ഭരണഘടനയെ തള്ളി ബോംബെ ഹൈക്കോടതി നിരീക്ഷണങ്ങൾ

editorial today
വെബ് ഡെസ്ക്

Published on Jul 28, 2025, 12:01 AM | 2 min read

ഗാസയിലെ വംശഹത്യക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച മുംബൈ പൊലീസിന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി തള്ളി ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ജനാധിപത്യ ഇന്ത്യയെ അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹർജിക്കാരായ സിപിഐ എമ്മിനെ ഉപദേശിച്ച്‌ ഹർജി തള്ളിയ കോടതി നടപടി രാഷ്ട്രീയ പാർടികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് നിർദേശിക്കുന്നതിന്‌ തുല്യമാണ്. അത് ഇന്ത്യൻ ഭരണഘടന ജുഡീഷ്യറിക്ക് നിർവചിച്ചു നൽകിയിട്ടുള്ള അധികാരപരിധിയിൽ വരുന്നതല്ല. അതിനാൽ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു.


മാനവികതയുടെ വിശാലകാഴ്ചപ്പാടും ജനാധിപത്യ മൂല്യങ്ങളുമാണ് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ. അതേ മൂല്യബോധമാണ് ഗാസയിലെ കൊടുംക്രൂരതകൾക്കെതിരെ പ്രതിഷേധിക്കാൻ മാനവിക അടിത്തറയും ജനാധിപത്യ ബോധ്യവുമുള്ള പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാൽ മാനവികതയ്‌ക്ക് അതിരും പരിധിയും നിർദേശിച്ച് അതിനെ അർഥശൂന്യമാക്കുന്നതായി ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങൾ. ഗാസയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാൻ ഗ്രൗണ്ടിൽ റാലി നടത്താൻ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന് പൊലീസ് അനുമതി നിഷേധിച്ചത് ക്രമസമാധാന പ്രശ്നം ഉന്നയിച്ചാണ്. നേരത്തെ അറിയിച്ച് നടത്തുന്ന പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കുന്ന പൊലീസ് നടപടി അധികാരികളെ തൃപ്തിപ്പെടുത്തുന്നതിനും സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞു മാറുന്നതിനും വേണ്ടിയാകാം. പ്രതിഷേധം നടത്തുന്ന സംഘടനയല്ല അനുമതി നിഷേധിച്ചതിനെതിരെ ഹർജി നൽകിയത് എന്ന സാങ്കേതികകാരണമാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കോടതി നിരീക്ഷണങ്ങൾ പ്രതിഷേധത്തിന്റെ കാരണത്തെത്തന്നെ റദ്ദു ചെയ്യുന്നതായി.


ഹർജി തള്ളി നടത്തിയ പരാമർശങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഗാസ പോലുള്ള വിഷയങ്ങളിലെ പ്രതിഷേധം ദേശസ്നേഹപരമല്ല എന്നതാണ്. എതിർക്കുന്നവരെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വ രാഷ്‌ട്രീയത്തിൽ നിന്നല്ല, ഭരണഘടനാ സ്ഥാപനമായ കോടതിയിൽനിന്നാണ് ഈ വിമർശം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയ്‌ക്കെതിരെ ഇന്ത്യയിൽ പ്രതിഷേധമുയർന്നാൽ അത് രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കില്ലേ എന്ന് കോടതി ചോദിക്കുന്നു. ഇസ്രയേൽ അനുകൂല വിദേശനയം ഇന്ത്യയുടെ ദീർഘകാല നയത്തിൽനിന്നുള്ള വ്യതിയാനവും രാഷ്ട്രീയ തീരുമാനത്തിന്റെ ഫലവുമാണ്. അതിനെ എല്ലാ രാഷ്ട്രീയ പാർടികളും അനുസരിക്കണമെന്ന് കോടതി നിർദേശിക്കുന്നത് പ്രവർത്തന സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നതിന് തുല്യമാണ്.

