മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും കോടിയേരി ദിനം 1ന്


സ്വന്തം ലേഖകൻ
Published on Sep 16, 2025, 02:30 AM | 2 min read
തലശേരി
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ മൂന്നാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഒക്‌ടോബർ ഒന്നിന് തലശേരിയിൽ ചേരുന്ന അനുസ്‌മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സംസാരിക്കും. രാവിലെ കണ്ണൂർ പയ്യാന്പലത്തെ കോടിയേരി സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും വൈകിട്ട് തലശേരി ടൗണിൽ ബഹുജന പ്രകടനവും വളന്റിയർമാർച്ചുമുണ്ടാകും. കോടിയേരി – സി എച്ച് കണാരൻ ചിരസ്‌മരണയുടെ ഭാഗമായി ഒക്ടോബർ നാലുമുതൽ വിവിധ കേന്ദ്രങ്ങളിൽ സെമിനാർ നടക്കും. കോടിയേരി നോർത്തിലെ മൂഴിക്കരയിൽ നാലിന് ചേരുന്ന മാധ്യമസെമിനാറിൽ കേന്ദ്രകമ്മിറ്റി അംഗം ജോൺബ്രിട്ടാസ്, ടി എം ഹർഷൻ എന്നിവർ സംസാരിക്കും. 11ന് തലശേരി കോടിയേരി ബാലകൃഷ്‌ണൻ ടൗൺഹാളിൽ തലശേരി പെരുമ സാംസ്‌കാരികോത്സവം. കെ ടി ജലീൽ എംഎൽഎ, അഡ്വ. സി ഷുക്കൂർ എന്നിവർ സംസാരിക്കും. 12ന് പുന്നോലിൽ കലോത്സവം നടൻ പി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. പുരോഗമന കലാസാഹിത്യസംഘവും എസ്‌എഫ്‌ഐയും ബാലസംഘവും ചേർന്നാണ് ഏരിയാതല കലോത്സവം സംഘടിപ്പിച്ചത്. 15ന് കുട്ടിമാക്കൂലിൽ ‘ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും’ സെമിനാറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ സംസാരിക്കും. 16ന് പൊന്ന്യത്ത് ‘സ്‌ത്രീ ശാക്തീകരണവും കേരള വികസനവും’ സെമിനാറിൽ മന്ത്രി പി രാജീവ്, എ ജി ഒലീന എന്നിവർ സംസാരിക്കും. സി എച്ച് കണാരൻ ചരമദിനമായ ഒക്ടോബർ 20ന് രാവിലെ പുന്നോലിലെ സി എച്ച് സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന. വൈകിട്ട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തിന്റെകൂടി ഭാഗമായി കണ്ണൂരിൽ ബഹുജനറാലി.
മണിക് സർക്കാർ ഉദ്‌ഘാടനംചെയ്യും കോടിയേരി സ്‌മൃതി സെമിനാർ 20ന് ചൊക്ലിയിൽ
ചൊക്ലി
കോടിയേരി ചരമദിനത്തോടനുബന്ധിച്ച് 20ന് ചൊക്ലിയിൽ കോടിയേരി സ്‌മൃതി സെമിനാർ സംഘടിപ്പിക്കും. രാവിലെ 10ന് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ ഉദ്‌ഘാടനംചെയ്യും. സ്‌പീക്കർ എ എൻ ഷംസീർ കോടിയേരി അനുസ്‌മരണ പ്രഭാഷണം നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സംസാരിക്കും. പകൽ 11.30ന് ‘ഭരണഘടന: വർത്തമാനവും ഭാവിയും’ വിഷയം ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി അവതരിപ്പിക്കും. പകൽ 2ന് ആരംഭിക്കുന്ന രണ്ടാമത്തെ സെഷനിൽ ‘വിദ്യാഭ്യാസരംഗത്തെ സമകാലിക വെല്ലുവിളികൾ’ വിഷയം മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അവതരിപ്പിക്കും. ആയിരത്തോളംപേർ സെമിനാറിൽ പങ്കെടുക്കും.









0 comments