ചരിത്രത്തിലുണ്ട് മഹായുദ്ധം പ്രതിരോധിക്കാനിറങ്ങിയ കണ്ണൂർ


ജസ്‌ന ജയരാജ്
Published on Feb 13, 2025, 10:38 AM | 1 min read
കണ്ണൂർ: രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ കോളനികളായിരുന്ന കണ്ണൂരിലും തലശേരിയിലും വ്യോമാക്രമണ പ്രതിരോധസമിതികൾ രൂപീകരിച്ചതായി ചരിത്രരേഖ. മദ്രാസ് ഗവൺമെന്റ് പബ്ലിക് ഡിപ്പാർട്ട്മെന്റ് –- ബണ്ടിൽ നമ്പർ മൂന്ന് സീരിയൽ നമ്പർ 79 രേഖയിലാണ് മദ്രാസ് പ്രവിശ്യയിലെ പ്രധാന കോളനികളിൽ ബ്രിട്ടൻ എയർ റെയ്‌ഡ് പ്രിക്വേഷൻ (എആർപി) കമ്മിറ്റി രൂപീകരിച്ചതായി പറയുന്നത്. മലബാർ ക്രിസ്ത്യൻ കോളേജ് മുൻ ചരിത്രവിഭാഗം മേധാവി പ്രൊഫ. എം സി വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ് രേഖ കണ്ടെത്തിയത്.
മലബാറിലും തീരപ്രദേശങ്ങളിലെ പട്ടണങ്ങളിലും ജപ്പാന്റെ വ്യോമാക്രമണം പ്രതീക്ഷിച്ചാണ് ബ്രിട്ടൻ പ്രതിരോധകമ്മിറ്റികൾ രൂപീകരിച്ചത്. ആക്രമണമുണ്ടായാൽ സ്വീകരിക്കേണ്ട സത്വരനടപടികളെക്കുറിച്ച് മലബാറിലെ കലക്ടർക്ക് നിർദേശം നൽകുകയാണ് സമിതിയുടെ മുഖ്യ ഉത്തരവാദിത്വം. 1942 ഏപ്രിൽ 14ന് മലബാർ കലക്ടർ എ ആർ മക്വെൻ മദ്രാസ് ഗവർണർക്ക് അയച്ച കത്തിൽ കണ്ണൂരിലും തലശേരിയിലും പ്രതിരോധസമിതി രൂപീകരിച്ചതായി പറയുന്നു. സമിതി ചെയർമാൻ ജോയിന്റ് മജിസ്ട്രേറ്റും സെക്രട്ടറി എആർപി ഓഫീസറുമാണ്. അഡീഷണൽ ഡിസ്ട്രിക്ട് സൂപ്രണ്ട് ഓഫ് പൊലീസും രണ്ടിടങ്ങളിലെയും മുനിസിപ്പൽ കമീഷണർമാരുമാണ് സമിതിയംഗങ്ങൾ. പരിക്കേറ്റവരെ ചികിത്സിക്കാനും ആവശ്യമെങ്കിൽ സർജറി ചെയ്യാനുമായി രണ്ടിടങ്ങളിലെയും സിവിൽ അസിസ്റ്റന്റ് സർജന്മാരെയും അംഗങ്ങളാക്കി.
കണ്ണൂരിലും തലശേരിയിലും വ്യോമാക്രമണപ്രതിരോധകമ്മിറ്റി രൂപീകരിച്ച് മദ്രാസ് ഗവർണർ ഇറക്കിയ ഉത്തരവ്.
തലശേരിയിൽ റാവുസാഹിബ്, സി വി ഗോപാലൻ, സി വാസുദേവൻ, ജനാബ് ചൊവ്വാക്കാരൻ, ഓർക്കാട്ടേരി കുഞ്ഞിപ്പുരയിൽ മുഹമ്മദ് കേയി സാഹിബ് ബഹദൂർ, കണ്ണൂരിൽ റാവുസാഹിബ്, പി ഗോവിന്ദപ്പണിക്കർ, എ എസ് വിക്ടർ, ജനാബ് എം ബാംബൻ സാഹിബ് ബഹദൂർ തുടങ്ങിയ പൗരപ്രമുഖരാണ് മറ്റംഗങ്ങൾ. കണ്ണൂരിലെ ബ്രിട്ടീഷ് കമാൻഡിങ് ഓഫീസർ എം എൽ സേഥിയെ സമിതിയിലേക്ക് നാമനിർദേശംചെയ്‌തു. കലക്ടറയച്ച ശുപാർശ അംഗീകരിച്ച് വ്യോമാക്രമണ പ്രതിരോധസമിതി രൂപീകരിച്ചതായി 1942 ഏപ്രിൽ 24ന് മദ്രാസ് ഗവർണർ ഉത്തരവിറക്കി. സമിതികൾക്ക് എക്സിക്യൂട്ടീവ് അധികാരമുണ്ടായിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും യോഗം ചേരണം. തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കണം.
എന്നാൽ ബ്രിട്ടൻ പ്രതീക്ഷിച്ചതുപോലെ ജപ്പാന്റെ ആക്രമണം മലബാറിലോ മലബാറിലെ തീരപ്രദേശങ്ങളിലുള്ള പട്ടണങ്ങളിലോ ഉണ്ടായില്ല. ജനങ്ങളിൽ യുദ്ധഭീതിയുമുണ്ടാക്കാനും അത് മുതലെടുത്ത് ഭരണത്തോട് കൂടുതൽ വിധേയത്വമുണ്ടാക്കാനുമാണ് ബ്രിട്ടീഷ് കൊളോണിയൽ ഭരണസംവിധാനം ശ്രമിച്ചത്.
Related News

0 comments