ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമാണ കരാർ
കിടഞ്ഞി-- തുരുത്തിമുക്ക് പാലംപണി ഉടൻ തുടങ്ങും

കിടഞ്ഞി- തുരുത്തിമുക്ക് പാലത്തിന്റെ സ്പാൻ ബോസ്ട്രിങ് ആർച്ച് മാതൃക ചിത്രം

സ്വന്തം ലേഖകൻ
Published on Sep 18, 2025, 02:15 AM | 1 min read
പാനൂർ
കരിയാട് കിടഞ്ഞിയെയും കോഴിക്കോട് ജില്ലയിലെ എടച്ചേരിയെയും ബന്ധിപ്പിച്ച് മയ്യഴിപ്പുഴക്ക് കുറുകെ നിർമിക്കുന്ന കിടഞ്ഞി - തുരുത്തിമുക്ക് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. കിഫ്ബി പദ്ധതിയിൽ 15.17 കോടി രൂപ ഉപയോഗിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ– ഓപ്പ് സൊസൈറ്റിക്കാണ് നിർമാണ കരാർ. സാങ്കേതിക നടപടികൾ പൂർത്തിയായശേഷം അടുത്ത ദിവസം പ്രവൃത്തിയാരംഭിക്കും. ഇതോടെ കിലോമീറ്ററുകളോളം താണ്ടി പെരിങ്ങത്തൂർപാലം വഴിയോ, കാഞ്ഞിരക്കടവ് പാലം വഴിയോ കറങ്ങിത്തിരിഞ്ഞുപോകുന്ന പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിയാകും. 2019ൽ കെ കെ ശൈലജയുടെ ശ്രമഫലമായി കിഫ്ബിയിൽനിന്ന് ഫണ്ടനുവദിക്കുകയും, അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ തറക്കല്ലിടുകയും ചെയ്തിരുന്നു. ഊരാളുങ്കൽ സൊസൈറ്റി പാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി നടപ്പാക്കാൻ ഏറ്റെടുക്കേണ്ടിവരുന്ന അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് നടപടികളിൽ തടസ്സം വന്നതോടെ പ്രവൃത്തി പാതിയിൽ മുടങ്ങി. അന്നത്തെ കരാർ പ്രകാരം നിലവിൽ ഏഴുശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പുതിയ കരാറിൽ കിടഞ്ഞിഭാഗത്ത് 175 മീറ്ററും എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും ഇതോടെ നിർമിക്കും. മേഖലയിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കെ പി മോഹനൻ എംഎൽഎയുടെ ഇടപെടലുകൾക്കൊടുവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. 205 മീറ്റർ നീളമുള്ള പാലം സ്പാൻ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്.









0 comments