പച്ചത്തുരുത്തുകളിൽ ഇനി ‘സ്ഥലങ്ങളും’ തഴച്ചുവളരും

സുപ്രിയ സുധാകർ
Published on Aug 25, 2025, 02:30 AM | 1 min read
കണ്ണൂർ
എരമം, പൂവം, തവിടിശ്ശേരി എന്നിങ്ങനെ സ്ഥലപ്പേരുള്ള മരങ്ങൾ കണ്ടെത്തി പച്ചത്തുരുത്ത് ഒരുക്കുകയാണ് ഹരിതകേരളം മിഷൻ. ഇത്തരം മരങ്ങളുടെ തൈകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച് വ്യത്യസ്‌തമായ പച്ചത്തുരുത്താണ് ഒരുക്കുന്നത്. കണ്ണൂർ, കല്യാശേരി ബ്ലോക്കുകളിലെ തെരഞ്ഞെടുത്ത രണ്ട് പ്ലോട്ടുകളിൽ ഇത്തരം പച്ചത്തുരുത്ത് ഒരുക്കും. വംശനാശഭീഷണി നേരിടുന്ന സ്ഥലനാമ പേരുകളിലുള്ള മരങ്ങളുടെ വൃക്ഷത്തൈകൾ ശേഖരിക്കാനുള്ള പ്രവർത്തനം ഹരിതകേരളം മിഷൻ ആരംഭിച്ചു. തളിപ്പറമ്പിനടുത്ത പൂവത്തെ ഓർമിപ്പിച്ച് പൂവം, എരമം–കുറ്റൂരിലെ തവിടിശ്ശേരി, പെരിങ്ങോം–വയക്കരയിലെ ചൂരൽ, ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഓർമയ്‌ക്കായ് ചെന്തുരുണി, കാഞ്ഞിരങ്ങാടിനെ ഓർക്കാൻ കാഞ്ഞിരം, തിരുവനന്തപുരത്തെ കുടപ്പനക്കുന്നിനായ് കുടപ്പന, കോറോത്തെ ഏച്ചിലാംവയലിനായി ഏച്ചിൽ, ബംഗാളിലെ പ്ലാസിയെയും പയ്യാവൂരിലെ ചമതച്ചാലിനെയും ഓർമിപ്പിച്ച് പ്ലാശ്, ബദരിനാഥിനായി ബദരം (ഇലന്ത), കടമ്പേരിയെയും കടമ്പൂരിനെയും ഓർക്കാൻ കടമ്പ്, പാലയെ ഓർക്കാൻ പാല തുടങ്ങി നിരവധി മരങ്ങളുണ്ട്. സ്ഥലനാമ ചെടികൾ ശേഖരിച്ച് നട്ടുവളർത്തുന്നതോടൊപ്പം അവയുടെ വിശദാംശങ്ങൾ വൃക്ഷത്തൈയോടൊപ്പം ബോർഡിൽ പ്രദർശിപ്പിക്കുകയുംചെയ്യും. ജില്ലയിൽ ഇതിനകം 36 സ്ഥലനാമ വൃക്ഷത്തൈകൾ കണ്ടെത്താനും ശേഖരിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.









0 comments