ഫെൻസിങ്ങിൽ വലിയ പ്രതീക്ഷ: സാഗർ എസ് ലാഗു

ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിലെ കേരള താരങ്ങൾ മുഖ്യ പരിശീലകൻ സാഗർ എസ് ലാഗുവിനൊപ്പം
രാഗേഷ് കായലൂർ
Published on Jan 01, 2025, 01:13 AM | 1 min read
കണ്ണൂർ
രാജ്യത്തിന് വലിയ പ്രതീക്ഷ നൽകുന്ന കായിക ഇനമാണ് ഫെൻസിങ്ങെന്ന് ദേശീയ പരിശീലകൻ സാഗർ എസ് ലാഗു. ഒട്ടേറെ പുതിയ താരങ്ങൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതും സർക്കാരിന്റെ പ്രോത്സാഹനവും മുതൽക്കൂട്ടാകുന്നു. ഏഷ്യൻ നിലവാരത്തിലേക്ക് താരങ്ങൾ ഉയർന്നുകഴിഞ്ഞു. കേന്ദ്ര കായിക മന്ത്രാലയവും സംസ്ഥാന സർക്കാരും ഫെൻസിങ്ങിന് മികച്ച പരിഗണനയാണ് നൽകുന്നത്. കണ്ണൂർ, വയനാട്, തൃശൂർ എറണാകുളം ജില്ലകളിൽ സംസ്ഥാന സർക്കാരിന്റെ പരിശീലന കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമായിരുന്നു നമ്മുടെ താരങ്ങളുടേതെന്നും കേരളത്തിന്റെ മുഖ്യ പരിശീലകനും ചാമ്പ്യൻഷിപ്പ് ടെക്‌നിക്കൽ കമ്മിറ്റി തലവനുമായ സാഗർ എസ് ലാഗു പറഞ്ഞു. 29 സംസ്ഥാനങ്ങളിൽനിന്നും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നുമായി 592 താരങ്ങളും ഒഫീഷ്യൽസും പരിശീലകരുമടക്കം 750 പേരാണ് മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിലെ ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ജമ്മു കശ്‌മീർ, പഞ്ചാബ്, മഹാരാഷ്ട്ര, സർവീസസ് എന്നിവ പുരുഷന്മാരിലും കേരളം, ഹരിയാന, മണിപ്പുർ എന്നിവ വനിതകളിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ടീമുകളാണ്. പുരുഷന്മാരിൽ സർവീസസും വനിതകളിൽ കേരളവുമാണ് നിലവിലെ ചാമ്പ്യന്മാർ. എസ് അക്ഷയ്, ടി എസ് അനൂപ്, പി എസ് അഭിഷേക്, അബ്ദുൽ അസീസ്, ആൽബർട്ട് ആന്റോ, അലോഷ്യസ് കെ ജോഷി, രോഹിത് സോമൻ, പി അഡ്വിൻ, റിതുദേവ് മനോജ്, കെ അർജുൻ, എൻ അമൽ ലാൽ, ജെ എസ് ആരോമൽ(പുരുഷന്മാർ), റീഷ പുതുശേരി, ജോസ്‌ന ക്രിസ്‌റ്റി ജോസ്, എസ് സൗമ്യ, എസ് ജി ആർച്ച, ആൻമരിയ വിനോസ്, അഞ്‌ജലി അനിൽ, ഐശ്വര്യ നായർ, കെ പി ഗോപിക, പി ജി ദിയ, ഇ എ അരുണിമ, കെ ബി ആര്യ, അലിക സണ്ണി(വനിതകൾ) എന്നിവരാണ് കേരള ടീം അംഗങ്ങൾ. സാഗർ എസ് ലാഗു, അരുൺ രാജ്‌കുമാർ, അരുൺ എസ് നായർ, അഖില അനിൽ എന്നിവരാണ് പരിശീലകർ.








0 comments