പാപ്പിനിശേരി റെയിൽവേ മേൽപ്പാലം: യുഡിഎഫിന്റേത് സമരാഭാസം


സ്വന്തം ലേഖകൻ
Published on Sep 18, 2025, 02:00 AM | 1 min read
പാപ്പിനിശേരി
പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്നത് സമരാഭാസം. യുഡിഎഫ് ഭരണകാലത്ത് വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 2013ലാണ് പാലം നിർമാണം ആരംഭിച്ചത്. പാലാരിവട്ടം പാലം പണിത ആർഡിഎസ് കമ്പനിക്കായിരുന്നു നിർമാണച്ചുമതല. നിർമാണഘട്ടത്തിൽതന്നെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അന്നത്തെ എംഎൽഎ കെ എം ഷാജി ഒരു ഇടപെടലും നടത്തിയില്ല. കെ എം ഷാജിയുടെ നിലപാടുകൾക്കെതിരെ പ്രതിഷേധവുമുണ്ടായി. ഇൗ യാഥാർഥ്യം മറച്ചുവച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യുഡിഎഫ് ഇപ്പോൾ സമരം നടത്തുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റിൽ കോൺക്രീറ്റ് സീലിങ് പൊളിഞ്ഞ് വിള്ളലുണ്ടായി. കമ്പികൾ പുറത്തുവന്ന അവസ്ഥയായിരുന്നു. എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ വിള്ളലും വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന വലിയ ഇളക്കവും തുടക്കം മുതലേയുണ്ടായിരുന്നു. എൽഡിഎഫ് സർക്കാർ വന്നപ്പോൾ പലവട്ടം അറ്റകുറ്റപ്പണി നടത്തി. യാഥാർഥ്യം ഇതായിരിക്കെ യുഡിഎഫുകാർ നിരന്തരം വാസ്തവവിരുദ്ധമായ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവരുടെ സമരാഭാസത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. അശാസ്ത്രീയ നിർമാണം നടത്താൻ വഴിയൊരുക്കിയവരുടെ വീട്ടുപടിക്കലാണ് യുഡിഎഫുകാർ സമരം നടത്തേണ്ടതെന്ന് മേൽപ്പാലം സന്ദർശിച്ച സിപിഐ എം നേതാക്കൾ പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരെയും എംഎൽഎക്കെതിരെയും നടത്തുന്നത് രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയുള്ള സമരാഭാസമാണെന്നും നേതാക്കൾ പറഞ്ഞു.









0 comments