അസമിലെ തീക്കാറ്റ്

വംശീയ ഏറ്റുമുട്ടലുകളുടെ മുറിവുകളിൽനിന്ന് രക്തം പടർന്ന ഭൂപടമാണ് അസമിന്റേത്. വിഭജനകാലത്ത് നടന്ന കുടിയേറ്റങ്ങളും പിന്നീടുണ്ടായ വംശീയപ്രശ്‌നങ്ങളും ഈ വടക്കു കിഴക്കൻ സംസ്ഥാനത്തിന്റെ സാമൂഹ്യജീവിതത്തെ നിരന്തരം കലുഷിതമാക്കിയിട്ടുണ്ട്.
മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനെതിരെ ആദ്യം പ്രതിഷേധം തുടങ്ങിയ സംസ്ഥാനമാണ് അസം. 2019 ഡിസംബറിൽ പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവർക്കുനേരെയുണ്ടായ പൊലീസ് വെടിവയ്‌പിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തതിനു പിന്നാലെയും അസമിൽ വലിയ പ്രതിഷേധങ്ങളുണ്ടായി.
അസമിലെ മുസ്ലിങ്ങളെല്ലാം അനധികൃത കുടിയേറ്റക്കാരും ബംഗ്ലാദേശികളുമാണെന്ന തരത്തിലുള്ള പ്രചാരണം ശക്തിപ്പെടുത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ നേതൃത്വത്തിലുള്ള ‘ശുദ്ധീകരണ പ്രക്രിയ’ പലയിടത്തും കലാപസമാനമായ സ്ഥിതി സൃഷ്‌ടിച്ചിരിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഇറക്കിവിടാനെന്ന പേരിൽ നടക്കുന്ന സ്‌റ്റേറ്റ് സ്‌പോൺസേഡ് അതിക്രമത്തിന്റെ ഫലമായി കഴിഞ്ഞ ദിവസം ഗോൾപാറ ജില്ലയിലെ പൈകാൻ റിസർവ് ഫോറസ്റ്റിൽ ഒരാളുടെ ദാരുണ മരണത്തിന് ഇടയാക്കി.
രാജ്യത്ത് ഗണ്യമായ അളവിൽ മുസ്ലിം ന്യൂനപക്ഷം ജീവിക്കുന്ന സംസ്ഥാനമാണ് അസം. 2011ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യയിലെ 34.22 ശതമാനം പേർ മുസ്ലിങ്ങൾ. അതായത്, ആകെ ജനസംഖ്യ 3.12 കോടിയാണെങ്കിൽ അതിൽ മുസ്ലിങ്ങളുടെ എണ്ണം ഒരു കോടിയിലേറെ വരും. ആകെയുള്ള 32 ജില്ലയിൽ 11ലും ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്ലിങ്ങളാണെന്നാണ് കണക്ക്.
ഇത്തരമൊരു സംസ്ഥാനത്ത് നിരന്തരം ബിജെപി ജയിക്കുന്നത് മുൻ മുഖ്യമന്ത്രി സർബാനന്ദ് സോനോവാളും ഇപ്പോഴത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമയും അടക്കമുള്ള ബിജെപി നേതാക്കളും ആർഎസ്‌എസും അഴിച്ചുവിട്ട തീവ്രഹിന്ദുത്വ പ്രചാരണങ്ങളിലൂടെയാണ്. അതിനവർ ഉപയോഗിക്കുന്നതാകട്ടെ ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങൾക്കെതിരെയുള്ള നീക്കങ്ങളിലൂടെയും. ബംഗാളിൽനിന്നടക്കം വന്ന മുസ്ലിങ്ങൾക്ക് അസമിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് ബിജെപിയും ആർഎസ്‌എസും ചേർന്ന് സൃഷ്‌ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂൺ ഒമ്പതിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ നടത്തിയ പ്രഖ്യാപനമാണ് സമീപദിവസങ്ങളിലെ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. 1950ലെ കുടിയേറ്റ (അസമിൽനിന്ന് പുറത്താക്കൽ) നിയമം പൊടിതട്ടിയെടുത്ത് 1971 മാർച്ച് 24ന് ശേഷം അസമിൽ കഴിയുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും ബംഗ്ലാദേശിലേക്ക് ആട്ടിപ്പായിക്കുമെന്നായിരുന്നു പ്രഖ്യാപനം. 1971 മാർച്ച് 24ന് ശേഷം എത്തിയവരെ വിദേശികളായി കണക്കാക്കുമെന്നും ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ ഇടപെടലിന് അവസരം നൽകില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 330 പേരെ ഇങ്ങനെ ആട്ടിപ്പായിക്കാനായെന്ന് അഭിമാനപൂർവം മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാൽ, ബംഗ്ലാദേശിൽനിന്ന് മതപരമായ അടിച്ചമർത്തലുകൾ ഭയന്ന് എത്തുന്നവർക്കുമേൽ ഈ നിയമം ബാധകമാക്കില്ലെന്നും പറഞ്ഞു. അതിനർഥം കുടിയേറി വന്ന മുസ്ലിങ്ങളല്ലാത്തവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നുതന്നെ.
