ജിഡിപി കണക്കും യാഥാർഥ്യവും

സാമ്പത്തിക വർഷത്തിന്റെ (2025–-26) അവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ സാമ്പത്തിക ശക്തിയായേക്കുമെന്ന അന്താരാഷ്‌ട്ര നാണ്യനിധിയുടെ വിലയിരുത്തൽ ഏതാനും ദിവസംമുമ്പ് പുറത്തുവന്നിരുന്നു. തുടർന്ന് സംഘപരിവാർ കേന്ദ്രങ്ങളും കേന്ദ്ര സർക്കാരിനു കീഴിൽ ഉന്നത പദവികളിൽ ഉള്ളവരും ഇന്ത്യ നാലാം സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞു എന്ന പ്രചാരണവും ആരംഭിച്ചു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയശേഷം ആസൂത്രണ കമീഷനെ ഇല്ലാതാക്കി രൂപീകരിച്ച നിതി ആയോഗിന്റെ തലവൻതന്നെ വാർത്താസമ്മേളനത്തിൽ ഈ അവകാശവാദമുയർത്തി. എന്നാൽ, ഐഎംഎഫ് രേഖ തെറ്റായി മനസ്സിലാക്കിയതാണ് അദ്ദേഹത്തിന് പറ്റിയ അമളിയെന്ന് വൈകാതെ വ്യക്തമായി. നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ ഇന്ത്യ ജിഡിപിയിൽ നാലാമതായാലും അത് രാജ്യത്തിന്റെ യഥാർഥ സാമ്പത്തികസ്ഥിതിയെയും ജനങ്ങളുടെ ജീവിതാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതല്ല എന്ന വസ്‌തുതയും വ്യക്തമായി. ഐഎംഎഫിന്റെതന്നെ റിപ്പോർട്ടനുസരിച്ച്, പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ വളരെ പിന്നിൽ 141–-ാം സ്ഥാനത്താണുള്ളത്.
എന്നാൽ, സംഘപരിവാർ അനുകൂല ബുദ്ധികേന്ദ്രങ്ങൾ പരിഹാസ്യമായ വിധത്തിൽ പാകിസ്ഥാനുമായി താരതമ്യം ചെയ്‌ത് ഇന്ത്യയുടെ വളർച്ച ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. വലുപ്പംകൊണ്ടും ജനസംഖ്യകൊണ്ടും ഇന്ത്യയുമായി താരതമ്യം ചെയ്യാവുന്ന ചൈനയാണ് നിലവിൽ രണ്ടാമത്തെ സാമ്പത്തികശക്തി. പ്രതിശീർഷ വരുമാനത്തിൽ ആ രാജ്യവുമായി മാത്രമല്ല, സാമ്പത്തികശക്തിയിൽ പത്താം സ്ഥാനത്തുള്ള ബ്രസീലുമായിപ്പോലും താരതമ്യം ചെയ്യാനാകാത്തത്ര പിന്നിലാണ് നമ്മൾ എന്നതാണ് യാഥാർഥ്യം. ബ്രസീലുകാരുടെ നാലിലൊന്നോളവും ചൈനക്കാരുടെ അഞ്ചിലൊന്നോളവുമാണ് ഇന്ത്യക്കാരുടെ പ്രതിശീർഷവരുമാനം. പതിറ്റാണ്ടുകളായി പാശ്ചാത്യ ഉപരോധം നേരിടുന്ന ഇറാൻപോലും ഇന്ത്യക്കു മുന്നിലാണ്. ആ രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം 3,32,698 രൂപയ്‌ക്കു തുല്യമായിരിക്കുമ്പോൾ ഇന്ത്യയുടേത് 2,44,800 രൂപയാണ്. 2016ൽ നരേന്ദ്രമോദി ‘സർജിക്കൽ സ്‌ട്രൈക്കാ’യി പ്രഖ്യാപിച്ച നോട്ട് നിരോധനംപോലുള്ള മണ്ടത്തരങ്ങളും കോർപറേറ്റ് പ്രീണനനയങ്ങളും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാർഷികമേഖലയെയും ചെറുകിട വ്യവസായ, കച്ചവട മേഖലകളെയും തളർത്തിയില്ലായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി രാജ്യവും ജനങ്ങളും കൈവരിക്കുമായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തികവളർച്ച ജനജീവിതത്തിൽ പ്രതിഫലിക്കണമെങ്കിൽ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഏതാനും വൻകിട മുതലാളിമാരെ സന്തോഷിപ്പിക്കാനും അതുവഴി ബിജെപിയുടെ ആസ്‌തി വർധിപ്പിക്കാനുംമാത്രം ലക്ഷ്യമിട്ടുള്ള നയങ്ങളാണ് ഇതിന് പ്രധാന തടസ്സം. ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 58 ശതമാനം മേൽത്തട്ടിലെ ഒരു ശതമാനം അതിസമ്പന്നരിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് എന്നാണ് കണക്ക് കാണിക്കുന്നത്. മേൽത്തട്ടിലെ 10 ശതമാനത്തിന്റെ കണക്കെടുത്താൽ രാജ്യത്തെ ആകെ സമ്പത്തിന്റെ 80 ശതമാനവും അവരുടെ കൈയിലാണ്. അതായത്, അവശേഷിക്കുന്ന 20 ശതമാനം സമ്പത്ത് മാത്രമാണ് 90 ശതമാനം ജനങ്ങൾക്കുംകൂടിയുള്ളത്. അവരിൽ ഗണ്യമായ ഇടത്തരക്കാരുടെ സമ്പത്ത് കിഴിച്ചാൽ ജനസംഖ്യയിൽ പകുതിയിലധികവും കഴിഞ്ഞുകൂടാൻ പാടുപെടുകയാണ്. ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾപ്പോലും ഇന്ത്യയിൽ ഇത്ര ഭീകരമായ വരുമാന അന്തരം ഉണ്ടായിരുന്നില്ല എന്നാണ് ആഗോള അസമത്വ ലാബിന്റെ കണ്ടെത്തൽ. കേന്ദ്രനയങ്ങൾ ചെറിയ ഒരു അതിസമ്പന്ന വിഭാഗത്തെ വളർത്തുമ്പോൾത്തന്നെ ജനങ്ങളിൽ നല്ല പങ്കും ദാരിദ്ര്യത്തിന്റെ കെടുതികൾ അനുഭവിച്ചാണ് കഴിഞ്ഞുകൂടുന്നത്.
ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ തോതിൽ സംസ്ഥാനങ്ങളും മേഖലകളുമനുസരിച്ച് വ്യത്യാസമുണ്ട്. 2023ലെ കണക്കനുസരിച്ച് കേരളത്തിൽ അര ശതമാനത്തിൽ താഴെ ആളുകളാണ് ദാരിദ്ര്യരേഖയ്‌ക്കു താഴെയെങ്കിൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി 12 സംസ്ഥാനത്ത് അത് 10 ശതമാനത്തിനു മുകളിലാണ്. ബിജെപി ഭരണം നിയന്ത്രിക്കുന്ന ബിഹാറിലാണ് ഏറ്റവുമധികം–- 26 ശതമാനത്തിനു മുകളിൽ. അഖിലേന്ത്യ ശരാശരി 11 ശതമാനത്തിനു മുകളിലാണ്. അതായത്, റഷ്യ ഒഴികെയുള്ള യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള ജർമനിയിലെ ജനസംഖ്യയുടെ ഇരട്ടിയോളം വരും ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം. കേന്ദ്ര ബജറ്റുകളിലോ ബിജെപി സർക്കാരിന്റെ പരസ്യ പ്രസ്‌താവനകളിലോ ഇവർക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ലെന്ന് ബിജെപി മുഖപത്രത്തിൽ ജിഡിപി വളർച്ച സ്ഥാപിക്കാൻ എഴുതിയ വിദഗ്ധനുപോലും കുറ്റപ്പെടുത്തേണ്ടിവന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ അവസാന രണ്ടു ത്രൈമാസത്തിലും വിദേശനിക്ഷേപം ഇടിയുകയായിരുന്നു എന്ന കണക്കും കാര്യങ്ങൾ അത്ര ശുഭകരമല്ല എന്നാണ് സൂചിപ്പിക്കുന്നത്.








0 comments