പൊതുവിദ്യാലയങ്ങളെ അപമാനിക്കുന്ന മേയറുടെ പരാമർശം അനുചിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2025, 02:30 AM | 1 min read

കണ്ണൂർ

പൊതുവിദ്യാലയങ്ങളെ അപമാനിക്കുന്ന കണ്ണൂർ കോർപ്പറേഷൻ മേയറുടെ പരാമർശം അനുചിതമെന്ന്‌ മുദ്രാ വിദ്യാഭ്യാസ സമിതി. കണ്ണൂർ കോർപ്പറേഷനിലെ അഴിമതി പുറത്തുവന്നത്‌ മറച്ചുവയ്ക്കാൻ രാജ്യത്തുതന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ അപമാനിക്കുന്നത്‌ ദ‍ൗർഭാഗ്യകരമാണെന്നും മുദ്രാ വിദ്യാഭ്യാസ സമിതി കൺവീനർ പി പി ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനുകീഴിൽ പ്രവർത്തിക്കുന്ന മുദ്രാ വിദ്യാഭ്യാസ സമിതി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് രൂപംകൊണ്ടത്. സമിതിയുടെ പ്രവർത്തനങ്ങൾ മുഴുവൻ സുതാര്യമായി പൊതുസമൂഹത്തിന്റെ മുന്നിലാണ് നടത്തുന്നത്. വാർഷിക പൊതുയോഗങ്ങളിലും അർധവാർഷിക യോഗങ്ങളിലും റിപ്പോർട്ടും കണക്കും അവതരിപ്പിക്കുന്നു. എല്ലാ രേഖകളും പൊതുസമൂഹത്തിന് ലഭ്യമാണ്. മുദ്രാ വിദ്യാഭ്യാസ സമിതി നടത്തുന്ന എല്ലാ പദ്ധതികൾക്കും ഗവൺമെന്റ് തലത്തിലുള്ള അനുമതിയും സമൂഹത്തിന്റെ പിന്തുണയും ഉണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിന്റെ ആവശ്യങ്ങൾക്കുമായി ഓഡിറ്റോറിയം, ലൈബ്രറി, വീഡിയോ കോൺഫറൻസ് ഹാൾ, സ്റ്റേഡിയം, റോബോട്ടിക്‌ അഡ്വാൻസ് ലാബ് തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നാണ്‌ മേയർ പറഞ്ഞത്‌. ഇതൊക്കെയും പൊതുസമൂഹത്തിനുമുന്നിലുള്ള കാര്യങ്ങളാണ്‌. മുദ്രാ പദ്ധതി ജനപ്രതിനിധികളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ സംരംഭമായാണ് ആരംഭിച്ചത്. സിഎസ്ആർ പദ്ധതികളുടെ സഹായത്തോടെ സ്കൂൾ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഈ പദ്ധതി, ഹയർ സെക്കൻഡറി, ഹൈസ്കൂളിനൊപ്പം 14 എൽപി, യുപി സ്കൂളുകളെയും ഉൾക്കൊള്ളുന്നു. ലീഗ്‌ നേതാക്കൾ നേതൃത്വംവഹിക്കുന്ന സ്‌കൂളുകൾക്കും ഇ‍ൗ പദ്ധതിയിൽ ഫണ്ട്‌ ലഭിച്ചിട്ടുണ്ട്‌. കണ്ണൂർ മേയർ ലബോറട്ടറി അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന ദീനുൽ ഇസ്ലാം സഭാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചതും വളർത്തിയതും മുൻ എംപി ഇ അഹമ്മദിന്റെ നേതൃത്വത്തിലാണ്‌. സ്വന്തം സ്ഥാപനത്തിന്റെ ചരിത്രവും പാരമ്പര്യവുംമറന്ന് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ അവഹേളിച്ചത് മേയർ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്നും മുദ്രാ ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം മനോജ്കുമാർ, കെ വേണു, പിടിഎ പ്രസിഡന്റ്‌ പി സി ആസിഫ്, മദർ പിടിഎ പ്രസിഡന്റ്‌ സി കെ രമ്യ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home