കസ്തൂർബയിൽ 30 കുടുംബങ്ങൾക്ക് പട്ടയമായി

മയ്യിൽ
സ്വന്തമായി അനുവദിച്ച ഭൂമിയിൽ വീടുവച്ച് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പട്ടയം ലഭിക്കാതിരുന്ന കസ്തൂർബാനഗറിലെ 30 കുടുംബങ്ങൾക്ക് ഒടുവിൽ ആശ്വാസം. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കാര്യംപറമ്പ് കസ്തൂർബ നഗറിലെ 41 കുടുംബങ്ങളിൽ 30 പേർക്കാണ് പട്ടയം ലഭിച്ചത്. മുഖ്യമന്ത്രിയുടെ താലൂക്ക് അദാലത്തിൽ ഓലനടിയൻ ശൈലജ, കെ കെ നബീസ എന്നിവർ നൽകിയ പരാതിയിലൂടെയാണ് എല്ലാവർക്കും ഭൂമി പട്ടയം പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടയം അനുവദിച്ചത്. മുൻ പഞ്ചായത്ത് അംഗം ടി ആർ ചന്ദ്രൻ, ചെങ്ങളായി ബാലകൃഷ്ണൻ, ഒ നാരായണൻ, പൊതുപ്രവർത്തകൻ വി സജിത്ത് എന്നിവരാണ് പട്ടയം ലഭിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്. എം വി ഗോവിന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് ബ്ലോക്കിൽ നടന്ന പട്ടയമേളയിൽ ജില്ലാ ഭൂദാന യജ്ഞ കമ്മിറ്റിയുടെ അനുമതിയോടെയാണ് 30 കുടുംബങ്ങളിലെ ഗൃഹനാഥമാരുടെ പേരിൽ പട്ടയം അനുവദിച്ചത്. ബാക്കിയുള്ളവർക്കുകൂടി ഉടൻതന്നെ പട്ടയം ലഭ്യമാക്കാനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്.









0 comments