വർഗീയവാദികളായ ഭരണാധികാരികൾക്കു കീഴിൽ ഒരു നാട് ചെന്നുപെട്ട ദുര്യോഗം അസമിന്റെ അവസ്ഥയിൽ പ്രകടമാണ്. ഏതു സമയത്തും തങ്ങളുടെ വീടിനു നേരെ ബുൾഡോസറിന്റെ ഉരുക്കുകൈകൾ വന്നു പതിക്കുമെന്ന ഭീതിയിൽ ജീവിക്കുന്ന നാടായി അസം മാറിക്കഴിഞ്ഞു. അസം നേരിടുന്ന സാമ്പത്തികപ്രശ്‌നങ്ങളും യുവാക്കളുടെ തൊഴിലില്ലായ്‌മയും കാർഷിക തകർച്ചയും അടക്കമുള്ള പ്രശ്‌നങ്ങളെല്ലാം മൂടിവയ്‌ക്കാൻ ബിജെപി സർക്കാരിന് ഇതുവഴി സാധിക്കുന്നു.
അടുത്ത കാലംവരെ അസം പിസിസി പ്രസിഡന്റായിരുന്ന ബിശ്വ സർമയ്‌ക്ക് ആർഎസ്‌എസിനും ബിജെപിക്കും മുന്നിൽ താനൊരു തീവ്രഹിന്ദുത്വ വാദിയാണെന്ന് തെളിയിക്കേണ്ടതുണ്ട്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കാനുള്ള തത്രപ്പാടിന്റെകൂടി ഭാഗമാണ് മുസ്ലിങ്ങൾക്കെതിരെയുള്ള ഈ ബുൾഡോസർ പ്രയോഗങ്ങൾ. മുഖ്യമന്ത്രിയും ഭാര്യയും ചേർന്ന് നടത്തുന്ന അഴിമതികളും ഈ ബഹളത്തിനിടയിൽ ആരും കാണാതെ പോകുന്നു. ഭാര്യ റിനികി സർമയുടെ പേരിൽ ചായത്തോട്ടങ്ങളും ആഡംബര റിസോർട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുമടക്കം ശതകോടികളുടെ സ്വത്താണ് ഹിമന്ത വാങ്ങിക്കൂട്ടിയത്.
ഒരു നാടിന്റെ ജീവൽപ്രശ്‌നങ്ങൾ ഇത്തരം ഭരണാധികാരികൾക്ക് പ്രശ്‌നമല്ല. അവരെ നയിക്കുന്നത് തീവ്രമതവികാരവും അഴിമതി നടത്താനുള്ള അഭിവാഞ്‌ഛയുമാണ്. ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യമുള്ള അസമിൽ ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കുടിയേറ്റക്കാരെ ആട്ടിപ്പായിച്ച ചരിത്രം കോൺഗ്രസിനെ കുത്തിനോവിക്കുന്നുണ്ട്. 1961– 1964 കാലത്ത് 1.78 ലക്ഷം കുടിയേറ്റക്കാരെ അന്നത്തെ കിഴക്കൻ പാകിസ്ഥാനിലേക്ക് ആട്ടിപ്പായിച്ചത് ബിമല പ്രസാദ് ചാലിഹ നയിച്ച കോൺഗ്രസ് സർക്കാരാണ്.









0 comments