വികസന സദസ്സുകൾ നാളെ തുടങ്ങും


സ്വന്തം ലേഖകൻ
Published on Sep 26, 2025, 02:45 AM | 1 min read
കണ്ണൂർ
തദ്ദേശ സ്ഥാപനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വികസന സദസ്സുകൾക്ക് ശനിയാഴ്‌ച തുടക്കമാകും. ജില്ലാതല ഉദ്ഘാടനം അഴീക്കോട് പഞ്ചായത്തില്‍ നടക്കും. രാവിലെ പത്തിന് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങളുമായി ആശയ സംവേദനം നടത്തി വികസന പ്രവര്‍ത്തനങ്ങളില്‍ തുടർന്ന് നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കലാണ് ഉദ്ദേശമെന്ന് കെ വി സുമേഷ് എംഎല്‍എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനകീയ ഇടപെടലിന് ഓപ്പണ്‍ഫോറവും ചര്‍ച്ചയും സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ, ഇനി നടപ്പാക്കേണ്ട പദ്ധതികൾ എന്നിവ സംബന്ധിച്ച് വികസന സദസ്സില്‍ പൊതുജനങ്ങൾക്ക് അഭിപ്രായവും നിര്‍ദേശങ്ങളും അവതരിപ്പിക്കാം. ജനകീയ ഇടപെടലിന് ഓപ്പണ്‍ ഫോറവും ചര്‍ച്ചയും ഉണ്ടാകും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനത്തിൽ പരിഗണിക്കും. കെ സ്മാര്‍ട്ട് ക്ലിനിക്ക് സജ്ജമാക്കും സ്ത്രീകളും യുവാക്കളുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തി ജനപങ്കാളിത്തത്തോടെയാണ് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ക്ക് പുറമെ വിശിഷ്ട വ്യക്തികള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവർ എന്നിവരും പങ്കാളികളാകും. പൊതുജനങ്ങള്‍ക്ക് കെ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ക്ലിനിക്കും സജ്ജമാക്കും. വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും ഉണ്ടാകും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കിയവരെയും ഹരിതകര്‍മ സേന പ്രവര്‍ത്തകരെയും ആദരിക്കും. ഒക്ടോബര്‍ 20ന് മുന്പ് ജില്ലയിൽ വികസന സദസ്സുകൾ പൂർത്തിയാക്കും. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, തദ്ദേശ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഷാജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments