"സെന്റിനൽ ഗാർഡ്' കൃഷിത്തോട്ടത്തിലെ കാവൽക്കാരൻ

വന്യമൃഗങ്ങളെ തുരത്താനുള്ള ഇലക്ട്രോണിക് സംവിധാനവുമായി ചെറുപുഴ കാക്കയഞ്ചാൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി സിയോണ മരിയ
കണ്ണൂർ
‘എന്നും കാട്ടുപന്നിയിറങ്ങി വീട്ടിലും പറമ്പിലുമുള്ള കൃഷിയെല്ലാം നശിപ്പിക്കും. അച്ഛനും അമ്മയും കഷ്‌ടപ്പെട്ടുണ്ടാക്കുന്നതൊക്കെ കളയും. ഇവയെ തുരത്തണം. കൃഷി സംരക്ഷിക്കണം, ആക്രമണം ഒഴിവാക്കണം എന്നാണ് ചിന്തിച്ചത്.’ ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി സിയോണ മരിയ പറഞ്ഞു. പറമ്പിലെത്തുന്ന പന്നിയെയും മറ്റും തുരത്താൻ അങ്ങനെ സിയോണയുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ‘കാവൽക്കാരനെ’ നിയമിച്ചു. ഉഗ്രൻ ഒരു ഇലക്ട്രോണിക് സംവിധാനമാണ് കൊച്ചുമിടുക്കിയുടെ ഭാവനയിൽ രൂപപ്പെട്ടത്. ‘സെന്റിനൽ ഗാർഡ്’ എന്നാണ് സിയോണ വികസിപ്പിച്ച ഉപകരണത്തിന്റെ പേര്. ഇവനാണിന്ന് പറമ്പിലെ ചേമ്പിനും ചേനയ്‌ക്കും കപ്പയ്‌ക്കും വാഴയ്‌ക്കുമെല്ലാം കാവൽനിൽക്കുന്നത്. സ്വന്തം കൃഷിയിടത്തിൽ അച്ഛനോടൊപ്പംചേർന്ന് ഫലപ്രദമായി പരീക്ഷിച്ചു വിജയിപ്പിച്ച ഉപകരണം സിയോണ ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഇന്നോവേറ്റീവ് വർക്കിങ് മോഡൽ മത്സരത്തിൽ പരിചയപ്പെടുത്തി. 10 മീറ്റർ അകലെവരെയുള്ള വന്യജീവികളുടെ സാന്നിധ്യം സെൻസർ ഉപയോഗിച്ച് അറിയും. തുടർന്ന് സർക്യൂട്ട് ഓണാവും. ബസറിൽനിന്നും ഘടിപ്പിച്ചിരിക്കുന്ന പ്ലേറ്റിൽനിന്നും ക്രമാതീതമായി ശബ്ദം പുറപ്പെടുവിക്കും. ലേസർ വെളിച്ചം തെളിയും. ഇതാണ് ഉപകരണം. 5000 ഹെർട്‌സ് 85 ഡെസിബെൽ അളവിലാണ് ശബ്‌ദമുണ്ടാകുക. 30 സെക്കൻഡ് സമയത്തേക്കാണ് പ്രവർത്തനസമയം നിശ്ചയിച്ചത്. ലേസർ വെളിച്ചവുംകൂടിയാകുമ്പോൾ വന്യജീവികൾ സ്ഥലം കാലിയാക്കുന്നു എന്ന് സിയോണ പറഞ്ഞു. ഇതിലൂടെ ജീവജാലങ്ങൾക്കോ പ്രകൃതിക്കോ ദോഷവുമില്ല. സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിലെ ഫയർ ക്യാമ്പ് വേളയിലായിരുന്നു ആശയം കിട്ടിയത്. തീയും വെളിച്ചവും ശബ്‌ദവുമായി ഗോത്ര മനുഷ്യൻ വന്യജീവികളിൽനിന്ന് രക്ഷനേടിയ കഥ ഡിജിറ്റൽ– ഇലക്‌ടോണിക് കാലത്ത് ‘സെന്റിനൽ ഗാർഡ്’ എന്ന ഉപകരണത്തിന്റെ നിർമിതിയിലേക്ക് നയിക്കുകയായിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാരനായ പുളിങ്ങോം മറ്റത്തിൽ ജോമോൻ ജോസിന്റെയും സുമി ദേവസ്യയുടെയും മകളാണ് സിയോണ. ആൻട്രിയ, എവ്‌ലിൻ എന്നിവർ സഹോദരങ്ങൾ.









0 comments