ചേലോറയിലെ മാലിന്യനീക്കം
മാലിന്യക്കൂമ്പാരത്തിന്റെ പുതിയ അളവെടുക്കലും തട്ടിപ്പ് വെളുപ്പിക്കാൻ

എൻ കെ സുജിലേഷ്
Published on Jul 15, 2025, 02:00 AM | 1 min read
കണ്ണൂർ
ചേലോറയിലെ മാലിന്യക്കൂമ്പാരത്തിന്റെ പുതിയ അളവെടുക്കലും തട്ടിപ്പ് വെളുപ്പിക്കാൻ. കണ്ണൂർ കോർപ്പറേഷന് വേണ്ടി നേരത്തേ കണക്കെടുത്ത കോഴിക്കോട് എൻഐടിയുടെ അളവ് കൃത്യമല്ലെന്ന വിലയിരുത്തലിലാണ് പുതിയ ഏജൻസിയെ വയ്‌ക്കുന്നത്. 1.77 കോടി രൂപയുടെ വെട്ടിപ്പ് പുറത്തായതോടെ മാലിന്യനീക്കത്തിനുള്ള കരാർ റദ്ദാക്കേണ്ടി വന്നെങ്കിലും കമ്പനിയിൽനിന്ന് തിരിച്ചുപിടിക്കുന്നത് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. 2021ൽ കോഴിക്കോട് എൻഐടി നടത്തി ഡ്രോൺ സർവേയിലാണ് 1.23 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്ന് നീക്കംചെയ്യാനുണ്ടെന്ന് കണ്ടെത്തിയത്. ഇതുപ്രകാരമാണ് റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സും മറ്റു രണ്ട് കമ്പനികളും ഉൾപ്പെട്ട കൺസോർഷ്യത്തിന് കരാർ നൽകുന്നത്. 9.7 ഏക്കർ ഭൂമിയിലെ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കംചെയ്‌ത് ഭൂമി പൂർവ സ്ഥിതിയിലാക്കി കൈമാറാനായിരുന്നു കരാർ. വ്യവസ്ഥകൾ പാലിച്ചല്ല കരാർ നൽകിയതെന്നും മാലിന്യനീക്കത്തിന്റെ മറവിൽ 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായും ഓഡിറ്റർ ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് കോർപ്പറേഷൻ പ്രതിക്കൂട്ടിലായത്. 73,502 ക്യൂബിക് മീറ്റർ മാലിന്യം നീക്കിയതായി എം ബുക്കിൽ രേഖപ്പെടുത്തിയാണ് 2.63 കോടി രൂപ കോർപ്പറേഷൻ കൈമാറിയത്. എന്നാൽ, 2024 മാർച്ചിൽ കോഴിക്കോട് എൻഐടി നടത്തിയ പരിശോധനയിലാണ് 24,042 ക്യൂബിക് മീറ്റർ മാലിന്യമേ നീക്കിയിട്ടുള്ളൂവെന്ന് കണ്ടെത്തിയത്. 49,460 ക്യൂബിക് മീറ്റർ മാലിന്യം നീക്കിയതായി കള്ളക്കണക്കുണ്ടാക്കിയാണ് 1.77 കോടി രൂപ കമ്പനികൾക്ക് കൈമാറിയതെന്ന് എജി കണ്ടെത്തി. തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയതോടെ കോഴിക്കോട് എൻഐടി ഡ്രോൺ സർവേയിലൂടെ കണക്കാക്കിയ അളവിനെ തള്ളിപ്പറയുകയായിരുന്നു കോർപ്പറേഷൻ. ഡ്രോൺ സർവേയിലൂടെ ലഭിക്കുന്ന അളവ് ആധികാരികമല്ലെന്നായിരുന്നു വിലയിരുത്തൽ. കരാറുണ്ടാക്കുന്നതിന് അടിസ്ഥാനമാക്കിയത് എൻഐടിയുടെ അളവാണെന്നത് എജിയുടെ റിപ്പാർട്ടിലും അടിവരയിടുന്നുണ്ട്. കരാർ കമ്പനി നീക്കം ചെയ്യാൻ തുടങ്ങിയശേഷവും ഇവിടെ മാലിന്യം തള്ളിയിരുന്നുവെന്ന വാദവും തട്ടിപ്പ് വെളുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. കരാർ നൽകുന്നതിന് ഡ്രോൺ സർവേയുടെ അളവും പണം അനുവദിക്കുന്നതിന് മറ്റ് സംവിധാനവും എന്ന വിചിത്രവാദമാണ് കോർപ്പറേഷൻ ഉയർത്തുന്നത്. തൃക്കരിപ്പൂർ ഗവ. എൻജിനിയറിങ് കോളേജിനാണ് ചേലോറയിൽ നിലവിലുള്ള മാലിന്യത്തിന്റെ അളവെടുക്കാൻ കോർപ്പറേഷൻ കത്തുനൽകിയത്. കരാർ റദ്ദാക്കി മൂന്നുമാസം കഴിഞ്ഞിട്ടും അളവെടുക്കാനുള്ള കത്ത് നൽകൽ മാത്രമേ നടന്നിട്ടുള്ളൂ.









0 comments