ആക്രി അഴിമതി: തളിപ്പറന്പ് നഗരസഭയിൽ വിജിലൻസ് റെയ്ഡ്

സ്വന്തം ലേഖകന്‍
Published on Oct 26, 2025, 12:21 AM | 1 min read
കണ്ണൂർ
തളിപ്പറന്പ് നഗരസഭയിലെ ആക്രി സാധനങ്ങളുടെ ലേല അഴിമതിയിൽ നഗരസഭാ ഭരണസമിതിക്കും ഗുരുതര വീഴ്‌ച. ശനിയാഴ്‌ച നടന്ന വിജിലിൻസ് റെയ്‌ഡിൽ നിർണായക രേഖകൾ കണ്ടെടുത്തു. ആക്രി അഴിമിതിയിൽ നഗരസഭാ സെക്‌ഷൻ ക്ലർക്കും കോൺഗ്രസ് നിയന്ത്രണത്തിലുള്ള നഗരസഭാ ജീവനക്കാരുടെ സംഘടന മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്‌റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ വി വി ഷാജിയെ തദ്ദേശവകുപ്പ് ജോ. ഡയറക്ടർ നേരത്തെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തിരുന്നു. സ്‌ക്രാപ്പ് ലേലത്തിൽ സെക്‌ഷൻ മാറിയാണ് ഷാജി ഇടപെട്ടതെന്നും അതിന് നഗരസഭാ ഭരണസമിതി കൂട്ടുനിന്നതായും വിജിലൻസ് കണ്ടെത്തി. 2024 ജൂലൈയിലാണ് ആക്രി സാധന ലേലവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നത്. നഗരസഭാ ഓഫീസിലെ പഴയ സാധനങ്ങൾ മാറ്റാൻ കരാറുകാരന് പണം നൽകി താൽക്കാലിക ഷെഡ് നിർമിക്കുകയും പിന്നീട് ഷെഡിന് പ്രതിമാസം വാടക നൽകിയത് തെറ്റാണെന്നും ഓഡിറ്റിൽ കണ്ടെത്തി. ആക്രി ലേലംചെയ്‌തപ്പോൾ ലേലംകൊണ്ടയാള്‍ക്ക് നല്‍കിയ അറിയിപ്പിന്റെ പകര്‍പ്പല്ലാതെ മറ്റ് നടപടി ക്രമങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് 2024 നവംബറിൽ ലേലതുകയുടെ ഒരുഗഡു 1,10,000 രൂപ നഗരസഭാ ഫണ്ടില്‍ ലേലക്കാരൻ ഒടുക്കിയതായി കണ്ടെത്തി. പിന്നീട് ഒരുവർഷം കഴിഞ്ഞാണ് അവശേഷിക്കുന്ന 76,000 രൂപ അടച്ചത്. ലേലത്തിന്റെ ജിഎസ്‌ടി തുകയായ 32,682 രൂപ ഇതുവരെ അടച്ചിട്ടുമില്ല. ലേലത്തുക കൃത്യസമയത്ത് ലഭിച്ചില്ലെന്നും തുക അടയ്‌ക്കാതെ സാധനങ്ങൾ കൊണ്ടുപോകാൻ കൂട്ടുനിന്നതും ജിഎസ്‌ടി അടയ്‌ക്കാൻ വൈകിയതും ഗുരുതര വീഴ്‌ചയാണ്. ഇതുൾപ്പെടെ നിരവധി ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ വിജിലൻസ് ഇൻസ്‌പെക്ടർ പി സുനിൽകുമാർ, എഎസ്‌ഐമാരായ എ ശ്രീജിത്ത്, സജിത്ത് എന്നിവരാണ് വിജിലൻസ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.









0 comments