കൊടുവള്ളി റെയിൽവേ മേൽപ്പാലം ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഇനി തടസ്സമില്ലാത്ത യാത്ര

മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ഉദ്‌ഘാടനം ചെയ്യുന്ന കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ ആകാശക്കാഴ്‌ച

മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ഉദ്‌ഘാടനം ചെയ്യുന്ന കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ ആകാശക്കാഴ്‌ച

avatar
സ്വന്തം ലേഖകൻ

Published on Aug 12, 2025, 12:32 AM | 1 min read

തലശേരി

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് നാടിന്റെ ആഹ്ലാദാരവങ്ങൾക്കിടെ ഒടുവിലിതാ കൊടുവള്ളി റെയിൽവേ മേൽപ്പാലം തുറക്കുന്നു. തലശേരി–അഞ്ചരക്കണ്ടി റോഡിലെ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വ പകൽ 11.30ന്‌ നാടിന്‌ സമർപ്പിക്കും. സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ്‌റിയാസ്‌ എന്നിവരും പങ്കെടുക്കും. മേൽപ്പാലം തുറക്കുന്നതോടെ കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പും ഗതാഗത കുരുക്കുമാണ്‌ അവസാനിക്കുന്നത്‌. തലശേരിക്കടുത്ത കൊടുവള്ളിയിലെ 230ാം നമ്പർ ലെവൽ ക്രോസിലാണ്‌ മേൽപ്പാലം. കൊടുവള്ളിയിൽനിന്ന്‌ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയാണ് മേൽപ്പാലത്തിൽ. 36.37 കോടി രൂപ ചെലവിലാണ്‌ നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന്‌ മാത്രമായി. 27 ഭൂവുടമകളിൽനിന്ന്‌ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. മൊത്തം നിർമാണച്ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ്‌ വഹിച്ചത്‌. കിഫ്‌ബി ധനസഹായത്തോടെ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപ്പറേഷനാണ്‌ മേൽപ്പാലം നിർമിച്ചത്‌. കൊടുവള്ളിയിൽ പഴയ ബാങ്ക്‌ കെട്ടിടത്തിന്‌ സമീപത്തുനിന്ന്‌ ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ്‌ മേൽപ്പാലം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ മലബാറിൽ നിർമിക്കുന്ന ആദ്യറെയിൽവേ മേൽപ്പാലമാണിത്. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ്‌ കോൺക്രീറ്റുമാണ്‌. പാലം പ്രവൃത്തി 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.


ലെവൽ ക്രോസുകളില്ലാത്ത കേരളം പദ്ധതിയിൽ

എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ലെവൽക്രോസുകളില്ലാത്ത കേരളം പദ്ധതിയിൽ പൂർത്തിയാകുന്ന ഒമ്പതാമത്തെ പാലമാണിത്‌. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലം വന്നതോടെ പരിഹരിക്കപ്പെടുന്നത്.


എൽഡിഎഫ്‌ സർക്കാരിന്റെ ഇഛാശക്തിയിൽ

സ്ഥലമേറ്റെടുക്കലിന്‌ തുടക്കംമുതൽ പലവിധ തടസങ്ങളായിരുന്നു. സ്ഥലമെടുപ്പ്‌ ചോദ്യംചെയ്‌ത്‌ കോടതിയിലും ഹർജിയെത്തി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലായത്‌. ആകർഷകമായ നഷ്‌ടപരിഹാരപാക്കേജ്‌ നൽകിയാണ്‌ 22 പേരിൽനിന്ന്‌ 1.56 ഏക്കർ സ്ഥലം ഏറ്റെടുത്തത്‌. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണം വിട്ട്‌ റെയിൽവേ ഗേറ്റ്‌ തകർന്ന്‌ ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലം വരുന്നതോടെ ചരക്കുവാഹനങ്ങൾക്കും എളുപ്പം ഇല്ലിക്കുന്ന്‌ കടന്നുപോകാം.



deshabhimani section

Related News

View More
0 comments
Sort by

Home