ഭയന്ന്‌ പിന്മാറില്ലെന്ന്‌ ഉറപ്പിച്ച കാലം

ഇ പി ജയരാജൻ
avatar
രാഗേഷ്‌ കായലൂർ

Published on Jun 25, 2025, 02:30 AM | 1 min read

കണ്ണൂർ

പൊലീസ്‌ കിരാതവാഴ്‌ചയ്‌ക്കെതിരെ പോരാടിയതിന്‌ ആറുമാസത്തിലധികം തലശേരി സബ്‌ജയിലിൽ കഴിയേണ്ടിവന്നതുൾപ്പെടെയുള്ള ഓർമകളാണ്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‌ അടിയന്തരാവസ്ഥയെക്കുറിച്ചുള്ളത്‌. പ്രതിഷേധിച്ചാൽ പിടികൂടുമെന്നും മർദിക്കുമെന്നും ജയിലിലടക്കുമെന്നും അറിഞ്ഞുതന്നെയാണ്‌ അർധഫാസിസത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയത്‌. കോൺഗ്രസ്സുകാർ കുത്തിക്കൊലപ്പെടുത്തിയ കെഎസ്‌വൈഎഫ്‌ ചാത്തമല യൂണിറ്റ്‌ സെക്രട്ടറി സുകുമാരന്റെ രത്സാക്ഷി ദിനാചരണത്തിന്‌ കുടിയന്മലയിലെത്തിയപ്പോഴാണ്‌ അറസ്‌റ്റ്‌. അന്ന്‌ കെഎസ്‌വൈഎഫ്‌ ജില്ലാ സെക്രട്ടറിയായിരുന്നു. കുടിയാന്മലയിലെ കെ എം ജോസഫിന്റെ വീടുവളഞ്ഞാണ്‌ എന്നെയും എം വി ഗോവിന്ദനെയും ജോസഫ്‌, മാത്യു എന്നിവരെയും അറസ്‌റ്റുചെയ്‌ത്‌. നേരെകൊണ്ടുപോയത്‌ ശ്രീകണ്‌ഠപുരം പൊലീസ്‌ സ്‌റ്റേഷൻ ലോക്കപ്പിലേക്ക്‌. പൊലീസുകാരനായ ഏട്ടൻ ഭാർഗവൻ അന്ന്‌ ശ്രീകണ്‌ഠപുരം സ്‌റ്റേഷനിലായിരുന്നു. എന്നെ അറസ്‌റ്റുചെയ്‌ത്‌ സ്‌റ്റേഷനിലെത്തിച്ചതോടെ ഏട്ടന്‌ അവധിയെടുത്ത്‌ പോകേണ്ടിവന്നു. സിപിഐ എം ലോക്കൽകമ്മിറ്റിയംഗവും ബാങ്ക്‌ ജീവനക്കാരനുമായ ഏട്ടൻ ജനാർദനനെയും അടിയന്തരാവസ്ഥയിൽ അറസ്‌റ്റുചെയ്‌തു. ഞങ്ങൾ രണ്ടുപേരും ജയിലിലായത്‌ യാഥാസ്ഥിതിക കോൺഗ്രസ്സുകാരനായ അച്ഛനെ വല്ലാതെ പ്രയാസപ്പെടുത്തി. ജയിൽ, കോടതി, ശിക്ഷ എന്നതൊക്കെ അച്ഛന്‌ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. മക്കളുടെ ജീവിതം ആകെ തുലഞ്ഞുപോയെന്ന നിരാശയിലായിരുന്നു അച്ഛൻ. പൊലീസിന്റെ ഹിറ്റ്‌ ലിസ്‌റ്റിലുള്ള നേതാക്കളെ ഒളിവിൽ താമസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ജില്ലയിലെ യുവജനപ്രസ്ഥാനത്തിന്റെ ചുമതലക്കാരനെന്നനിലയിൽ സജീവമായി ഇടപെട്ടു. എം വി രാഘവൻ കുറേദിവസം എന്റെ വീട്ടിൽ ഒളിവിൽകഴിഞ്ഞു. അച്ഛൻ അറിയപ്പെടുന്ന കോൺഗ്രസുകാരനായതിനാൽ വീട്ടിൽ പൊലീസ്‌ തെരച്ചിൽ നടത്തില്ലെന്ന്‌ ഉറപ്പുള്ളതിനാലാണ്‌ അച്ഛൻ അറിയാതെ നേതാക്കളെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചത്‌. എങ്കിലും എന്നെ അന്വേഷിച്ച്‌ വീട്ടിൽ പൊലീസ്‌ എത്താതിരിക്കാൻ കണ്ണൂർ നഗരത്തിലുൾപ്പെടെ പൊലീസിന്റെ കൺവെട്ടത്തുതന്നെ സജീവസാന്നിധ്യമായി പ്രവർത്തിച്ചു. വിദ്യാർഥി–- യുവജന പ്രവർത്തകരെ ജയിലിലടച്ച്‌ മനോവീര്യം തകർത്ത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയെ തകർക്കുകയെന്ന ലക്ഷ്യമായിരുന്നു കോൺഗ്രസ്‌ സർക്കാരിന്‌. അറസ്‌റ്റിലാകുംമുമ്പ്‌ എ കെ ജിയും സുശീലാ ഗോപാലനും പങ്കെടുത്ത പ്രതിഷേധയോഗത്തിലും ചടയൻ ഗോവിന്ദൻ, സി കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽനടന്ന പ്രതിഷേധ പ്രകടനത്തിലും പങ്കെടുത്തു. കണ്ണൂരിലെ പ്രകടനത്തിനിടെയാണ്‌ എസ്‌പി തോമസും പുലിക്കോടൻ നാരായണനുൾപ്പെടെയുള്ള പൊലീസുകാരും ചേർന്ന്‌ ഭീകരമായി മർദിച്ചത്‌. തലപൊട്ടി രക്തം വാർന്ന്‌ ബോധം നശിച്ചു. എന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതെ ലോക്കപ്പിലിട്ടു. ഒടുവിൽ നേതാക്കളെത്തി പ്രതിഷേധിച്ചതോടെയാണ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home