്തഞ്ചിലധികം സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. വ്യവസായ വകുപ്പ് ഫെബ്രുവരിയിൽ സംഘടിപ്പിച്ച ആഗോളനിക്ഷേപക സംഗമത്തിൽ താൽപ്പര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ നൂറ് പദ്ധതികളുടെയും നിർമാണം കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ തുടങ്ങാൻ സാധിച്ചതും കേരളത്തിന്റെ വലിയ നേട്ടമാണ്. 35,111.75 കോടി രൂപയുടെ പദ്ധതികളാണ് നിർമാണത്തിലുള്ളത്. താൽപ്പര്യപത്രം ഒപ്പിട്ട പ്രമുഖ കമ്പനികൾ ചുരുങ്ങിയ സമയത്തിൽ നൂറ് പദ്ധതികൾ തുടങ്ങുന്നത് രാജ്യത്തു തന്നെ ആദ്യമാണ്. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം വർധിപ്പിക്കാനും സാധിച്ചു. അർധ വാർഷിക കണക്കെടുപ്പിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 27 ആയി.
നിരവധി കമ്പനികളുടെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്‌ച മുന്പാണ് ആർച്ച് ഗ്ലോബൽ സർവീസസ് ഇന്ത്യയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ജിസിസി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തെ രണ്ടാംതല നഗരങ്ങളിൽ ജിസിസികൾ ആരംഭിക്കാൻ ഏറ്റവും അനുകൂലമായ രണ്ട് നഗരങ്ങൾ കേരളത്തിലാണ്. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, ടെക്നോളജി ആൻഡ് സോഫ്‌റ്റ്‌വെയർ, ഹെൽത്ത്കെയർ, റീട്ടെയിൽ ആൻഡ് ഇ കൊമേഴ്സ്, എൻജിനിയറിങ്, കൺസൾട്ടിങ് തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി വിഷൻ 2031 ന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനിടയിൽ കേരളത്തിലേക്ക് 200 ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾകൂടി കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
ആധുനികമായ വ്യവസായ നിക്ഷേപമേഖലയായി ലോകമാകെ കേരളത്തെ കാണുന്ന ഈ ഘട്ടത്തിൽ തുടർച്ചയായി രണ്ടു വർഷവും ‘ടോപ്പ് അച്ചീവർ’ പദവി ലഭിച്ചത് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സഹായിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് വ്യവസായമേഖലയുടെ കുതിപ്പിന് കാരണമായത്. കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ലഭിച്ച പുരസ്‌കാരം സർക്കാരിനൊപ്പം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്.








0 comments