ഇതാ സഹപാഠികളുടെ അനന്യ സ്‌നേഹം

സഹപാഠികൾ അനന്യയ്ക്ക് നിർമിച്ചുനൽകുന്ന വീട്

സ്വന്തം ലേഖകൻ
Published on Oct 25, 2025, 02:30 AM | 1 min read
ചക്കരക്കൽ
ജന്മനാ കാഴ്ചപരിമിതിയും ചലനപ്രശ്നങ്ങളും നേരിടുന്ന വാരം സിഎച്ച്‌എം ഹയർസെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥി കെ അന്യന്യയ്ക്ക് സഹപാഠികൾ സ്നേഹവീടൊരുക്കി. താക്കോൽ കൈമാറൽ ശനി രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. സിഎച്ച്എം ഹയർ സെക്കൻഡറിയുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘സഹപാഠിയ്ക്കൊരു പാർപ്പിടം സ്നേഹവീട് 'പദ്ധതിയിൽപെടുത്തി വിദ്യാർഥികളും അധ്യാപകകരും ജീവനക്കാരുംചേർന്നാണ് വീടൊരുക്കിയത്. അനന്യയുടെ വീട് ജീർണാവസ്ഥയിലായിരുന്നു. മികച്ച ഗായിക കൂടിയാണ് ഇൗ മിടുക്കി. ചെറുപ്രായത്തിലേ സംഗീതം ജീവശ്വാസമായിരുന്നു. വെള്ളം സിനിമയിൽ അനന്യ പാടിയ ‘പുലരിയിലച്ചന്റെ തൊടുവിരലെന്നപോൽ' എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. എട്ടാം തരത്തിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ വർഷം ഉപ ജില്ലാ കലോത്സവത്തിൽ സംസ്കൃതം ഗാനാലാപനം, സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. രണ്ട് ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഈ അധ്യയന വർഷം മുതൽ ഏഴാംതരത്തിലെ വിദ്യാർഥികൾക്കായി നടത്തുന്ന സിഎച്ച്എം ടാലന്റ് പ്രോഗ്രാം, എട്ടാം തരത്തിൽ പഠിക്കുന്ന പ്രതിഭകളെ കണ്ടെത്തി ഉപരിപഠനം, കരിയർ, വ്യക്തിത്വം തുടങ്ങിയവ വികസിപ്പിക്കാൻ ഉതകുന്ന എഡോലീവ് പദ്ധതി, സ്‌കിൽ സെന്റർ എന്നിവയുടെ പ്രഖ്യാപനവും സ്‌പീക്കർ ശനിയാഴ്‌ച നിർവഹിക്കും. വാർത്താസമ്മേളനത്തിൽ പ്രധാനാധ്യാപകൻ പി പി സുബൈർ, മാനേജർ ഡി വി മുഹമ്മദ്, കെ പി വിനോദ്കുമാർ, പിടിഎ പ്രസിഡന്റ് അബ്ദുറഹിമാൻ, ഡോ. ടി പി അബ്ദുൽഖാദർ എന്നിവർ പങ്കെടുത്തു.









0 comments