വർണമനോഹരമാണീ ആന്തൂർ

ബിജു കാർത്തിക്
Published on Aug 08, 2025, 02:30 AM | 2 min read
ആന്തൂർ
ഗ്രാമീണാന്തരീക്ഷമുള്ള നഗരസഭ– ഒറ്റവാക്കിൽ അതാണ് ആന്തൂർ. എന്നാൽ കാഴ്‌ചകളുടെയും വിനോദ, വിജ്ഞാന കേന്ദ്രങ്ങളുടെയും പറുദീസയുമാണ് ഈ നാട്. കണ്ണൂർ എൻജിനിയറിങ് കോളേജും കേന്ദ്രീയവിദ്യാലയവും ആയുർവേദ കോളേജുമടക്കം ദേശീയ ശ്രദ്ധനേടിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയെന്ന അഭിമാനസ്‌തംഭവും പൊലീസ്‌സേനയുടെ നാലാംദളവും റൂറൽ പൊലീസ് ക്യാമ്പും ദക്ഷിണേന്ത്യയിലെ തിരക്കേറിയ തീർഥാടനകേന്ദ്രമായ പറശിനിയും വിനോദസഞ്ചാരകേന്ദ്രങ്ങളായ വിസ്‌മയ പാർക്കും സ്‌നേക്ക് പാർക്കും വെള്ളിക്കീലുമുൾപ്പെടെ എണ്ണിയാൽ തീരാത്ത മികവുകളുടെ നാടുമാണ് ആന്തൂർ. ആന്തൂർ പെരുമ പക്ഷേ, ഇവിടെയൊന്നും തീരുന്നില്ല , കേന്ദ്ര ഭവന,നഗരകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വസർവേ സ്വച്ഛ് സർവേഷൻ 2024ൽ ദേശീയറാങ്ക് 222ലേക്ക് എത്തിച്ചാണ് ആന്തൂർ ചരിത്രമെഴുതിയത്. മുൻവർഷത്തെ 2345ൽനിന്നുള്ള ഈ മാറ്റത്തിനൊപ്പം ഗാർബേജ് ഫ്രീ സിറ്റി 1 സ്റ്റാർ പദവി, ഒഡിഎഫ് പ്ലസ് സർട്ടിഫിക്കേഷൻ നേട്ടങ്ങളും സ്വന്തമാക്കി. വാതിൽപ്പടി സേവനം 100ശതമാനത്തിലേക്ക് എത്തിക്കാനായതാണ് ഈ വിജയത്തിന്റെ രഹസ്യം. പ്രധാന കേന്ദ്രങ്ങളിൽ ജൈവ, അജൈവ മാലിന്യങ്ങൾക്ക് ബിന്നുകളും ബോധവൽക്കരണ ബോർഡുകളും സ്ഥാപിച്ചു. ശുചിത്വസന്ദേശങ്ങൾ ആലേഖനംചെയ്ത ചുമർചിത്രങ്ങളിലൂടെ നടപ്പാത സൗന്ദര്യവൽക്കരിച്ചും ഉറവിട സംസ്കരണ ഉപാധികൾ വിതരണംചെയ്തും മാതൃകയായി. മാലിന്യക്കൂമ്പാരങ്ങൾ നീക്കി, സ്നേഹാരാമങ്ങളും സെൽഫിപോയിന്റുമൊരുക്കി. കടകളിലെ ജൈവമാലിന്യം വിൻഡ്രോ കമ്പോസ്റ്റിലെത്തിച്ച് വളമാക്കി വരുമാനവും കണ്ടെത്തി. പൊതു ടോയ്‌ലറ്റുകളെല്ലായിടത്തുമൊരുക്കിയതിനൊപ്പം ഡിജിറ്റൽ ഫീഡ്ബാക്ക് സിസ്റ്റത്തിലൂടെ പരിശോധനയും നടക്കുന്നു. സാനിറ്ററി–- ദ്രവമാലിന്യ സംസ്കരണത്തിനുള്ള പദ്ധതി പ്രവർത്തനത്തിലാണ്. ഇതൊരു മാലിന്യനിർമാർജനത്തിന്റെമാത്രം കഥയല്ല, പദ്ധതിഫണ്ടും പട്ടികജാതി വികസനഫണ്ടും 100 ശതമാനവും ചെലവിട്ട ആന്തൂർ തനതുവരുമാനം വർധിപ്പിച്ച്, നികുതിപിരിവ് 98.5ശതമാനത്തിലെത്തിച്ചു. 