‘ബാലനും’ മുന്പേ സിനിമകണ്ട തലശേരി

പി ദിനേശൻ
Published on Oct 14, 2025, 02:30 AM | 1 min read
തലശേരി
സിനിമയുടെ വെള്ളിവെളിച്ചം തലശേരിയിൽ പതിഞ്ഞിട്ട് നൂറ്റാണ്ട് പിന്നിട്ടു. തലശേരി നാരങ്ങാപ്പുറം വയലും കോസ്‌മോപൊളിറ്റൻ ക്ലബ്ബുമാണ് സിനിമാ കാഴ്‌ചയിലേക്ക് നാടിനെ ആദ്യം നയിച്ചത്. ചൂര്യായി കണാരൻ റോഡിന്റെ തൊട്ടടുത്ത് കെട്ടിയുയർത്തിയ സിനിമാ കൊട്ടകകളിലാണ് നിശബ്ദചിത്രങ്ങളും ശബ്ദചിത്രങ്ങളും പ്രദർശിപ്പിച്ചത്. കൊയ്‌ത്തിനുശേഷം ഇൗർപ്പംകലർന്ന വയലിൽ വർണ – വർഗ വ്യത്യാസമില്ലാതെ ആസ്വാദകർ ഒത്തുചേർന്നു. ആദ്യ ശബ്ദചിത്രം ബാലൻ ഇറങ്ങുന്നതിന് ഏഴുവർഷം മുന്പേ അത്തരം സിനിമകൾ തലശേരിക്കാരുടെ ജീവിതത്തിന്റെ ഭാഗമായി. സഞ്ചരിക്കുന്ന ടാക്കീസുകൾ നാരങ്ങാപ്പുറം വയലിൽ ടെന്റടിക്കുന്നതിന് എത്രയോമുന്പ് സായിപ്പുമാരുടെ ചലച്ചിത്രക്കാഴ്‌ചകളും വിസ്‌മയംതീർത്തിട്ടുണ്ട്. സ്‌റ്റേഡിയത്തിനടുത്ത കോസ്‌മോപൊളിറ്റൻ ക്ലബിലായിരുന്നു സിനിമാപ്രദർശനം. നിശബ്ദ ചിത്രങ്ങളാണിവിടെ ഏറെയും പ്രദർശിപ്പിച്ചത്. തിരശീലയുടെ ഏതെങ്കിലും ഒരു വശത്തുനിന്ന് നീണ്ട കോലുകൊണ്ട് കഥാപാത്രരൂപത്തെ സ്‌പർശിച്ച് കഥപറയുന്നതായിരുന്നു രീതി.ആദ്യ കഥാചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ‘ദ ഗ്രേറ്റ് ട്രെയിൻ റോബറി’ ഇവിടെ പ്രദർശിപ്പിച്ചു. ഒറ്റ റീൽ ചിത്രങ്ങളുടെ പരന്പരതന്നെ കോസ്‌മോയിലുണ്ടായി. ക്ലബിലെ ജാലക വിടവിലൂടെയാണ് ചലച്ചിത്രത്തിന്റെ അരികുകാഴ്‌ചകൾ സാധാരണക്കാർ ആദ്യം കണ്ടതും. ഇതാ മിണ്ടും പടം ‘1931 സെപ്‌തംബർ 30 മുതൽ സംസാരിക്കുന്ന പടം, പാട്ടുപാടുന്ന പടം, നൃത്തംചെയ്യുന്ന പടം...തലശേരി സദാ സിനിമയിൽ ഇതാ വരുന്നു’ തലശേരി സദാ സിനിമ എന്ന തിയറ്ററിന്റെ ഉടമ ടി എം സദാശിവൻ അച്ചടിച്ച് വിതരണംചെയ്‌ത നോട്ടീസ് തലശേരിയുടെ ചലച്ചിത്ര സംസ്‌കാര ചരിത്രത്തിലെ സുവർണമുദ്രയാണ്. ഇൗ നോട്ടീസിൽ സിനിമയുടെ പേരുണ്ടായിരുന്നില്ല. സംസാരിക്കുന്ന ഇന്ത്യൻ പടമെന്നതായിരുന്നു ഹൈലൈറ്റ്. അഭിനേതാക്കളുടെ പേര് ചേർത്തിട്ടുണ്ടെങ്കിലും നിർമാതാവിന്റെയോ, സംവിധായകന്റെയോ പേരുണ്ടായില്ല.









0 comments