ചിറ്റാരിപ്പറന്പിൽ 
വികസന വെളിച്ചം

മന്ത്രി എം ബി രാജേഷിൽനിന്ന്‌  ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ  മഹാത്മ പുരസ്കാരം സ്വീകരിക്കുന്നു
avatar
രവീന്ദ്രൻ കോയിലോട്

Published on Sep 08, 2025, 02:30 AM | 2 min read

കൂത്തുപറമ്പ്

കിഴക്കൻ മലയോരത്തിലേക്കുള്ള പ്രവേശന കവാടമായ കാടുംമലയും നിറഞ്ഞ ചിറ്റാരിപ്പറമ്പ് ബ്രിട്ടീഷുകാരോട്‌ ഏറ്റുമുട്ടി വീരേതിഹാസം രചിച്ച കുറിച്യ പോരാളികളുടെ ഓർമകളിരമ്പുന്ന കണ്ണവം മലനിരകളടങ്ങിയ ദേശമാണ്‌. പ്രകൃതി സൗന്ദര്യവും കാർഷിക മേഖലയിലെ പദ്ധതികളുമാണ്‌ പഞ്ചായത്തിനെ വേറിട്ടതാക്കുന്നത്‌. കേരഗ്രാമം, തേൻഗ്രാമം, വാഴഗ്രാമം പദ്ധതികളിലൂടെ വൻ വികസനമാണ്‌ പഞ്ചായത്തിലുണ്ടായത്‌. കേരഗ്രാമം പദ്ധതിയിലൂടെ 250 ഹെക്ടറിൽ തെങ്ങ് കൃഷി വ്യാപിപ്പിച്ചു. ഇതിലടെ കാർഷികവരുമാനം വർധിപ്പിക്കാനായി. ഇടവിള കൃഷിയിൽ സ്വയം പര്യാപ്തതയുംനേടി. തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച നടപ്പാക്കലിലൂടെ 2023–24 വർഷത്തെ മഹാത്മ പുരസ്കാരത്തിന്‌ പഞ്ചായത്ത്‌ അർഹമായി. 20 കോൺക്രീറ്റ് റോഡുകളാണ്‌ ഇതിലൂടെ നിർമിച്ചത്‌. കഴിഞ്ഞ വർഷത്തെ പ്രളയം ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ഏതാനും പ്രദേശങ്ങളിൽ വൻനാശം വിതച്ചിരുന്നു. ദുരിതബാധിതരെ ചേർത്തുപിടിച്ച പഞ്ചായത്ത്‌‍, സർക്കാർ സഹായം ലഭ്യമാക്കാനും ഇടപെട്ടു. വർഷങ്ങളുടെ കാത്തിരിപ്പിന്‌ അവസാനംകുറിച്ച്‌ വട്ടോളി പാലം തുറന്നുനൽകിയതിലൂടെ പഞ്ചായത്തിന്റെ സമഗ്ര വികസനം യാഥാർഥ്യമായി. ബ്ലോക്ക് –ജില്ലാ പഞ്ചായത്ത് സഹായത്തോടെ ഇടുമ്പ, കൊട്ടറ, കാവിൻമൂല എന്നിവിടങ്ങളിൽ നീന്തൽകുളം യാഥാർഥ്യമാക്കി. സ്വന്തം കെട്ടിടമൊരുക്കിയതിലൂടെ അങ്കണവാടികളെല്ലാം ശിശുസൗഹൃദമായി. മുഴുവൻ പ്രധാനറോഡുകളും റീടാറിങ്ങിലൂടെ ഗതാഗത യോഗ്യമാക്കി. ജലക്ഷാമം രൂക്ഷമായിരുന്ന കണ്ണവംതെരു, യുടിസി പട്ടികവർഗ ഉന്നതികളിൽ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു. ഇരട്ടക്കുളങ്ങരയിലും അമ്പയക്കാടും വനിത ഫിറ്റ്നസ് സെന്ററുകൾ സജ്ജമായി. ലൈഫിലുൾപ്പെടുത്തി 126 കുടുംബങ്ങൾക്ക് വീടൊരുക്കി. അന്തർസംസ്ഥാന പാതയിലെ പൂവത്തിൻ കീഴിലും കണ്ണവത്തും വഴിയോര വിശ്രമകേന്ദ്രംസ്ഥാപിച്ചു. ആദിവാസി മേഖലയിലെ വിദ്യാർഥികൾക്കായി പ്രത്യേക വോളിബോൾ പരിശീലനവും പഠനമുറിയുമൊരുക്കി. മുഴുവൻ വാർഡുകളിലും ലൈബ്രറി സൗകര്യവും പഞ്ചായത്തിന്റെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്‌.

സർവ മേഖലയിലും 
കുതിപ്പ്‌

പശ്ചാത്തല വികസനം, കാർഷിക മേഖല, സേവമേഖല രംഗങ്ങളിൽ വൻ മാറ്റമാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിനുണ്ടായത്. ജില്ല - ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ, എംഎൽഎയുടെ ആസ്തവികസന ഫണ്ട്, കെഎസ്ടിപി എന്നിവയിലൂടെ വൻ വികസനം യാഥാർഥ്യമായി. പ്രധാന ടൗണുകൾ ശുചിത്വ ടൗണാക്കി, ചെടികൾനട്ട്‌ മനോഹരമാക്കി ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ആദിവാസി ഉന്നതികളിൽ പരിഹരിക്കാതെ കിടന്നിരുന്ന അടിസ്ഥാന പ്രശ്നങ്ങളെല്ലാം ഏതാണ്ട്‌ പരിഹരിച്ചു. വി ബാലൻ പ്രസിഡന്റ്, ചിറ്റാരിപ്പറമ്പ്‌ പഞ്ചായത്ത്

അഭിമാന 
നേട്ടം

അഭിമാനകരമായ നേട്ടങ്ങളാണ് അഞ്ച് വർഷത്തിനിടെ ചിറ്റാരിപ്പറമ്പ്‌ സ്വന്തമാക്കിയത്‌. വട്ടോളി പാലം യാഥാർഥ്യമായി. വയോജന വിശ്രമകേന്ദ്രവും സാംസ്കരിക നിലയവും ഉദ്ഘാടനത്തിനൊരുങ്ങി. അതിദരിദ്രർക്ക് വീട്, മരുന്ന്, ഉപജീവനമാർഗം എന്നിവയൊരുക്കി അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പട്ടികജാതി പട്ടികവർഗ മേഖലയിൽ സമഗ്ര വികസന പദ്ധതികൾ നടപ്പാക്കി. ആരോഗ്യ മേഖലയിലും മികച്ച മുന്നേറ്റമുണ്ടാക്കാനായി. ​സിജ രാജീവൻ വൈസ് പ്രസിഡന്റ്



Tags
deshabhimani section

Related News

View More
0 comments
Sort by

Home