മുമ്പേ ചിറകുവിരിച്ച ചിറക്കൽ

ജിഎംയുപി സ്കൂൾ കാട്ടാമ്പള്ളി
avatar
സുപ്രിയ സുധാകർ

Published on Aug 09, 2025, 03:00 AM | 2 min read

കണ്ണൂർ

എൽപി ഡിവിഷനിലെ 16 ക്ലാസ്‌മുറികളിലും അധ്യാപകർക്ക്‌ മൊബൈലിൽ പ്രവർത്തിപ്പിക്കാവുന്ന സ്‌മാർട്‌ ടിവി. യുപി വിഭാഗത്തിലെ പത്ത്‌ ക്ലാസുകളിലും ലാപ്‌ടോപ്‌ പ്രൊജക്ടർ, എയർകണ്ടീഷൻ ചെയ്‌ത കംപ്യൂട്ടർ ലാബ്‌, സ‍ൗരോർജ പാനലുകൾ, സ്‌മാർട്‌ ബെൽ സിസ്‌റ്റവും അനൗൺസ്‌മെന്റും. ഇത്​ ഏതെങ്കിലും സ്വകാര്യ സ്​കൂളിലെ വിശേഷങ്ങളല്ല. ചിറക്കൽ പഞ്ചായത്തിന്റെ ചിറകിലേറി പശ്‌ചാത്തല സൗകര്യത്തിലും അക്കാദമിക്‌ രംഗങ്ങളിലും മുന്നേറിയ കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്‌കൂളിലെ കാഴ്​ചയാണിത്​. എല്ലാ നിലകളിലും ടോയ്‌ലറ്റ്‌ –-ബാത്ത്‌റൂം സൗകര്യം ഒരുങ്ങിക്കഴിഞ്ഞു​. ടെൻ സ്‌റ്റാർ പദവി നേടിയ ഇ‍ൗ ഹരിതവിദ്യാലയത്തിൽ ഓരോ ക്ലാസിലും പ്രത്യേക ലൈബ്രറിയുണ്ട്​. പ്രീപ്രൈമറി ക്ലാസുൾപ്പെടെ 800 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ സുരക്ഷയ്‌ക്ക്​ പ്രാധാന്യം നൽകിയാണ്​ നിർമാണം. പഞ്ചായത്തിനൊപ്പം സർക്കാരിന്റെയും എംഎൽഎയുടെയും ഫണ്ടുകളും എത്തിയപ്പോൾ ജില്ലയിലെ തന്നെ മികച്ച സ്​കൂളെന്ന പദവിയിലേക്കാണിവർ ചുവടുവയ്​ക്കുന്നത്​​. കിഫ്‌ബിയിൽ അനുവദിച്ച രണ്ടുകോടി ഉപയോഗിച്ച്‌ ഒമ്പത്‌ ക്ലാസ്‌ മുറികളുള്ള കെട്ടിടനിർമാണം പൂർത്തിയായി. ഒരുകോടി രൂപ ചെലവിൽ ആധുനിക ഓഡിറ്റോറിയം നിർമിക്കാനൊരുങ്ങുന്നു. പഞ്ചായത്തിലെ മറ്റു 15 സ്‌കൂളുകൾക്കും ഓരോ വർഷവും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി ഫർണിച്ചറും ടോയ്‌ലറ്റും നൽകുന്നുണ്ട്‌. മുറ്റം ഇന്റർലോക്കിടാനുള്ള പദ്ധതിയും പഞ്ചായത്തിനുണ്ട്‌. ​ചിറക്കൽ മാതൃക ​രാജ്യത്ത്​ ആദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ കമ്യൂണിസ്റ്റ് പാർടി അധികാരത്തിൽ വന്ന ചിറക്കൽ പഞ്ചായത്ത്​ വികസന പദ്ധതികൾക്ക്​ സംസ്ഥാനത്തിനും വഴികാട്ടിയാണ്​. ഇത്തരത്തിലൊരു പദ്ധതിയാണ്​ വയോജന ഉല്ലാസയാത്ര. പഞ്ചായത്തിന്റെ മുൻകൈയിൽ യാത്ര നടത്തിയപ്പോൾ അനുകൂലവും പ്രതികൂലവുമായി സംസ്ഥാനത്തൊട്ടാകെ പ്രതികരണങ്ങളുണ്ടായി. വാർധക്യത്തിൽ വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ വിഷമതകൾ പഞ്ചായത്ത്‌ കൃത്യമായി വിവരിച്ചു നൽകി. യാത്ര അഞ്ചുവർഷം പിന്നിടുമ്പോൾ ഡിപിസിയുടെ അംഗീകാരവും നേടിയെടുത്തു. ഇത്തവണ ഊട്ടിയിലേക്ക്‌ മൂന്നു ദിവസത്തെ യാത്രയ്‌ക്കാണ്‌ തയ്യാറെടുക്കുന്നത്‌. പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളെയും ചേർത്ത്​ വയോജനസംഗമവും നടത്താനൊരുങ്ങുകയാണ്. ​പാലിയേറ്റീവ്‌ കെയർ ​ ​പിഎച്ച്‌സിക്കൊപ്പമുള്ള പാലിയേറ്റീവ്‌ കെയറിനൊപ്പം ആയുർവേദ പാലിയേറ്റീവ്‌ കെയറും നന്നായി നടക്കുന്ന പഞ്ചായത്താണ്‌ ചിറക്കൽ. ഡോക്ടറും സിസ്‌റ്റർമാരും വീട്ടിലെത്തി പരിചരണം നൽകുന്നു. അർബുദം, വൃക്ക രോഗം എന്നിവർക്കുള്ള മരുന്ന്‌ എല്ലാ മാസവും സൗജന്യമാണ്​. ഡയാലിസിസ്‌ രോഗികൾക്കുള്ള ഡയാലിസസറും സൗജന്യമായി നൽകുന്നു. മൃതദേഹം കുളിപ്പിക്കാനുള്ള സൗകര്യമില്ലായ്‌മ നാട്ടുകാരുടെ പ്രധാന പ്രശ്‌നമാണ്‌. ഇതിനായി പഞ്ചായത്ത്‌ ഡെത്ത്‌ടെന്റ്‌ ഒരുക്കുകയാണ്‌. സാംസ്‌കാരിക സ്ഥാപനവുമായി ചേർന്ന്‌ ടെന്റുകൾ നൽകി ആവശ്യമുള്ളവർക്ക്‌ നൽകുകയെന്നതാണ്‌ പദ്ധതി. ​കുട്ടികൾക്കായി തിയേറ്റർ ​കുട്ടികളിലെ കലാവാസന ഉത്തേജിപ്പിക്കാനായാണ്‌ കഴിഞ്ഞ വർഷം ശിൽപ്പശാല സംഘടിപ്പിച്ചത്‌. മികച്ച പ്രതികരണമാണ്‌ കുട്ടികളിൽനിന്നും ലഭിച്ചത്‌. ഫോക്‌ലോർ അക്കാദമി കേന്ദ്രീകരിച്ച്‌ സ്ഥിരം സവിധാനമായി കുട്ടികളുടെ തിയറ്റർ ഒരുക്കാനും പദ്ധതിയുണ്ട്‌. ​അങ്കണവാടിയിൽ ഡ്രൈ ഫ്രൂട്ട്​ ​അങ്കണവാടികൾ വഴി ബിരിയാണി മാത്രമല്ല പഞ്ചായത്തിന്റെ വകയായി ഉണക്കപ്പഴങ്ങളും കുട്ടികൾക്ക്‌ ലഭിക്കും. കൗമാരപെൺകുട്ടികൾ, ഗർഭിണികൾ എന്നിവർക്കും പോഷകാഹാരത്തിനൊപ്പം വിതരണം ചെയ്യും. ഡോക്ടറുടെ നിർദേശപ്രകാരം ഓരോരുത്തർക്കും നൽകേണ്ട അളവിൽ ഉണക്കപഴങ്ങൾ പഞ്ചായത്ത്‌ നൽകും. അങ്കണവാടി കലോത്സവവും ഭിന്നശേഷി കലോത്സവവും അഞ്ചുവർഷമായി ജനങ്ങളുടെ ആഘോഷമായി നടത്തുന്നു. ഭിന്നശേഷി കുട്ടികൾക്ക്‌ മാത്രമല്ല പഞ്ചായത്തിലെ മുഴുവനാളുകൾക്കും സ്‌കോളർഷിപ്‌. ഉപകരണങ്ങൾ, ലാപ്‌ടോപ്‌ എന്നിവയും നൽകുന്നുണ്ട്‌. ​​മാലിന്യസംസ്‌കരണം കിടിലൻ ​മാലിന്യനിക്ഷേപകേന്ദ്രമായ നീരൊഴുക്കുംചാലിലെ 40 സെന്റ്‌ സ്ഥലം ശുചീകരിച്ചു. പുതിയതെരുവിലെ പാർക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനായി പാർക്കിങ്ങോടുകൂടിയ ബെയ്‌ലിങ് യൂണിറ്റാണ്‌ സ്ഥാപിക്കുന്നത്‌. പഞ്ചായത്തിൽ ആധുനിക വാതക ശ്‌മശാനം സ്ഥാപിക്കാനുള്ള പ്രവർത്തനത്തിലാണ്‌ പഞ്ചായത്ത്‌. ​



deshabhimani section

Related News

View More
0 comments
Sort by

Home