കോവിഡ് മരണം മറച്ചത്
 പൊറുക്കാനാകാത്ത തെറ്റ്

covid death in india
വെബ് ഡെസ്ക്

Published on May 13, 2025, 12:00 AM | 2 min read


കോവിഡ് മഹാമാരിയിൽ 2021ൽ 20 ലക്ഷത്തോളം മരണം ഇന്ത്യ മറച്ചുവച്ചെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ സംവിധാനങ്ങൾ ഉണ്ടായില്ലെന്ന്‌ കേന്ദ്ര സർക്കാർ രേഖകൾതന്നെ സൂചിപ്പിക്കുന്നു. വികസിത രാജ്യങ്ങളിൽപ്പോലും മനുഷ്യർ കൂട്ടത്തോടെ മരിച്ചുവീണ മഹാമാരിയെയാണ് നാം നേരിട്ടത്. ഇതിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ അടച്ചിടുന്ന സ്ഥിതിവരെയുണ്ടായി. ഇന്ത്യയിൽ കോവിഡ് മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിലെ (സിആർഎസ്) കണക്ക്‌ പറയുന്നത് 2021ൽ 19.73 ലക്ഷം കോവിഡ് മരണങ്ങൾ മറച്ചുവച്ചതായാണ്. മുൻ വർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2021ൽ മരണസംഖ്യ വൻതോതിൽ വർധിച്ചത് കോവിഡ് വൈറസ്‌മൂലമാണെന്ന് വ്യക്തമാണ്. എന്നിട്ടും രാജ്യത്തിന്റെ ഔദ്യോഗിക കോവിഡ് മരണത്തിൽ ഇവർ ഉൾപ്പെട്ടില്ല.


സംസ്ഥാനങ്ങൾ മരണനിരക്ക് കുറച്ചു കാണിക്കാൻ ബോധപൂർവം കണക്ക് മറച്ചുവയ്ക്കുകയായിരുന്നെന്നുവേണം അനുമാനിക്കാൻ. ഇതിലൂടെ ദുരന്തബാധിതർക്കായി കേന്ദ്രം പ്രഖ്യാപിച്ച ധനസഹായവും ലാഭിക്കാനായി. ഗുജറാത്ത്, യുപി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് മരണം ഒളിപ്പിച്ചതിൽ മുന്നിലുള്ളത്. 1,95,406 മരണം ഒളിപ്പിച്ചുവച്ച ഗുജറാത്താണ് ഇക്കാര്യത്തിൽ മുന്നിൽ. 5812 കോവിഡ് മരണം മാത്രമാണ് ആ വർഷം ഗുജറാത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 6927 മരണമുണ്ടായെന്നു പറഞ്ഞ മധ്യപ്രദേശിൽ 1,26,774 മരണം അധികമുണ്ടായെന്നാണ് സിആർഎസ് രേഖ വ്യക്തമാക്കുന്നത്. ഔദ്യോഗികമായി 14,563 മരണം റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശിൽ 1,03,108 മരണം മറച്ചുവച്ചു. 10,052 പേർ മരിച്ചെന്നു പറയുന്ന പശ്ചിമ ബംഗാളിൽ 1,52,094 മരണം കണക്കിൽ വന്നില്ല. കേരളീയരെ തടയാൻ റോഡ് പോലും അടച്ച അയൽസംസ്ഥാനമായ കർണാടകം ഒന്നേകാൽ ലക്ഷത്തോളം മരണമാണ് പൂഴ്‌ത്തിയത്. 1,57,086 പേർ മരിച്ചപ്പോൾ 26,245 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്ര, ഒഡിഷ, ഹരിയാന, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും പതിനായിരക്കണക്കിന് മരണം ഒളിപ്പിച്ചു.


അതേസമയം, കേരളം ഇക്കാര്യത്തിൽ വളരെ സുതാര്യത പുലർത്തിയതായി കേന്ദ്രത്തിന്റെ കണക്കുതന്നെ വ്യക്തമാക്കുന്നു. സിആർഎസ് രേഖപ്രകാരം 65,655 പേരാണ് 2021ൽ മരിച്ചത്. ഇതിൽ 44,721ഉം കോവിഡ്മൂലമാണെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാലത്ത് കേരളത്തിലുണ്ടായ മരണങ്ങളെല്ലാം പരിശോധിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം, കോവിഡ്മൂലമാണെന്ന് കണ്ടെത്തിയവ റിപ്പോർട്ട് ചെയ്യാൻ കേരളം വിപുല സംവിധാനവും ഒരുക്കിയിരുന്നു. അതുകൊണ്ടാണ് കോവിഡ് മരണനിരക്കിൽ കൃത്യത പാലിക്കാൻ സംസ്ഥാനത്തിനായത്. കേരളത്തിനുപുറമെ ഉത്തരാഖണ്ഡ്, അസം, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും മരണസംഖ്യയും കോവിഡ് മരണനിരക്കും തമ്മിലുള്ള അന്തരം കുറവാണ്.


മരണനിരക്ക് കൃത്യമായി റിപ്പോർട്ട് ചെയ്ത കേരളത്തെ വിമർശിക്കാൻ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും കേരളത്തിലെ പ്രതിപക്ഷവും മത്സരിച്ചിരുന്നു. മലയാള മാധ്യമങ്ങളും സർക്കാരിനെ കുറ്റപ്പെടുത്തി നിരവധി വാർത്ത കൊടുത്തു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കൈയിലുള്ള രേഖ അനുസരിച്ച്‌ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൃത്യമായും സുതാര്യമായും ഇത്‌ കൈകാര്യം ചെയ്തത് കേരളമാണെന്ന് വ്യക്തമാകുകയാണ്. കേരളത്തിലെ ആരോഗ്യസംവിധാനം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നത് പകൽപോലെ സത്യമാണ്. കോവിഡ് ഉൾപ്പെടെയുള്ള മഹാമാരികളെ നേരിടുന്നതിൽ വികസിത രാജ്യങ്ങളേക്കാൾ മുന്നിലാണ് നാമെന്ന് ലോക രാജ്യങ്ങൾവരെ സമ്മതിച്ചതാണ്. അമേരിക്കയിലും ഓസ്ട്രേലിയയിലും ഫ്രാൻസിലും ബ്രിട്ടനിലുമെല്ലാം പ്രായമായ മനുഷ്യരെ മരണത്തിന് വിട്ടുകൊടുത്ത് ചികിത്സാ സംവിധാനം ചുരുക്കം പേരിലേക്ക് ഒതുക്കിയപ്പോൾ ഇവിടെ രോഗം വന്നവരെയെല്ലാം പ്രായഭേദമന്യേ ചികിത്സിച്ച് സുഖപ്പെടുത്താനായത് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ മൃതദേഹം സംസ്‌കരിക്കാൻപോലും സംവിധാനമില്ലാതെ ഗംഗയിലുൾപ്പെടെ വലിച്ചെറിയുന്ന സ്ഥിതിയായിരുന്നു. കോവിഡിനെ പിടിച്ചുകെട്ടിയെന്ന് ഊറ്റംകൊള്ളുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇവയെല്ലാം അരങ്ങേറിയത്. മരണനിരക്ക് കുറച്ചുകാണിക്കാൻ മരണസംഖ്യപോലും പൂഴ്‌ത്തിയവരുടെ ലക്ഷ്യം മേനിനടിക്കൽ മാത്രമായിരുന്നെന്ന് യഥാർഥ കണക്ക് പുറത്തുവന്നപ്പോൾ വ്യക്തമായി.



deshabhimani section

Related News

View More
0 comments
Sort by

Home