പശ്ചിമഘട്ടത്തിൽ 
2 പുതിയ ഇനം ഞണ്ടുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അതുൽ ബ്ലാത്തൂർ

Published on Aug 11, 2025, 02:30 AM | 2 min read

കണ്ണൂർ

പശ്ചിമഘട്ടത്തിൽ രണ്ട് പുതിയ ഇനം ഞണ്ടുകളെ കണ്ടെത്തി. കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ്‌ ഫിഷറീസ് വിഭാഗം നടത്തിയ പഠനത്തിലാണ്‌ കണ്ടെത്തൽ. പുതിയ ജനുസിലുള്ള, രണ്ട്‌ പുതിയ സ്പീഷീസിലുള്ള ശുദ്ധജല ഞണ്ടുകളാണിത്‌. കാസർകോട്ടെ റാണിപുരം ഹിൽസ്റ്റേഷനിൽനിന്നും തെക്കൻ പശ്ചിമഘട്ടത്തിലെ ഗവി മേഖലയിൽനിന്നുമാണ്‌ കണ്ടെത്തൽ. കാസർഗോഡിയ ഷീബേ, പിലാർട്ട വാമൻ എന്നിങ്ങനെയാണ്‌ ഇവയ്‌ക്ക്‌ പേരുനൽകിയിരിക്കുന്നത്‌. കേരളത്തിലെ ശുദ്ധജല ഞണ്ടുകളിൽ 70 ശതമാനവും ഇവിടെമാത്രം കാണുന്നവയാണ്. റാണിപുരം മലയിൽനിന്ന്‌ കണ്ടെത്തിയ ഞണ്ടിന്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ജന്തുശാസ്ത്രവിഭാഗം അധ്യാപികയും ഗവേഷകയുമായ ഡോ. ഷീബയോടുള്ള ആദരസൂചകമായി ‘കാസർഗോഡിയ ഷീബേ’ എന്ന പേര് നൽകി. തവിട്ടും ഓറഞ്ചും നിറത്തിലുള്ള പുറംതോടും കറുത്ത പാടുള്ള വശങ്ങളും ഓറഞ്ച് നിറത്തിലുള്ള വലിയ കാലും കറുത്ത പുള്ളിയോടുകൂടിയ പുറംപ്രതലവുമാണ്‌ പ്രധാന പ്രത്യേകത. പുൽമേടുകളിലെ കുറഞ്ഞ ജലപ്രവാഹമുള്ള ചെറിയ അരുവികളാണ് ആവാസസ്ഥാനം. സഞ്ചാരികളുടെ ഇടപെടലും കാട്ടുതീയുംകൊണ്ട് അത്യധികം അപകടത്തിലാണ് ഇവയുടെ ആവാസമേഖല. ഇവയെക്കുറിച്ചുള്ള പഠനം അന്താരാഷ്ട്ര ‘ ജേണൽ ഓഫ് ക്രസ്റ്റേഷ്യൻ ബയോളജി’യുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തെക്കൻ പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ ഗവി സംരക്ഷിതപ്രദേശത്തെ പുൽമേടിനടുത്തുനിന്നാണ്‌ രണ്ടാമത്തെ ഇനത്തെ കണ്ടെത്തിയത്. സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളിൽ മറ്റ് പിലാർട്ട ഇനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ഈ പർവതനിരകളിലെ ശുദ്ധജല ഞണ്ടുകളുടെ ഉയർന്ന വൈവിധ്യത്തെ സൂചിപ്പിക്കുന്നു. ‘പിലാർട്ട വാമൻ’ എന്നാണിതിന്‌ പേരു നൽകിയത്‌. ചതുരാകൃതിയിലുള്ള പുറന്തോടും വലുപ്പക്കുറവുമാണ്‌ ‘പിലാർട്ട വാമ’ന്റെ പ്രത്യേകത. ഇവയെക്കുറിച്ചുള്ള പഠനം അന്താരാഷ്ട്ര ജേർണലായ ‘സൂടാക്സ’യിൽ പ്രസിദ്ധീകരിച്ചു. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഡോ. സ്മൃതിരാജും കുഫോസ് വൈസ് ചാൻസലർ ഡോ. ബിജുകുമാറും സിംഗപ്പുർ നാഷണൽ സർവകലാശാല ലീകോങ് ചിയാൻ നാച്യുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പീറ്റർ ഉങ്ങുമാണ് പഠനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.​ ‘കേരളത്തിൽ കാണപ്പെടുന്ന ശുദ്ധജല ഞണ്ടുകളിൽ 70 ശതമാനവും പശ്ചിമഘട്ട പർവതനിരയിലാണ്‌. ഇവയുടെ വൈവിധ്യം എത്ര കണ്ടെത്തിയെന്നത്‌ വ്യക്തമല്ല. ഇവയുടേത്‌ രഹസ്യജീവിതമാണ്‌. രാത്രി പുറത്തിറങ്ങും. ആഴത്തിലുള്ള മാളങ്ങളിൽ ഒളിച്ചിരിക്കും. ഇതാണ്‌ ഗവേഷണത്തിൽ ഏറ്റവും വലിയ വെല്ലുവിളിയായത്‌.’

–ഡോ. സ്മൃതി രാജ്

‘വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളുടെ സൂചകങ്ങളായി ഈ ചെറിയ ജീവികൾക്ക് പ്രവർത്തിക്കാൻ കഴിയും. ഈ ജീവിവർഗങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്‌. ഹൈഡ്രോബേസിനുകളുടെയും അനുബന്ധ ഭൂമിശാസ്ത്രത്തിന്റെയും വിശദമായ പഠനംവേണം.’

– ഡോ. ബിജുകുമാർ



Tags
deshabhimani section

Related News

View More
0 comments
Sort by

Home