133 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തരാക്കി. ലൈഫ് പദ്ധതിയിൽ 468 വീടുകളിൽ 460ഉം പൂർത്തിയാക്കി. 3010 വീടുകൾക്ക് സൗജന്യ കുടിവെള്ള കണക്‌ഷനും സാധ്യമാക്കി. 1500 കണക്‌ഷൻ ഉടൻ നൽകും. കിഫ് ബി ഫണ്ടിൽ 14 കോടിരൂപയിൽ നഗരസഭാ ഓഫീസുമൊരുങ്ങുന്നുണ്ട്. കാർഷിക–-മൃഗസംരക്ഷണ മേഖലയ്ക്ക് ഓരോ വർഷവും 3.6 കോടി രൂപ മാറ്റിവയ്ക്കുന്ന നഗരസഭയെന്ന പെരുമയും ആന്തൂരിനുതന്നെ.
പറശ്ശിനിക്കടവിൽ ജിംനേഷ്യവും ഷീ ലോഡ്‌ജും ധർമശാലയിൽ വനിതാജിമ്മും സ്റ്റേഡിയവും സ്റ്റേജും വനിത ടർഫുംഅവസാനഘട്ടത്തിൽ ശാന്തിതീരം വാതകശ്മശാനം ബക്കളത്ത് അർബൻ കുടുംബാരോഗ്യകേന്ദ്രം പാളിയത്ത് വളപ്പ്, തളിയിൽ, കോൾത്തുരുത്തി എന്നിവിടങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ മോറാഴ സെൻട്രലിൽ ആയുർവേദ ഡിസ്പെൻസറി
വളർച്ചയിൽ അതിവേഗം
ആന്തൂർ നഗരസഭ ബാല്യം പിന്നിട്ട് കൗമാരത്തിലേക്ക് കടക്കുന്നതേയുള്ളൂ. ഈ ചെറിയ കാലയളവിനുള്ളിൽ ശ്രദ്ധേയ പുരസ്കാരങ്ങളും നേട്ടങ്ങളും സ്വന്തമാക്കി. പ്രതിപക്ഷമില്ലാത്ത നഗരസഭയായിട്ടും ഒരു രാഷ്ട്രീയ പാർടിക്കും നാട്ടുകാർക്കും പരാതിയില്ലാത്തവിധം പ്രവർത്തിക്കാനായത് ഭരണസമിതിയുടെ കൂട്ടായ വിജയമാണ്. തെളിമയാർന്ന പ്രവർത്തനവും നന്മയുടെ രാഷ്ട്രീയവും ഒത്തുചേരുമ്പോൾ ആന്തൂർ അതിവേഗം വളരുകയാണ്.
പി മുകുന്ദൻ നഗരസഭാ ചെയർമാൻ
ജൈത്രയാത്ര തുടരും
മാലിന്യസംസ്‌കരണമാണ് നഗരങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി. അതിനെ മറികടക്കാൻ കഴിഞ്ഞത് ആന്തൂരിന്റെ ജനകീയക്കരുത്തിലാണ്. അത്തരത്തിൽ എല്ലാ കാര്യങ്ങളിലും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ നേട്ടങ്ങളിലേക്കുള്ള നാടിന്റെ ജൈത്രയാത്ര തുടരും.
വി സതീദേവി വൈസ് ചെയർമാൻ









0 comments