അഴീക്കല്‍ തുറമുഖ വികസനത്തിന് അംഗീകാരം
പ്രതീക്ഷയോടെ കണ്ണൂർ


സ്വന്തം ലേഖകൻ
Published on Nov 06, 2025, 02:00 PM | 1 min read
കണ്ണൂർ
അഴീക്കല്‍ തുറമുഖ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ ചിറകുവയ്ക്കുന്നത് മലബാറിന്റെ വികസനക്കുതിപ്പിന്. അഴീക്കല്‍ തുറമുഖ വികസനത്തിനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് സമർപ്പിച്ച ഡിപിആറിനും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് തയ്യാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടനാറിപ്പോർട്ടിനും അംഗീകാരം നല്‍കിയ ഉത്തരവിലെ നിബന്ധനകള്‍ ധനവകുപ്പ് അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. വിഴിഞ്ഞം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം നിക്ഷേപവും വികസനവും സാധ്യമാക്കുന്ന പദ്ധതിയാകും മലബാർ അന്താരാഷ്ട്ര തുറമുഖം. 2026ൽ നിർമാണം ആരംഭിച്ച് 2031ൽ ഒന്നാംഘട്ടം പൂർത്തിയാക്കും വിധമാണ് പദ്ധതി രൂപകൽപ്പന. 14 മീറ്ററാണ് തുറമുഖത്തിന്റെ ആഴം. മൂന്നര കിലോമീറ്റർ പുലിമുട്ട്, അരകിലോമീറ്റർ ബർത്ത്, അനുബന്ധ സൗകര്യങ്ങൾ എന്നിവയും നിർമിക്കും. ആദ്യഘട്ടത്തിൽ 3,742 കോടി രൂപയാണ് പദ്ധതിച്ചെലവ്. രണ്ടാംഘട്ടത്തിന് 375 കോടിയും മൂന്നാംഘട്ടത്തിന് 930 കോടിയും ചെലവാകും. ആകെ 5,047 കോടി രൂപ. തുടക്കത്തിൽ 5,000 കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ള കപ്പലുകൾക്ക് ഇവിടെ അടുപ്പിക്കാം. നാലുവർഷത്തിനുള്ളിൽ പ്രതിവർഷം 300 കപ്പലും 12 വർഷത്തിനുള്ളിൽ 850 കപ്പലും കൈകാര്യംചെയ്യാനാകും.









0 comments