ലോകത്തെവിടെയും അനീതിയും നിസ്സഹായരുടെമേൽ അക്രമവും ഉണ്ടാകുമ്പോൾ മാനവിക സ്പർശമുള്ള ഏവർക്കുമുള്ളിൽ രോഷവും പ്രതിഷേധവും ഉയരുക സ്വാഭാവികമാണ്. പലസ്തീൻ ജനതയ്‌ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ ആഗോള പ്രതിഷേധത്തിന്റെ അടിസ്ഥാനവും അതുതന്നെ. ഇസ്രയേലിനെ കലവറ കൂടാതെ പിന്തുണയ്‌ക്കുന്ന യു എസിലടക്കം കടുത്ത പ്രതിഷേധങ്ങളുയരുന്നത്‌ പക്ഷേ ബോംബെ ഹൈക്കോടതിയുടെ കണ്ണിൽപ്പെട്ടില്ല. 1940 കളിൽ തന്നെ ഗാന്ധിജിയും പിന്നീട് സ്വതന്ത്ര ഇന്ത്യയും അവിഭക്ത പലസ്തീനെ ശക്തമായി പിന്തുണച്ചിരുന്നു. ആ ചരിത്ര യാഥാർഥ്യത്തെയും അവഗണിക്കുന്നതായി ബോംബെ ഹൈക്കോടതിയുടെ വിധി. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടി ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന ഹർജിക്കാരുടെ വാദവും സ്വീകരിച്ചില്ല. അഭിപ്രായസ്വാതന്ത്ര്യം പരിധിയില്ലാത്തതല്ല എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം യാന്ത്രികമായി ആവർത്തിച്ചു.


ദേശം, ദേശീയത, ദേശസ്നേഹം എന്നിവയ്‌ക്കൊക്കെ സങ്കുചിത വ്യാഖ്യാനങ്ങൾ ചമച്ച് മനുഷ്യത്വ വിരുദ്ധമായ പ്രത്യയശാസ്ത്രത്തെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന സാഹചര്യം നിലനിൽക്കുന്ന രാജ്യത്ത് അവയ്ക്കൊക്കെ നിയമസാധൂകരണം നൽകുംവിധം കോടതി പരാമർശങ്ങൾ ഉണ്ടാകുന്നത് അത്യന്തം ആപൽക്കരമാണ്. കേന്ദ്ര ഭരണം കൈയാളുന്ന രാഷ്ട്രീയകക്ഷിയുടെ പ്രത്യയശാസ്ത്രത്തിന് ജനസമ്മതി ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഭരണഘടനാസ്ഥാപനങ്ങളിൽനിന്നു തന്നെ ഉണ്ടാകുന്നു. അയോധ്യ കേസിലടക്കം കോടതികളിൽ നിന്നുണ്ടാകുന്ന ചില വിധികളെയും നിഷ്പക്ഷ നിരീക്ഷകർ ഈ ഗണത്തിൽപ്പെടുത്തുന്നു. ബോംബെ ഹൈക്കോടതി വിധിയെ പക്ഷപാതപരമെന്ന് സിപിഐ എം പരാമർശിച്ചതും അതിനാലാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം അത്യന്തം പ്രധാനമാണ്‌. ഏതുകാര്യത്തിൽ പ്രതിഷേധിക്കണം, ഏതിൽ അരുതെന്ന് നിർദേശിക്കുവാനുള്ള അധികാരം നമ്മുടെ ഭരണഘടന കോടതികൾക്ക് നൽകുന്നുമില്ല. അതിനാൽ ഗാസയിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ച കോടതി നടപടി ഭരണഘടനാ വിരുദ്ധമാണ്.

മർദിതരോട് ഐക്യദാർഢ്യം പുലർത്തുന്ന സിപിഐ എമ്മിന്റെ സാർവദേശീയ രാഷ്ട്രീയത്തെ ദേശസ്നേഹത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് അപഹാസ്യമെന്നേ പറയാനാകൂ. ‘എവിടെ ഇടുങ്ങിയ ഭിത്തികളാൽ ലോകം മുറിക്കപ്പടാതിരിക്കുന്നുവോ അവിടേക്ക് എന്റെ രാജ്യം ഉണരട്ടെ‘യെന്ന് വിശ്വമാനവിക ദർശനത്താൽ പ്രചോദിതമായി പാടിയത് ഇന്ത്യയുടെ മഹാകവി ടഗോറാണ്. മനസ്സ്‌ നിർഭയവും ശിരസ് ഉന്നതവും അറിവ് സ്വതന്ത്രവുമായ രാജ്യത്തെയാണ് കമ്യൂണിസ്റ്റുകാർ അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത്. ആ വിശാല കാഴ്ചപ്പാടിൽ അധിഷ്ഠിതമായ ദേശസ്നേഹത്തെയാണ് ദേശീയതയുടെ പേരിൽ ചോദ്യം ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home