വളരുന്നു പച്ചത്തുരുത്തുകൾ

പാടുന്നു മുളങ്കാടുകൾ

മഴൂരിൽ തോടിനിരുവശവും വളർന്ന മുളകൾ

മഴൂരിൽ തോടിനിരുവശവും വളർന്ന മുളകൾ

avatar
സുപ്രിയ സുധാകർ

Published on Mar 14, 2025, 03:00 AM | 2 min read

കണ്ണൂർ

ശുചിത്വം, ജലസംരക്ഷണം, പച്ചത്തുരുത്ത്‌, ഊർജസംരക്ഷണം.. ചിട്ടയായ പ്രവർത്തനത്തിലൂടെ കാർബൺ സീറോ ലക്ഷ്യത്തിലേക്ക്‌ നടന്നുകയറുകയാണ്‌ കുറുമാത്തൂർ പഞ്ചായത്ത്‌. തുടക്കത്തിൽ ഒടുങ്ങുന്നതിനുപകരം കൃത്യമായ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നിടത്താണ്‌ കുറുമാത്തൂരിന്റെ വിജയകഥ. ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുള്ള പഞ്ചായത്താണിന്ന്‌ കുറുമാത്തൂർ. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി 13 പച്ചത്തുരുത്തുകളാണൊരുക്കിയത്‌. തൊഴിലുറപ്പ്‌ തൊഴിലാളികളെ ഉൾപ്പെടെ കൂട്ടിച്ചേർത്തായിരുന്നു ഈ ഹരിതവിപ്ലവം. പന്നിയൂർ പള്ളിവയൽ മഹല്ല് കമ്മിറ്റിയുടെ 70 സെന്റ്‌ സ്ഥലത്ത് നിർമിച്ച പച്ചത്തുരുത്ത് ജനകീയ പങ്കാളിത്തംകൊണ്ടും വൃക്ഷത്തൈകളുടെ മേന്മകൊണ്ടും സവിശേഷമായി. കുറുമാത്തൂർ കടവിൽ രണ്ടായിരത്തോളം കണ്ടൽത്തൈകളാണ്‌ നട്ടുപിടിപ്പിച്ചത്‌. കാലിക്കടവ്‌ മുതൽ പാറാടുവരെ തോടിനിരുവശത്തും 18 കിലോമീറ്ററിൽ മുളങ്കാടുകളാണ്‌ പച്ചപ്പുനിറയ്‌ക്കുന്നത്‌. കടുത്ത വേനലിൽ വരൾച്ചയെ പ്രതിരോധിക്കാൻ നിരവധി ജലസംരക്ഷണ മാതൃകകളാണ്‌ പഞ്ചായത്തിൽ നടപ്പാക്കിയത്‌. കരിമ്പം തോടിനുമാത്രം 20 സ്ഥിരം തടയണകളുണ്ട്‌. തോടുകളുടെ ആഴം കൂട്ടൽ, ചെറു തടയണകൾ, ബ്രഷ് വുഡ് ചെക്ക് ഡാം, കല്ലുകൊണ്ടുള്ള തടയണ, മഴക്കുഴികൾ എന്നിവയും നിർമിച്ചു. 48 കിണറുകളാണ്‌ റീചാർജ് ചെയ്തത്‌. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഹരിതകർമസേനയെത്തി മാലിന്യം ശേഖരിക്കുന്നു. 34 ഹരിതകർമസേനാംഗങ്ങളുണ്ട്‌. നൂറ്‌ ശതമാനം വാതിൽപ്പടിശേഖരണം നടത്തുന്ന പഞ്ചായത്തെന്നത്‌ രണ്ടാംവർഷവും വിജയകരമായി തുടരുന്നു. പഞ്ചായത്തിലെ 7600 വീടുകളിൽ ജൈവമാലിന്യസംസ്‌കരണ യൂണിറ്റുകളായ മണ്ണിര കമ്പോസ്‌റ്റ്‌, റിങ് കമ്പോസ്‌റ്റ്‌, ബിന്നുകൾ തുടങ്ങിയവ നൽകി. കുറുമാത്തൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ തുമ്പൂർമൂഴി മാതൃകയിൽ കമ്യൂണിറ്റി കമ്പോസ്‌റ്റിങ്ങ്‌ സംവിധാനവുമുണ്ട്‌. കമ്പോസ്‌റ്റിങ്ങിന്‌ ഇനോക്കുലം ഹരിതകർമസേനാംഗങ്ങളാണ്‌ വിതരണം ചെയ്യുന്നത്‌. ഹരിതമാംഗല്യം പദ്ധതിയും പഞ്ചായത്തിലുണ്ട്‌. ഊർജസംരക്ഷണത്തിന്റെ ഭാഗമായി തെരുവു വിളക്കുകളെല്ലാം എൽഇഡി ബൾബുകളാക്കി. അറ്റകുറ്റപ്പണി ചെയ്യുന്നതിന്‌ ഹരിതകർമസേനാംഗങ്ങൾക്ക്‌ പരിശീലനവും നൽകി. മുഴുവൻ ഗവ. എൽപി സ്‌കൂളിലും സോളാർ പാനൽ വയ്‌ക്കുന്നതിനും പദ്ധതിയുണ്ട്‌. കുറുമാത്തൂർ പഞ്ചായത്ത്‌ നെറ്റ്‌ സീറോ കാർബൺ ഡിപിആർ പ്രകാശനവും സമ്പൂർണ ഹരിത പഞ്ചായത്ത്‌ പ്രഖ്യാപനവും വെള്ളി രാവിലെ പത്തിന്‌ കരിമ്പം ജൈവവൈവിധ്യകേന്ദ്രത്തിൽ നവകേരളം കർമ പദ്ധതി സംസ്ഥാന കോ ഓഡിനേറ്റർ ഡോ. ടി എൻ സീമ നടത്തും. ലക്ഷ്യം നെറ്റ്‌ സീറോ 
കാർബൺ പദവി നെറ്റ്‌ സീറോ കാർബൺ പദവിയിലേക്ക്‌ കുറുമാത്തൂരിനെ എത്തിക്കുകയെന്നതാണ്‌ മുന്നിലുള്ള ലക്ഷ്യം. തുടർ പ്രവർത്തനങ്ങൾ, ഹരിത മേഖലകളുടെ പരിപാലനം തുടങ്ങിയവയെല്ലാം ജനകീയ ഉത്തരവാദിത്വമായി മാറുന്നതിന്‌ ജനങ്ങളെ ബോധവൽക്കരിച്ചാണ്‌ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home